ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ലൂക്കാ 7:31-50

ഈശോമിശിഹായില്‍ സ്‌നേഹമുള്ളവരെ, ഉത്ഥിതനായ ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പെന്തക്കുസ്താ തിരുനാളില്‍ ആത്മാവില്‍ നിറഞ്ഞ് ദൈവപുത്രനു സാക്ഷ്യം വഹിച്ച ശ്ലീഹന്മാരെ അനുസ്മരിക്കുന്ന ശ്ലീഹാക്കാലം ആഗതമായി. ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ആയ ഇന്ന് നമ്മുടെ ധ്യാനത്തിനും വിചിന്തിനത്തിനുമായി തിരുസഭ നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 7-ാം അദ്ധ്യായം 31 മുതല്‍ 50 വരെയുള്ള തിരുവചനഭാഗങ്ങളാണ്. പാപിനിയായ സ്ത്രീയെ പുണ്യവതിയായ സ്ത്രീയാക്കി മാറ്റുന്ന കര്‍ത്താവിന്റെ ”അത്ഭുതമാണ്” ഇന്നത്തെ വചനഭാഗം. വി. ലൂക്കാ സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന സുന്ദരമായ വചനഭാഗമാണ് ഇത്.

സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ യേശു മുന്‍കൈ എടുത്ത് ചില ഭവനങ്ങളില്‍ വിരുന്നിനു പോകുന്നതും, ക്ഷണം സ്വീകരിച്ച് പോകുന്നതും നമുക്ക് കാണാന്‍ സാധിക്കും. ഇന്നത്തെ സുവിശേഷത്തിലേക്ക് കടന്നുവരുമ്പോള്‍ ഫരിസേയന്റെ ക്ഷണം സ്വീകരിച്ച് അവനോടൊപ്പം ആയിരിക്കുന്ന ദൈവപുത്രന്‍. ഇന്നത്തെ സുവിശേഷത്തില്‍ വിരുന്നിനേക്കാള്‍ പ്രാധാന്യം വിരുന്നിനിടയില്‍ സംഭവിക്കുന്ന മഹനീയ സംഭവത്തിനാണ്.

ഇന്നത്തെ വചനഭാഗത്തില്‍ മൂന്ന് മുഖ്യ കഥാപാത്രങ്ങളോടാണ്. യേശുവും, പാപിനിയായ സ്ത്രീയും, വിരുന്നിന് എത്തിയവരും ഇവരുടെ മനോഭാവങ്ങളെ വിചിന്തനം ചെയ്യുന്നത് ഉചിതമായിരിക്കും.
1. യേശുവിന്റെ മനോഭാവം
2. പാപിനിയായ സ്ത്രീയുടെ മനോഭാവം
3. വിരുന്നിനു വന്നവരുടെ മനോഭാവം

അനുതപിക്കുന്ന പാപിയുടെ മേല്‍ ഈശോ കാണിക്കുന്ന കരുണയാണ് ഇവിടെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം അവള്‍ വന്നതുപോലെയല്ല തിരിച്ചുപോയത്. വലിയ പാപഭാരവുമായി വന്ന അവള്‍ വലിയ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും കൂടിയാണ് തിരിച്ചുപോയത്. അവള്‍ എന്തിനുവേണ്ടി കര്‍ത്താവിന്റെ അടുത്തുവന്നോ അക്കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ അവള്‍ അനുഭവിക്കുന്നു, സ്വന്തമാക്കുന്നു. അവിടെ കൂടിയിരുന്നവര്‍ അവളെ മൂല്യമില്ലാതായി കരുതി. യേശുവിന്റെ കണ്ണില്‍ അവള്‍ വിലയുള്ളവളായി മാറി. നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ട മറ്റൊരു കാര്യം, എല്ലാവരും അവളുടെ കുറവുകള്‍ മാത്രം പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ യേശു അവളുടെ നന്മമാത്രം കണ്ടു. 47-ാം വാക്യം ഇപ്രകാരം പറയുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ഇവിടെയാണ് ഈശോയുടെ മനോഭാവം മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമാകുന്നത്. ”എന്റെ അടുക്കല്‍ വരുന്നവരെ ഒരു നാളും ഞാന്‍ തള്ളിക്കളയില്ല” എന്ന തിരുവചനം ഈശോ ഇവിടെ പൂര്‍ണ്ണമാക്കുന്നു. പാപത്തെ വെറുത്ത് പാപിനിയെ സ്‌നേഹിക്കുന്ന ഈശോയുടെ മനോഭാവം ഇവിടെ പൂര്‍ണ്ണമാക്കുന്നു. ക്രിസ്തു ശിഷ്യരായ നാം ഓരോരുത്തരും സ്വന്തമാക്കേണ്ടതാണ് ഈശോയുടെ ഈ മനോഭാവം.

രണ്ടാമാതായി നാം ധ്യാനിക്കേണ്ട മനോഭാവം പാപിനിയായ സ്ത്രീയുടെതാണ്. വചനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും ഒരു മാറ്റം അവള്‍ ആഗ്രഹിച്ചിരുന്നു. അവള്‍ ആ വിരുന്നിലേക്ക് കടന്നുവന്നത് അവിചാരിതമായിട്ടല്ല, മറിച്ച് യേശു അവിടെ ഉണ്ട് എന്നറിവോടുകൂടെയായിരുന്നു. വിരുന്നിന്റെ സമൃദ്ധിയെക്കാള്‍ അവള്‍ ആഗ്രഹിച്ചത് ക്രിസ്തുവിനെയായിരുന്നു. 38-ാം തിരുവചനം ഇപ്രകാരം പറയുന്നു ”കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചുംബിയ്ക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു”. അവള്‍ ഒരു പക്ഷേ ഇതിനുമുമ്പ് കരഞ്ഞിട്ടുണ്ടാകാം. പക്ഷെ ഇവിടെ ക്രിസ്തുവിനെ കണ്ടപ്പോള്‍ അനുതാപത്തിന്റെ ഫലമായി ഹൃദയം നൊന്ത് തന്റെ പാപത്തെ ഓര്‍ത്താണ് കരയുന്നത്.

പാപം ഇല്ലാത്ത പരിശുദ്ധനായവനെ കണ്ടപ്പോള്‍ പാപിയുടെ ഉള്ള് പാപത്തെ പ്രതി തേങ്ങി. ക്രിസ്ത്യാനിയായി വിളിക്കപ്പെട്ട നാമോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട മനോഭാവം ഇതാണ്. എത്ര വലിയ പാപിയായിക്കൊള്ളട്ടെ, പക്ഷെ ദൈവതിരുമുമ്പില്‍ നീ വിലയേറിയ സുഗന്ധ ദ്രവ്യമാണ്. നിന്റെ തിരിച്ചുവരവിനായി അവിടുന്ന് കാത്തിരക്കുന്നു. ക്രിസ്തുവിനെ കൂടാതെ വന്ന അവള്‍ മടങ്ങിയത് ക്രിസ്തുവിന്റെ സ്വന്തമായിട്ടാണ്.
അവസാനമായി നാം ധ്യാനിക്കേണ്ട മനോഭാവം വിരുന്നില്‍ പങ്കെടുത്തവരുടെതാണ്. വചനത്തിലൂടെ കടന്ന് പോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു സത്യം ഇതാണ്. യേശുവിനെക്കാള്‍ ഉപരി അവിടെ നടക്കുന്ന സംഭവ വികാസങ്ങള്‍ക്കാണ് അവര്‍ പ്രധാന്യം കൊടുക്കുന്നത്. യേശുവിനെക്കാള്‍ ഉപരി പാപിനിയായ സ്ത്രീയുടെ പ്രവര്‍ത്തിയിലായിരുന്നു അവര്‍ ശ്രദ്ധകൊടുത്തിരുന്നത്. പാപിനിയായ സ്ത്രീയുടെ അനുതാപത്തിന്റെ പ്രവൃത്തി അവരാരും മാതൃകയാക്കിയില്ല. മറിച്ച്, കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാലാണ് പാപിനിയായ സ്ത്രീക്കല്ലാതെ അവിടെ വന്ന മറ്റാര്‍ക്കും ക്രിസ്തുവിനെ സ്വന്തമാക്കാന്‍ കഴിയാതെ പോയത്.

ക്രിസ്തുവാണ് നമുക്ക് മതിയായവന്‍. തന്റെ കരുണയുള്ള ഹൃദയം തുറന്ന് അവന്‍ പാപിനികളെ മാടിവിളിക്കുന്നു. നമ്മുടെ പാപത്തെക്കാള്‍ വലുതാണ് അവിടുത്തെ കരുണയും സ്‌നേഹവും എന്ന തിരിച്ചറിവ് ലഭിക്കുമ്പോഴാണ് സുവിശേഷത്തിലെ പാപിനിയായ സ്ത്രീയെപ്പോലെ അനുതാപത്തിന്റെ കണ്ണീരാല്‍ അവന്റെ പാദങ്ങള്‍ കഴുകി ചുംബിക്കാനും ക്രിസ്തുവിനെ സ്വന്തമാക്കാനും സാധിക്കൂ. അല്ലെങ്കില്‍ നാമും മറ്റു വിരുന്നുകാരെപ്പോലെ ക്രിസ്തുവിനെ മാത്രം സ്വന്തമാക്കുകയില്ല. ഇന്നത്തെ തിരുവചനഭാഗം ഈ തിരിച്ചറിവിനായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കട്ടെ
ആമേന്‍.

ബ്രദര്‍ ജോബി തെക്കേടത്ത് എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ