ദനഹാത്തിരുനാള്‍ ജനുവരി 6

പൗരസ്ത്യ സഭകളില്‍ ജനുവരി 6 ഈശോയുടെ ദഹനാത്തിരുനാള്‍ ആചരിക്കുന്ന ഈശോയുടെ മാമ്മോദീസാ രഹസ്യമാണ് ഇവിടെ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്നത്. ജോര്‍ദ്ദാന്‍ നദിയിലെ മാമ്മോദീസായിലൂടെ ഈശോ, ദൈവത്തിന്റെ പ്രിയ പുത്രനായി ലോകത്തിന്റെ മുമ്പില്‍ പിതാവായ ദൈവത്തിന്റെ സ്വരത്തിലൂടെ വെളിവാക്കപ്പെടുന്നു. പരിശുദ്ധാത്മാവ് ഈ രഹസ്യം പൂര്‍ണ്ണമാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ആളുകളുടെ വെളിപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ ആദിമ സഭകളില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായും ഈ ദിവസം ആചരിച്ചിരുന്നു.

നമുക്ക് അറിയാവുന്നതുപോലെ ‘ദനഹ’ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം ഉദയം, പ്രത്യക്ഷീകരണം, വെളിപ്പെടുത്തല്‍ എന്നൊക്കെയാണ്. പരിശുദ്ധ ത്രിത്വത്തിലെ 3 ആളുകളെ സ്വയം പ്രത്യക്ഷപ്പെടുത്തുന്നതോടൊപ്പം പ്രത്യേകമായി പിതാവായ ദൈവം എന്റെ പ്രിയ പുത്രനെ ലോകത്തില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തില്‍ വെളിപ്പെടുത്തുന്നു.

തുടര്‍ന്നുവരുന്ന ഞായറാഴ്ചകളില്‍ സുവിശേഷത്തിലെ പ്രധാന വ്യക്തികളിലൂടെയും അനുഭവങ്ങളിലൂടെയും യേശുവിന്റെ വ്യക്തിത്വത്തിന്റെ വിവിധ മാനങ്ങള്‍ സഭ നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്.

ലോകത്തിന്റെ പ്രകാശമായ യേശുവിനെ യഥാര്‍ത്ഥ സൂര്യനായി ചിത്രീകരിച്ചുകൊണ്ട് ഈ തിരുനാള്‍ എപ്പിഫനി (ലാറ്റിന്‍) എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സഖറിയായുടെ പ്രവചനത്തില്‍ നിന്നും ഇത് വ്യക്തമാണ്. ”നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകം കൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയ രശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശം വിതറാനും സമാധാനത്തിന്റെ മാര്‍ഗത്തിലേയ്ക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.” (ലൂക്ക 1:78-79).

മാമ്മോദീസായിലൂടെയാണ് ഈശോ യഥാര്‍ത്ഥ സൂര്യനായി ലോകത്തിന്റെ മുമ്പില്‍ അവതരിക്കുന്നത് തന്നെ രഹസ്യ ജീവിതകാലത്ത് അതും ഈശോയെ മനസിലാക്കിയിരുന്നില്ല. മാമ്മോദീസായോടുകൂടി ഈശോയുടെ ജീവിതത്തില്‍ സമൂലമായ മാറ്റം ഉണ്ടാവുന്നു. പരസ്യജീവിതം ആരംഭിക്കുന്നു ദൗത്യം ഏറ്റെടുക്കുന്നു. മാമ്മോദീസായിലൂടെ നമുക്കും ഈ മാറ്റം സംഭവിക്കേണ്ടതാണ്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഈശോയുടെ മാമ്മോദീസായെ നമ്മുടെ മാമ്മോദീസായുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നുണ്ട്. നമ്മുടെ മാമ്മോദീസായുടെ അര്‍ത്ഥം കൈവരുന്നത് ഈശോയുടെ മാമ്മോദീസായിലാണ്. നാം മാമ്മോദീസാ സ്വീകരിക്കുന്നത് ക്രിസ്തുവിന്റെ മാമ്മോദീസായിലാണ്. അതുകൊണ്ടാണ് നാം ക്രൈസ്തവര്‍ എന്ന് അറിയപ്പെടുന്നത്. നേരെ മറിച്ചായിരുന്നെങ്കില്‍ നാം ബാപ്റ്റിസ്റ്റ് എന്ന് അറിയപ്പെട്ടേനെ. വിശുദ്ധ ക്രിസോസ്റ്റം പറയുന്നു നമ്മുടെ മാമ്മോദീസായിലും സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതിന്റെ ഉറപ്പാണ് ഈശോയുടെ മാമ്മോദീസാവേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടത്. അതുവഴിയായി ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നു. അറിയപ്പെടാത്തതിനെ അറിയാന്‍ നമുക്ക് കഴിയുന്നു. നമുക്ക് അതുവഴി മാറ്റങ്ങള്‍ ഉണ്ടാകുന്നു.

നമുക്ക് അറിയാവുന്നതുപോലെ യോഹന്നാന്‍ അനുതാപത്തിന്റെ മാമ്മോദീസായാണ് നല്‍കിയിരുന്നത്. എങ്കില്‍ പാപമില്ലാതിരുന്ന ഈശോ അനുതാപത്തിന്റെ മാമ്മോദീസാ സ്വീകരിച്ചതിന്റെ സാംഗത്യമെന്ത്? ഗ്രീക്ക് സഭാപിതാവായ ഗ്രിഗറി നസ്സീയാന്‍സ്റ്റന്‍ അതിനു മറുപടി നല്‍കുന്നത് ഇപ്രകാരമാണ്. ഈശോ തന്റെ ജോര്‍ദ്ദാന്‍ നദിയിലെ മാമ്മോദീസായിലൂടെ മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപക്കറ ജനത്തില്‍ സംസ്‌ക്കരിച്ചിരിക്കുന്നു. തന്നെ കഴുകി ശുദ്ധിവരുത്താനല്ല മറിച്ച് തന്റെ സാമീപ്യം കൊണ്ടും സ്പര്‍ശനം കൊണ്ടും ജോര്‍ദ്ദാന്‍ നദിയിലെ ജലത്തെ ശുദ്ധിയുള്ളതാക്കുകയാണ് അവിടുന്ന് ചെയ്തത്. അന്നുമുതല്‍ പുറമെയുള്ള അഴുക്കു മാത്രമല്ല ഉള്ളിലുള്ള പാപക്കറകള്‍ കൂടി കഴുകി ശുദ്ധിയാക്കാന്‍ ഈ ജലം പ്രാപ്തമായി. ഈശോയുടെ ”ഓള”മായി ഈ ജലം രൂപാന്തരപ്പെട്ടിരിക്കുന്നു.

ഈശോയുടെ മാമ്മോദീസായുടെ ഓര്‍മ്മ ആചരിക്കുന്ന ഈ ദിവസം നമ്മുടെ മാമ്മോദീസായെയും മാമ്മോദീസാവേളയില്‍ നമുക്കുവേണ്ടി മറ്റുള്ളവര്‍ ഏറ്റുപറഞ്ഞ വിശ്വാസ സത്യങ്ങളെയും പ്രതിജ്ഞകളെയും നമുക്ക് അനുസ്മരിച്ച് നവീകരിക്കാം. മാമ്മോദീസാ ഒരു ജീവിത ഉത്തരവാദിത്വമാണ്; ഒരു പ്രതിബദ്ധതയാണ്; ഒരു ജീവിതശൈലിയാണ്. അത് ഓരോ ദിവസവും ജീവിക്കേണ്ടതാണ്. സഭാപിതാവായ തെര്‍ത്തുല്യന്‍ പറയുന്നു ”ആരും ക്രൈസ്തവനായി ജനിക്കുന്നില്ല, മാമ്മോദീസായിലൂടെയും ജീവിതത്തിലൂടെയും ക്രൈസ്തവനായി തീരുകയാണ്.” വിശുദ്ധ ബേസിലും ഇതിനോട് ചേര്‍ന്നു പറയുന്നു; ”ഉറങ്ങാനും ഉണര്‍ന്നിരിക്കാനും സമയമുണ്ട്, യുദ്ധത്തിനും സമാധാനത്തിനും പ്രത്യേക സമയമുണ്ട്. എന്നാല്‍ മനുഷ്യജീവിതം മുഴുവന്‍ മാമ്മോദീസാ ജീവിതത്തിന്റെ സമയമാണ്.”

ജെയ്‌മോന്‍ മുളപ്പന്‍ഞ്ചേരി

Leave a Reply