കൈത്താക്കാലം രണ്ടാം ഞായര്‍ ഏശയ്യാ 4: 2-6 2, കോറി 3: 4-12 ലൂക്കാ 15: 11-32

” ഏതാണ് കൂടുതല്‍ ശോചനീയം? ഭക്ഷണമില്ലാത്തതിന്റെ വിശപ്പോ? അതോ യഥാര്‍ത്ഥ ഭക്ഷണമായ ദൈവവചനത്തില്‍ നിന്നകന്നതു കൊണ്ടുള്ള ആന്തരിക വിശപ്പോ?” ആരൊക്കെ ദൈവവചനത്തില്‍ നിന്നകലുന്നുവോ അവരെല്ലാം വിശക്കുന്നു. ആരെല്ലാം ദൈവീക ജ്ഞാനത്തില്‍ നിന്നകലുന്നുവോ അവരെല്ലാം നാശോന്മുഖരായിത്തീരുന്നു. പിതാവിന്റെ ഭവനത്തില്‍ നിന്നകന്ന ധൂര്‍ത്ത പുത്രന് ഇവയെല്ലാം വന്നുഭവിച്ചു: – മിലാനിലെ വി. ആംബ്രോസ്-

ഈശോമിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരെ,

പാതിവഴിയില്‍ തിരിച്ച് നടക്കുക എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ദുരന്തം തന്നെയാണ് എന്നാല്‍ ഒരു തരത്തില്‍ ചിന്തിച്ചാല്‍ വഴിതെറ്റിയെന്നുള്ള തോന്നലും തിരിച്ചുനടപ്പും വലിയ ഭാഗ്യവുമാണ്. ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത്, വഴി തെറ്റിയവന്റെ ഭവനത്തിലേക്കുള്ള തിരിച്ചു നടപ്പാണ്. ലോകസാഹിത്യത്തില്‍ പോലും ഇതിനു സമാനമായ ഒരു കഥയില്ലെന്ന് വിശ്വകഥാകാരനായ ടോള്‍ സ്റ്റോയി സാക്ഷ്യപ്പെടുത്തിയത്. പിതാവിന്റെ രണ്ടു പുത്രന്മാരില്‍ ഇളയവന്‍ ഓഹരിയും വാങ്ങി വീടുവിട്ടിറങ്ങിപ്പോയതില്‍ നിന്നാണ് ഉപമയുടെ ആരംഭം. നഷ്ടപ്പെട്ടവയെ സംബന്ധിക്കുന്ന മൂന്നുപമകളില്‍ ഒന്നാണിതെങ്കിലും വായനകാര്‍ക്ക് ഒരു ഹൃദയബന്ധം ഈ ഉപമയോട് തോന്നുക സ്വഭാവികം. കാരണം ഈ ഉപമ ജനിക്കുന്നതും പതിക്കുന്നതും ഹൃദയത്തിലാണ്.

മനുഷ്യരുടെ പരസ്പരമുള്ള ബന്ധത്തെക്കുറിച്ചാണ് ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതെങ്കിലും, ഈ ഉപമ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് സ്‌നേഹനിധിയായ ദൈവത്തിന്റെ അടുക്കലും. സ്‌നേഹം നിറഞ്ഞ ഹൃദയവുമായി കാത്തിരിക്കുന്ന പിതാവ് ഊ ഉപമയിലുടനീളം നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ്. ചുറ്റുമുള്ളവര്‍ അകന്നു പോകുമ്പോഴും പിതാവിന്റെ സ്‌നേഹത്തിലും സ്വഭാവത്തിലും മാത്രം മാറ്റമില്ല. അവന്‍ എന്നും കാത്തിരിക്കുന്നവന്‍ തന്നെയാകുന്നു.

നേട്ടങ്ങളില്‍ മതിമറക്കുന്നവരാണ് ധൂര്‍ത്തപുത്രര്‍. സ്‌നേ ഹത്തെ തിരിച്ചറിയാതെ പോകുന്നവനാണ് മനുഷ്യന്‍ എന്ന്, മനുഷ്യസ്വഭാവത്തെ നിര്‍വചിക്കാന്‍ തക്കവിധം ശക്തമാണ് ഈ ഉപമ. പിതാവിന്റെ ഓഹരി സ്വന്തമാക്കിയ ഇളയമകനും ഹൃദയം സ്വന്തമാക്കിയെന്നഭിമാനിക്കുന്ന മൂത്തമകനും കാണാതെ പോകുന്നത് സ്‌നേഹം മാത്രമാണ്. ഇരുവരും കണ്ടത് ഓഹരിയും വയലും അദ്ധ്വാനവും മാത്രം. മനുഷ്യരുടെ ചിന്ത ഇന്നും അങ്ങനെയാണ്. ചിലര്‍ ലക്ഷ്യമിടുന്നത് ദൈവം നല്കുന്ന അനുഗ്രഹങ്ങള്‍, മറ്റുചിലര്‍ സഹനങ്ങള്‍ നല്കുന്ന ദൈവത്തെ കുറ്റപ്പെടുത്തി ഇറങ്ങിപ്പോകുന്നു. ഇരുകൂട്ടരെയും കാത്തിരിക്കുന്ന സ്‌നേഹമായി ദൈവം മാറുന്നു.

രണ്ടാം വായനയില്‍ ഏശയ്യാ പ്രവാചകന്‍ അറിയിക്കുന്നതും തിരിച്ചുവരവിനെക്കുറിച്ചാണ്. സ്‌നേഹമായി മാറി നമ്മെ കാത്തിരിക്കുന്ന പിതാവിലേക്കുള്ള തിരിച്ചുവരവ്. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തോട് മത്സരിച്ച് അരാജകത്വത്തിന്‍ കീഴിലായ ജനത്തോട് പ്രവാചകന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിലേക്ക് തിരിയുക എന്നാണ്. ദൈവമനുഷ്യബന്ധം ശിഥിലമാക്കുന്ന പ്രവൃത്തികള്‍ അവരുടെ ഇടയില്‍ ക്രമരാഹിത്യം സൃഷ്ടിച്ചെങ്കിലും ശിക്ഷയുണ്ടാകുമെങ്കിലും ശിഷ്ടവിഭാഗത്തിനുള്ള രക്ഷയിലൂടെ പ്രതീക്ഷ നിലനില്ക്കുന്നു. വാക്കിലും പ്രവൃത്തിയിലും ദൈവത്തോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് നമുക്കും പന്നിക്കുഴിയില്‍ നിന്നും പട്ടുവസ്ത്രത്തിലേക്ക് തിരികെ നടക്കാനാവൂ.

നിയമാവര്‍ത്തന പുസ്തകത്തില്‍ ഈ തിരിച്ച് നടപ്പ് സാധ്യമാകുന്നത് ദൈവനിയമങ്ങളും കല്പനകളും പാലിച്ച് ജീവിക്കുന്നതിലൂടെയാണ്. ഈജിപ്തിലെ പണിനിലങ്ങളും മരുഭൂമിയിലെ ദുരിതങ്ങളുമാകുന്ന പന്നിക്കുഴിയില്‍ നിന്നും ദൈവഭവനമാകുന്ന വാഗ്ദാന ദേശത്തേക്ക് നടക്കാന്‍ ഇസ്രായേല്‍ ജനത്തിന് നിയമങ്ങളും ദൈവകല്പനകളുടെ അനുസരണവും അനിവാര്യമായിരുന്നു. ഒരിക്കല്‍ വാഗ്ദാനഭൂമിയില്‍ പ്രവേശിച്ച് ഇസ്രായേല്‍ ജനത്തിന് നിയമങ്ങളും ദൈവകല്പനകളുടെ അനുസരണവും അനിവാര്യമായിരുന്നു. ഒരിക്കല്‍ വാഗ്ദാനഭൂമിയില്‍ പ്രവേശിച്ച് ഇസ്രായേല്‍ ജനം വീണ്ടും തങ്ങളുടെ ഓഹരിയും വാങ്ങി ദൈവത്തില്‍ നിന്നും തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ അവരോടാണ് വചനം പറയുന്നത്. നിങ്ങളുടെ ഭൂതകാലത്തെ സ്മരിക്കുക വീണ്ടും അനുസരണക്കേട് കാണിച്ച് പന്നിക്കുഴിയിലേക്ക് തിരികെ പോകാതിരിക്കുക എന്ന്.

അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറയുന്നത് ”സ്വന്തമായി എന്തെങ്കിലും മേന്മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല ഞങ്ങളുടെ യോഗ്യത ദൈവത്തില്‍ നിന്നാണ് (1കോറി 3:5) എല്ലാ മേന്‍മയും ദൈവത്തില്‍ നിന്നായതിനാല്‍ എന്താണ് നമുക്ക് അവകാശമായുള്ളത്. അവകാശങ്ങളൊന്നും ഇല്ലാത്തവന് എന്ത് ഓഹരിയാണ് ചോദിച്ച് വാങ്ങുവാനുള്ളത്. എല്ലാം ഞാന്‍ തനിയെ ഉണ്ടാക്കി, തന്റെ അദ്ധ്യാനത്തിന്റെ ഫലമാണിതൊക്കെയെന്ന് അഹങ്കാരത്തോടെ സംസാരിക്കുമ്പോള്‍ ഓര്‍ക്കുക നമ്മള്‍ ധൂര്‍ത്തപുത്രന് തുല്യരാകുകയാണ് .കണക്കുപറഞ്ഞ് വാങ്ങി ഞാന്‍ എനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് മനസിലാക്കാതെ ജീവിക്കുമ്പോള്‍ മുന്നില്‍ അധികം ദൂരെയല്ലാതെ കാണുന്ന പന്നിക്കുഴിയെക്കുറിച്ച് ജാഗ്രതയുള്ളത് നല്ലതാണ്. സ്‌നേഹിക്കുന്ന പിതാവിനെ തിരിച്ചറിയാതെയുള്ള നമ്മുടെ ഒറ്റയാന്‍ യാത്രയില്‍ നിന്നും തിരികെ നടക്കാനുള്ള സമയവും,അവസരവും ഇനിയും നമുക്ക് മുന്നിലുണ്ട്. ജോലിത്തിരക്കിന്റെയും എന്‍ട്രന്‍സ് കോച്ചിംഗിന്റെയും പേര് പറഞ്ഞ് ദൈവാലയത്തില്‍ വരാതെയും കുടുംബ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാതെയും വ്യക്തിപരമായ പ്രാര്‍ത്ഥനയില്ലാതെയും നാം ഓടി തീര്‍ക്കുമ്പോള്‍ നാം ധൂര്‍ത്തപുത്രനെപ്പോലെയാണ്. മറ്റുള്ളവരെ കുറ്റം പറഞ്ഞും ആസൂയയിലും പൊങ്ങച്ചത്തിലും ജീവിക്കുകയും ദൈവത്തെ ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുമ്പോള്‍ നാം മൂത്തപുത്രന് തുല്യമാണ്. സ്‌നേഹിക്കുന്ന ഒരു ദൈവം നമ്മെ കാത്തിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയേണ്ടയിരിക്കുന്നു.

തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം നമ്മെ സ്‌നേഹിച്ച നല്ല ദൈവം നമ്മെ കാത്തിരിക്കുന്ന ഭവനമാണ് ദൈവാലയം. ഇവിടെ ദൈവം സ്വയം ബലിയാടായി നമുക്ക് വിരുന്നൊരിക്കിയിരിക്കുന്നു. ഈ കുഞ്ഞാടിന്റെ ബലി വിരുന്നില്‍ നമുക്ക് പങ്കുചേരാം. പുറം തിരിഞ്ഞ് നടക്കുന്നവരാകാതെ, ദൈവത്തോടൊപ്പം ജീവിക്കുന്നവരാകാന്‍ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ജിന്‍സ് ജോസ് പുതുശ്ശേരിക്കാലായില്‍

Leave a Reply