യോഹ 14 -1 :14 ഉയര്‍പ്പ് മൂന്നാം ഞായര്‍ വഴിയും സത്യവും ജീവനും 

 ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോയുടെ ഉത്ഥാനം കേന്ദ്രമായുള്ള ആരാധനാവത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമായ ഉയിര്‍പ്പ്കാലത്തിന്റെ മൂന്നാം ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുകയാണ്. ഇന്നത്തെ ഒന്നാം വായനയില്‍ ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയുന്നത് എല്ലാവര്‍ക്കും രക്ഷയുണ്ട് എന്ന സത്യമാണ്. സാമ്പത്ത് ശരിയായി ആചരിക്കുകയും തിന്മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരും രക്ഷ പ്രാപിക്കുമെന്ന് പ്രവാചകന്‍ ഉദ്‌ഘോഷിക്കുന്നു. ഇങ്ങനെ ദൈവത്തിനു പ്രീതികരമായ രീതിയില്‍ ജീവിക്കുന്നവരുടെ ബലികള്‍ മാത്രമേ അവിടുത്തേയ്ക്ക് സ്വീകാര്യമാവുകയുള്ളു എന്ന് കൂട്ടിച്ചേര്‍ക്കുന്നു. ദൈവത്തെയും മനുഷ്യരേയും സ്‌നേഹിക്കുന്ന പരദേശി പോലും രക്ഷ പ്രാപിക്കുമെന്ന് ഏശയ്യാ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തുന്നു.

രണ്ടാമത്തെ വായനയില്‍ നടപടി പുസ്തകം അവതരിപ്പിക്കുന്നത് അപ്പസ്‌തോലന്മാരെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന രംഗമാണ്. ദൈവത്തിനോട് ചേര്‍ന്ന് ദൈവത്തിനു പ്രീതികരമായി ജീവിക്കുന്നവരെ വധിക്കുവാന്‍ യഹൂദര്‍ ആലോചിച്ചെങ്കിലും അതില്‍ നിന്നുണ്ടാകുന്ന അപകടത്തെ തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കുന്ന രംഗമാണ് നടപടി പുസ്തകത്തില്‍ നാം കണ്ടെത്തുക.

ഇന്നത്തെ ലേഖനഭാഗം പൗലോസ്ശ്ലീഹാ എഫേസൂസിലെ വിശ്വാസികളെ അഭിവാദനം ചെയ്യുന്ന ഭാഗമാണ്. യേശു ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ച വിജാതിയര്‍ക്കു ലഭിച്ച വിളിയുടെ രഹസ്യമാണ് ഇവിടെ അവതരിപ്പിക്കുക. രക്ഷ പ്രതീക്ഷിച്ച് കാത്തിരുന്ന യഹൂദ ജനതയും അതില്‍ നിന്നും അകന്നു കഴിഞ്ഞ വിജാതിയരും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കുമെന്ന് പൗലോസ് ശ്ലീഹാ പ്രഘോഷിക്കുന്നു.

മനുഷ്യന് ആകുലപ്പെടാനും വിഷമിച്ചിരിക്കാനും അനേകം കാരണങ്ങള്‍ ഇന്നുണ്ട്. ആധുനിക  ലോകം മനുഷ്യന് നല്‍കിയ ഏറ്റവും നല്ല സമ്മാനം ആകുലത എന്ന ഓമനപേരില്‍ നാം വിളിക്കുന്ന ടെന്‍ഷന്‍ ആണ്. ജീവിതത്തിന്റെ ഓരോ അവസ്ഥയിലൂടെയും കടന്നുപോകുന്നവര്‍ക്ക് ആകുലപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. ദാരിദ്ര്യത്തെക്കുറിച്ച്, രോഗത്തെക്കുറിച്ച്,മരണത്തെക്കുറിച്ച്, ജീവിതത്തിലെവിജയപരാജയങ്ങളെക്കുറിച്ച്, മാതാപിതാക്കള്‍ക്ക് മക്കളെക്കുറിച്ച്, മക്കള്‍ക്ക് മാതാപിതാക്കളെക്കുറിച്ച് അങ്ങനെ ഈ നിര നീണ്ടു പോകുന്നു. ഇതിനൊരു പരിഹാരം പറഞ്ഞുതരുന്നതാണ് ഇന്നത്തെ സുവിശേഷം. നമ്മുടെ ആകുലതകളില്‍ നമുക്കാശ്രയിക്കാവുന്ന ഓരേ ഒരു വ്യക്തി ഈശോ മാത്രമാണ്.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറയുന്നു; നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍. മനുഷ്യന് ഒരിക്കലും നിത്യമായ ആശ്വാസം മനുഷ്യനില്‍ തന്നെ കണ്ടെത്തുവാന്‍ സാധിക്കുകയില്ല. ഇവിടെയാണ് ഗുരുവിന്റെ സ്‌നേഹത്തില്‍ ആയിരിക്കുവാന്‍ അവന്‍/അവള്‍ ആഗ്രഹിക്കുന്നത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ  അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഇതിന്റെ ഉദാഹരണം കാണുന്നത് കാല്‍വരിയിലാണ് . വലതുവശത്ത് ക്രൂശിതനായ കള്ളനെ തന്റെ മരണവേദനയുടെ നിമിഷങ്ങളില്‍ പോലും ആശ്വസിപ്പിക്കുന്ന ഈശോ.

വിശ്വാസവും അമിതമായ ആകുലതയും ഒരുമിച് പോകില്ലന്നാണ് വി. യോഹന്നാന്‍ ശ്ലീഹാ നമ്മെ പഠിപ്പിക്കുക. വിശ്വസിക്കുന്നതുഴി ആകുലതകളെ ഇല്ലായ്മ ചെയ്യാന്‍ നമൂക്കു കഴിയും.  അസ്വസ്ഥതകളെ അതിജീവിക്കാനുള്ള ഏകവഴി വിശ്വാസമാണ്.

ദൈവത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ട് സുവിശേഷകന്‍ വ്യക്തമാക്കുന്നത് ദൈവത്തില്‍ ആശ്രയിക്കുക എന്നതാണ്. ദൈവപരിപാലനയില്‍ ആശ്രയിക്കുന്നവന്‍ ഒന്നിനെക്കുറിച്ചും അസ്വസ്ഥ നാകില്ല. കാരണം അവനെ നയിക്കുന്നത് ദൈവമാണ്. ദൈവപുത്രന്‍ പോലും അവന്റെ പീഡകളിലും അസ്വസ്ഥതകളിലും ആശ്രയിച്ചത് തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെയാണ്. അതുകൊണ്ട് സഹനങ്ങളില്‍ തളരാതെ, അതിനെ അതിജീവിക്കുവാന്‍ ഈശോയ്ക്ക് സാധിച്ചു. സഹനങ്ങളും പീഡകളും അസ്വസ്ഥതകളും ദൈവത്തെ ആശ്രയിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായാണ് വിശുദ്ധര്‍ കണ്ടിരുന്നത്. കൊച്ചുത്രേസ്യയും അല്‍ഫോസാമ്മയും മദര്‍തേരേസായുമെല്ലാം ഇപ്രകാരം ദൈവത്തില്‍ ആശ്രയിച്ചവരാണ്. വി. ഫ്രാന്‍സീസ് ഡി സാലസ് ഇപ്രകാരം പറയുന്നു; ‘എന്റെ ഭാവികാലം ഇനിയും എനിക്കൊരു പ്രശ്‌നവുമായിട്ടില്ല. അത് ദൈവപദ്ധതിയുടെ ഭാഗമാണ്. എന്റെ വര്‍ത്തമാനകാലം ദൈവപരിപാലനയാണ്. എന്റെ  ഭൂതകാലമോ ദൈവികകരുണയിലാണ്.’ എന്നെ സംബന്ധിച്ചും വിശുദ്ധന്റെ നിരിക്ഷണം അര്‍തഥപൂര്‍ണമാണ്. ദൈവത്തില്‍ ആശ്രയവും ശരണവും വച്ചാല്‍ മാത്രമേ ക്രിസ്തു ശിഷ്യനായി അസ്വസ്ഥതകളെ അതിജീവിക്കുവാന്‍ കഴിയൂ.

സുവിശേഷത്തിന്റെ രണ്ടാംഭാഗത്ത് യോഹന്നാന്‍ സുവിശേഷകന്‍ പറയുന്നത് ഈശോ നടത്തുന്ന ആറാമത്തെ സ്വയം പ്രഖ്യാപനമാണ്; ‘വഴിയും സത്യവും ജീവനും ഞാനാകുന്നു.’ ഈശോ ഇവിടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നുത് പിതാവിലേയ്ക്കുള്ള വഴിയായിട്ടാണ്. തന്നെ ദൈവപുത്രനായി കണകാക്കാത്ത യഹൂദരുടെ മുന്‍പില്‍ പിതാവിങ്കലേയ്ക്കുള്ള  ഒരേ ഒരു വഴി താന്‍ മാത്രമാണ് എന്നും  തന്നിലൂടെയല്ലാതെ ആരും  പിതാവിന്റെ പക്കലേയ്ക്ക് എത്തുന്നില്ല എന്നും വചനത്തിലൂടെ ഈശോ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.

വഴി എന്നത് ഒരിക്കലും ഒരു ലക്ഷ്യമല്ല. മറിച്ച് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഒരു ഉപാധിയാണ്. പിതാവായ ദൈവം ലോകത്തിനു നല്‍കിയ സത്യമാണ്, ജീവനാണ്, ഏകപുത്രനായ യേശു ക്രിസ്തു. അതേപോലെ പുത്രനായ ദൈവമാണ് പിതാവിനെ ഈ ലോകത്തിനു വെളിപ്പെടുത്തിയത്. ഇക്കാരണത്താലാണ് ഈശോ പറയുന്നത് ഞാന്‍ വന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനാണ് എന്ന്. കൃപയും സത്യവും യേശുക്രിസ്തു വഴി ഉണ്ടായി എന്ന് യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

യേശുവില്‍ എത്തിച്ചേരുവാന്‍ യഥാര്‍ത്ഥവഴി കണ്ടെത്തി യേശുവില്‍ ചരിക്കുന്നവര്‍ സത്യത്തില്‍ ചരിക്കുന്നു. യേശുവില്‍ ആശ്രയിക്കുന്നവര്‍ ജീവനിലായിരിക്കുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ അനേകം വഴികാട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും പിതാവിങ്കലേയ്ക്കുള്ള ഏക മാര്‍ഗ്ഗമായി തന്നെത്തന്നെ വെളുപ്പെടുത്തിയത് യേശു മാത്രമാണ്. യേശുവില്‍ ആശ്രയിച്ചുകൊണ്ട് പിതാവായ ദൈവത്തിന്റെ പക്കലേയ്ക്ക് കടന്നുവരുവാന്‍ ഉയിര്‍പ്പുകാലത്തെ ഈ മൂന്നാമത്തെ ഞായറാഴ്ച നമ്മോട് ആവശ്യപ്പെടുന്നു. അതിനുള്ള കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. വഴിയും സത്യവും ജീവനുമായ മിശിഹാ നമ്മെ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേന്‍.

ബ്ര. ജോസഫ് കൊല്ലമ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here