ഞായര്‍ പ്രസംഗം ഏലിയാ സ്ലീവാ മൂശാക്കാലം 8-ാം ഞായര്‍ വിശ്വാസത്തില്‍ ഉറയ്ക്കുക

നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ നടന്ന് ചരിത്രം രചിച്ച ബ്ലോണ്ടില്‍ എന്ന വ്യക്തിയുടെ സാഹസികമായ യത്‌നത്തെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്. 52 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടം. അതിനു കുറുകെ കെട്ടിയിരിക്കുന്ന കയറിലൂടെ അതിസാഹസികമായി ബ്ലോണ്ടില്‍ നടക്കുന്നു. കാലൊന്നു പിഴച്ചാല്‍ മരണം ഉറപ്പായതിനാല്‍, ശ്വാസമടക്കി പിടിച്ച് നോക്കി നില്‍ക്കുന്ന കാണികളെ സാക്ഷിനിര്‍ത്തി ബ്ലോണ്ടില്‍ മറുകര എത്തി. ജനക്കൂട്ടം ആര്‍പ്പ് വിളിച്ചു. ബ്ലോണ്ടില്‍… ബ്ലോണ്ടില്‍… അഭിനന്ദനങ്ങള്‍ കൈവീശി സ്വീകരിച്ച് ബ്ലോണ്ടില്‍ കാണികളോട് ചോദിച്ചു. ‘നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടോ..? ഉവ്വ്’ എന്ന് ജനക്കൂട്ടം ആര്‍പ്പ് വിളിച്ചു. ‘ഞാന്‍ വീണ്ടും ഈ കയറിലൂടെ നടന്നാല്‍ മറുകര എത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ..? തീര്‍ച്ചയായും അങ്ങേയ്ക്ക് കഴിയും’ എന്ന് ജനം മറുപടി നല്‍കി. ബ്ലോണ്ടില്‍ വീണ്ടും ചോദിച്ചു; ‘എങ്കില്‍ ആര്‍ക്കാണ് എന്റെ തോളിലിരിക്കാന്‍ സാധിക്കുക? ഞാനയാളെ തോളിലെടുത്ത് അക്കരെ പോകാം’. ജനം നിശബ്ദരായി. എന്നാല്‍ ബ്ലോണ്ടിലിന്റെ മാനേജരായ ഹാരികോള്‍ കോര്‍ഡ് ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു. ബ്ലോണ്ടില്‍ തന്റെ മാനേജരെ തോളിലെടുത്ത് ഒരിക്കല്‍ക്കൂടി ആ സാഹസികയാത്ര പൂര്‍ത്തിയാക്കി.

വിശ്വസിക്കുന്നു.. വിശ്വസിക്കുന്നു.. എന്ന് ഏറ്റുപറഞ്ഞ് ചൊല്ലിത്തീര്‍ക്കുന്ന വിശ്വാസപ്രമാണങ്ങളില്‍ ഒതുങ്ങേണ്ടതല്ല വിശ്വാസം. നമ്മുടെ ജീവന് ഭീഷണി മുഴങ്ങുമ്പോഴും നാം വിശ്വാസമര്‍പ്പിച്ചിരിക്കുന്നവന്റെ തോളിലിരുന്നുള്ള യാത്രയാണ് വിശ്വാസം. തന്റെ വിശ്വാസത്തിനു വേണ്ടി പ്രതിസന്ധികളുടെ ഏതറ്റം വരെയും പോകാനുള്ള ധൈര്യമാണ് യഥാര്‍ത്ഥവിശ്വാസം.

ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മള്‍ പരിചയപ്പെടുന്ന രക്തസ്രാവക്കാരി സ്ത്രീ, താന്‍ വിശ്വാസമര്‍പ്പിച്ചവനിലേയ്ക്ക് എത്തിച്ചേരാന്‍ യാതൊരു പ്രതിസന്ധിയോ ആള്‍ക്കൂട്ടമോ തടസ്സമാവുകയില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. നാം വിശ്വാസമര്‍പ്പിച്ചിരിക്കുന്നവന്റെ തോളിലിരുന്ന് സഞ്ചരിക്കാന്‍ നമ്മെ ധൈര്യപ്പെടുത്തുകയാണ്. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക’ (8: 48). എന്റെയും നിന്റെയും (നമ്മുടെ) വിശ്വാസം തന്നെയാണ് ഇന്നത്തെ പ്രശ്‌നം. നമ്മുടെ പല വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുമ്പോള്‍… താളം തെറ്റിക്കപ്പെടുമ്പോള്‍… വിശ്വാസത്തെക്കുറിച്ച് ആഴത്തിലുള്ള ധ്യാനം നല്ലതാണ്. ക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തെ പ്രതി നാം അവഹേളിതരാക്കപ്പെടുമ്പോള്‍-ക്രൂശിക്കപ്പെടുമ്പോള്‍ ഓര്‍ക്കുക; നാം വിശ്വസിക്കുന്നവന്‍ ഏത് പ്രതിസന്ധിഘട്ടത്തിനും നമ്മളെ ശക്തനാക്കുന്നവനാണെന്ന്.

‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’ എന്ന മരിയാ വാള്‍ത്തോര്‍ത്തയുടെ ഗ്രന്ഥത്തില്‍ ഒ രു രംഗം ഇങ്ങനെയാണ്. ശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും ശേഷമുള്ള പ്രഭാതത്തില്‍ തോട്ടത്തില്‍ പണിയെടുക്കുന്ന പത്രോസ്, കൂടെ മറിയവും. അവിടേക്ക് വന്ന ഈശോ തന്റെ അമ്മയായ മറിയത്തോട് ചോദിക്കുന്നു; ഇന്നലത്തെ കാറ്റും മഴയുമൊക്കെ നമ്മുടെ കൃഷിയെ മോശമായി ബാധിച്ചോ..? പത്രോസ് ഉടന്‍ മറുപടി നല്‍കി: വലിയ നാശം ഒന്നുമില്ല; ചെറിയ ചായ്‌വുകളും ഒടിവുകളുമേ ഉള്ളൂ. നന്നാക്കിയെടുക്കാം. ഈശോ അപ്പോള്‍ പത്രോസിനോട് പറയുന്നു. ‘ശിഷ്യത്വത്തിന്റെ വളര്‍ച്ചയും ഇങ്ങനെയാണ്. പ്രത്യക്ഷത്തില്‍ നാശം വിതയ്ക്കുന്നതെന്ന് തോന്നുന്നതെങ്കിലും ഇപ്പോള്‍ പ്രകൃതിയിലേക്ക് നോക്കുക. വായു ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, പ്രകൃതി കൂടുതല്‍ ശാന്തമായിരിക്കുന്നു, മാലിന്യങ്ങളൊക്കെയും നീക്കപ്പെട്ടിരിക്കുന്നു’. ലക്ഷ്യബോധമില്ലാത്തതെന്ന് നാം കരുതുന്ന കാറ്റും പേമാരിയുമൊക്കെ നമ്മുടെ ജീവിതത്തിലേയ്ക്ക് അടിച്ച് കയറുമ്പോള്‍ അവ നമ്മെ കൂടുതല്‍ ശക്തരാക്കുന്നു, ശുദ്ധീകരിക്കുന്നു. വിശ്വാസത്തിലേക്ക് അടിച്ചുകയറുന്ന കൊടുങ്കാറ്റുകളും പേമാരിയുമൊക്കെ, ക്രിസ്തുവിന്റെ തോളിലിരുന്ന് സഞ്ചരിക്കാന്‍-ധൈര്യപൂര്‍വ്വം വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ നമ്മെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. നമ്മുടെ വിശ്വാസം ക്രിസ്തുവിലും അവന്‍ സ്ഥാപിച്ച തിരുസഭയിലുമാണ്. വ്യക്തികളുടെ പരാജയങ്ങളിലോ ഒറ്റപ്പെട്ട ചില സംഭവങ്ങളാലോ നഷ്ടപ്പെട്ടു പോകേണ്ട ഒന്നല്ല അത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ വിശ്വാസപ്രമാണം മാധ്യമങ്ങള്‍ എഴുതുമ്പോള്‍-നമ്മള്‍ എന്ത് വിശ്വസിക്കണം എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന ഈ കാലത്ത് -നമ്മുടെ വിശ്വാസത്തെ പ്രതി നാം അവഹേളിക്കപ്പെടുമ്പോള്‍ അതിനെതിരെ നാം കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസത്തെ തകര്‍ക്കുന്ന നിഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് ജീവിക്കാന്‍ നമുക്കാവട്ടെ.

നമ്മുടെ വിശ്വാസത്തിന് രക്തസ്രാവക്കാരി സ്ത്രീയുടെ വിശ്വാസത്തിന്റെ ഉറപ്പുണ്ടെങ്കില്‍, കാനാന്‍കാരി സ്ത്രീയുടെ നിഷ്‌കളങ്കതയില്‍ നിന്നുയരുന്ന വാശിപിടുത്തം ഉണ്ടെങ്കില്‍, കടുകുമണിയോളമെങ്കിലും ആഴമുണ്ടെങ്കില്‍.. ഈശോ പറയുന്നു: ‘വരിക, വന്നെന്റെ തോളത്തിരിക്കുക. സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിച്ചുകൊണ്ട് തന്റെ കുരിശ് വലിച്ച്‌കെട്ടി അവന്‍ പറയുന്നു; നിന്നെയും തോളത്തിരുത്തിക്കൊണ്ട് ഞാന്‍ ഈ കുരിശിലൂടെ മറുകരയ്ക്ക് പോകാം. എന്നില്‍ വിശ്വസിക്കുക മാത്രം ചെയ്യുക. തീര്‍ച്ചയായും നീ എന്റെയൊപ്പം പറുദീസായിലെത്തും’.

യാത്ര ക്രിസ്തുവിന്റെ തോളിലിരുന്നു കൊണ്ടായതിനാല്‍ ഈ യാത്ര എളുപ്പമായി തോന്നില്ല. കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാത തന്നെയാവും അതിനു കാരണം. ക്രിസ്തുവിനു നേരെ വരുന്ന കല്ലേറുകള്‍ അവന്റെ തോളത്തിരിക്കുന്ന എന്റെ ശരീരത്തിലും പതിക്കാം. അവന്റെ ശരീരത്ത് പതിക്കുന്ന ചാട്ടവാറിന്റെ മുറിപ്പെടുത്തുന്ന അഗ്രങ്ങള്‍ എന്നെയും മുറിപ്പെടുത്തിയേക്കാം. അവന്റെ മുഖത്ത് പതിക്കുന്ന തുപ്പല്‍ കാറ്റില്‍ പറന്ന് എന്റെ മുഖത്തും പതിക്കാം. അവനെതിരെയുള്ള ആക്രോശങ്ങള്‍, അവഹേളന വാക്കുകള്‍, തള്ളിപ്പറയലുകള്‍, ഒറ്റുകൊടുക്കുന്ന ചുംബനത്തിന്റെ ചൂട് ഒക്കെ ഞാനും അനുഭവിക്കേണ്ടി വരാം. എന്നാല്‍ യാത്ര ക്രിസ്തുവിന്റെ തോളിലിരുന്നായതിനാല്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.

തീക്ഷ്ണതയോടു കൂടി ഈ ബലിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവമേ, എന്റെ വിശ്വാസജീവിതത്തിലേയ്ക്ക് ആഞ്ഞടിക്കുന്ന അവഹേളനത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും നാണം കെടുത്തലിന്റെയും കൊടുങ്കാറ്റുകളെയും പേമാരികളെയുമൊക്കെ ചെറുത്തു നില്‍ക്കാന്‍ എന്നെ ശക്തിപ്പെടുത്തേണമെ. പ്രതിസന്ധികളില്‍ തളരാതെ കൂടുതല്‍ കരുത്തോടെ അങ്ങിലും, തിരുസഭയിലുമുള്ള വിശ്വാസത്തില്‍ ജീവിക്കാനും അങ്ങേ വചനം പ്രഘോഷിക്കാനും എന്നെ ശക്തിപ്പെടുത്തണമെ. ആമേന്‍.

ബ്ര. ജിന്‍സ് പുതുശ്ശേരിക്കാലായില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ