ഞായറാഴ്ച പ്രസംഗം – ഡിസംബര്‍ 31; ദൈവാന്വേഷകര്‍ (മത്താ 2:1-12)

പിറവി ഒന്നാം ഞായര്‍ മത്താ 2:1-12

ആരാധനാക്രമവത്സരത്തിലെ പിറവിക്കാലം 1-ാം ഞായറാഴ്ചയിലാണ് നമ്മള്‍. ഇന്ന് സഭാമാതാവ് വചന വിചിന്തനത്തിനായി നല്‍കുക വിശുദ്ധ മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 1-12 വരെയുള്ള വാക്യങ്ങളാണ്.

ടി. എസ്. ഏലിയാട്ടിന്റെ ‘Journey of the Maggi’ എന്ന കവിതയുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്. പിറന്ന ഉണ്ണിയെ തേടി രാജാക്കന്മാര്‍ യാത്രയായി. ചുട്ടുപഴുത്ത മണലാരണ്യത്തിലും, വരണ്ട കണ്ഠവുമായി കുന്നുകള്‍ കയറിയിറങ്ങിയപ്പോഴും, പിന്നിട്ട വഴികളിലേക്ക് നോക്കി അവര്‍ ചോദിക്കുന്ന ചോദ്യം ‘നമ്മുടെ ഈ യാത്ര തെറ്റായോ?’ എന്ന്. എങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് നീങ്ങിയപ്പോഴും, യാത്ര എങ്ങും ലക്ഷ്യം പ്രാപിക്കാതെ ഇരിക്കുമ്പോഴും അവര്‍ ചോദിക്കുന്നു. ‘നമ്മുടെ ഈ യാത്ര തെറ്റായോ?’ എന്ന് എന്നിട്ടും പ്രതീക്ഷ കൈവിടാതെ യാത്ര ചെയ്ത അവര്‍ ക്രിസ്തു ജനിച്ചിടത്ത് എത്തുന്നു. അവിടെ ക്രിസ്തു ജനിക്കയായി, അവരുടെ ദുരന്തം മരിക്കയായി, കൂടെ അവരുടെ ജീവിതത്തില്‍ പുതുവസന്തങ്ങള്‍ വിരിയുകയായി എന്ന് പറഞ്ഞ് കവിത മുന്നോട്ട് നീങ്ങുന്നു.

ക്രിസ്തുവിനെ നേരില്‍ കണ്ട്, രാജാവും രക്ഷകനുമായി അവര്‍ ഏറ്റു പറയുന്നതുവരെ അവര്‍ ജ്ഞാനികള്‍ മാത്രമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ നേരില്‍കണ്ട്, അവര്‍ സര്‍വ്വവും അര്‍പ്പിച്ചപ്പോള്‍, അവരും രക്ഷിക്കപ്പെട്ടവരുടെ ഗണത്തില്‍ ചേരുന്നു. 3 ജ്ഞാനികളില്‍ നിന്ന് 3 രക്ഷിക്കപ്പെട്ടവരുടെ ഗണത്തിലേക്കുള്ള ദൂരം… ബത്‌ലെഹമിലെ പുല്‍ക്കൂട്ടിലേക്കുള്ള യാത്രാദൂരം മാത്രമായിരുന്നു.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ജ്ഞാനികള്‍ നല്‍കുന്നത് 3 വിചിന്തനങ്ങളാണ്.

1. ക്രിസ്തുവിനെ തേടുന്നവരാകുക.
2. ക്രിസ്തുവിനായി സര്‍വ്വവും സമര്‍പ്പിക്കുന്നവരാകുക.
3. മറ്റുള്ളവര്‍ക്ക് മുമ്പില്‍ ക്രിസ്തുവിനായി തെളിയുന്ന നക്ഷത്രദീപങ്ങളാകുക.

1. ക്രിസ്തുവിനെ തേടുന്നവരാകുക.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ജ്ഞാനികള്‍, ക്രിസ്തു അന്വേഷികളാണ്. തങ്ങളുടെ മുന്നില്‍ തെളിഞ്ഞ നക്ഷത്രം എന്തോ വലിയ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്ന ബോധ്യം തിരിച്ചറിഞ്ഞ് തുടങ്ങിവച്ച അവരുടെ യാത്ര വ്യര്‍ത്ഥമായില്ല. അത് അവരെ ക്രിസ്തുവിലേക്ക് എത്തിച്ചു. പിന്നീട് അവരുടെ ജീവിതം പിന്നിട്ട വഴികള്‍ വിശുദ്ധിയുടെ വഴികളായിരിക്കണം. കാരണം വചനം സാക്ഷ്യപ്പെടുത്തുന്നു. ”ഹേറോദേസിന്റെ അടുക്കലേക്ക് മടങ്ങി പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പ് ലഭിച്ചത് അനുസരിച്ച് അവര്‍ മറ്റൊരു വഴിയെ സ്വദേശത്തേയ്ക്കു മടങ്ങി” എന്ന്. (മത്താ 2:12). പിന്നീട് അവര്‍ തേടിയത് ഹേറോദേസിന്റെ വഴികളല്ല, ദൈവം സ്വപ്നത്തില്‍ കാട്ടിയ വഴികളാണ്.

ക്രിസ്തുവിനെ തേടാനുള്ള മനസ്സ് വേണമെന്നാണ് ഇന്ന് വചനം നമ്മോട് ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിനെ തേടിയവരൊക്കെ രക്ഷ കൈവരിച്ചിട്ടുമുണ്ട് എന്നത് സത്യം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ സക്കേവൂസും, നിക്കേദേമൂസും ജായിറോസുമെല്ലാം രക്ഷ എന്നത് അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തില്‍ ഇടര്‍ച്ചകളും പതര്‍ച്ചകളും ഉണ്ടാകുമ്പോള്‍ ക്രിസ്തുവിലേക്ക് നോക്കി യാത്ര ചെയ്യുവാനുള്ള ഒരു മനക്കരുത്ത് എനിക്ക് ഉണ്ടെങ്കില്‍ ഞാനും രക്ഷ സാധ്യമാക്കും എന്നു വിശ്വസിക്കാം.

2. ക്രിസ്തുവിനായി സര്‍വ്വവും സമര്‍പ്പിക്കുന്നവരാകുക.

ഉണ്ണിയേശുവിനെ കണ്ടമാത്രയില്‍ അവര്‍ പൊന്നും മീറയും കുന്തിരിക്കവും അര്‍പ്പിക്കുന്നു. അത് വെറും കാഴ്ചവസ്തുക്കള്‍ മാത്രമായിരുന്നില്ല. അവരുടെ ജീവിതം തന്നെയായിരുന്നു.

സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കു മാത്രം നല്‍കുന്ന കാഴ്ചവസ്തു ആയിരുന്നു സ്വര്‍ണ്ണം കാഴ്ചയര്‍പ്പിക്കുന്നതിലൂടെ അവര്‍ ക്രിസ്തുവിനെ രാജാവായി ഏറ്റുപറയുന്നു.

മീറ, മൃതദ്ദേഹത്തില്‍ പൂശാനുള്ളതാണ്. സ്‌നേഹിതനുവേണ്ടി ജീവന്‍പോലും അര്‍പ്പിക്കുന്ന ക്രിസ്തുവിന്റെ ആത്മബലിയുടെ പ്രതീകമായ മീറ സ്‌നേഹത്തിലേക്കും സഹനത്തിലേക്കും നമ്മെ ക്ഷണിക്കുന്നു. ‘കുന്തിരക്കം’ പുരോഹിതര്‍ക്കു കൊടുക്കുന്ന കാഴ്ചവസ്തുവാണ്. കര്‍ത്താവും രക്ഷകനുമായി ക്രിസ്തുവിനെ ബലിവസ്തുവിനോടൊപ്പം തന്നെ ഒരു ബലിയര്‍പ്പിക്കാനുമായി അവന്‍ ഏറ്റുപറയുന്നു.

മത്തായിയുടെ സുവിശേഷത്തിലെ ജ്ഞാനികളുടെ സമര്‍പ്പണം പൂര്‍ണ്ണമായിരുന്നു അവര്‍ തങ്ങള്‍ക്കുള്ളതും ഉണ്ടായവയും സമര്‍പ്പിച്ചു. അതുകൊണ്ടുതന്നെ പിന്നീട് അവര്‍ താണ്ടിയ വഴികള്‍ ഹേറോദേസിന്റേതുപോലെ സ്വാര്‍ത്ഥ വഴികളായിരുന്നില്ല, മറിച്ച് സത്യത്തിന്റെയും നീതിയുടെയും വഴികളായിരുന്നു.

3. മറ്റുള്ളവര്‍ക്ക് മുമ്പില്‍ ക്രിസ്തുവിനായി തെളിയുന്ന ദീപങ്ങളാകുക.

നക്ഷത്രം കണ്ടാണ് ജ്ഞാനികള്‍ ജറുസലേമിലേക്ക് വരുക. ആ നക്ഷത്രം തന്നെയാണ് അവരെ ബത്‌ലെഹമിലേക്കുള്ള വഴികാട്ടിയാവുന്നത്. ആ നക്ഷത്രമാവട്ടെ നന്മയിലേക്കും, സത്യത്തിലേക്കും ക്രിസ്തുവിലേക്കും അവരെ നയിച്ച സ്വര്‍ഗ്ഗ ദീപമായിരുന്നു. ഓരോ ക്രൈസ്തവനും ഒരു ‘നക്ഷത്ര’മാകാനുള്ള വിളിയാണുള്ളത്. ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നതുകൊണ്ട് മാത്രമായില്ല, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കാനും കൂടിയായാല്‍ മാത്രമേ നമ്മള്‍ ക്രിസ്തുശിഷ്യരാകൂ. ഈശോയുടെ ജീവിതം അതായിരുന്നു. എല്ലാവര്‍ക്കും ആദ്യം പിതാവിലേക്കുള്ള മാര്‍ഗമായി പിന്നീട് ശിഷ്യരെ അതിനുള്ള മാര്‍ഗമാക്കി.

ഇന്നു ഓരോ നക്ഷത്രമാവേണ്ട ആവശ്യകത നമ്മുടെയിടയില്‍ ഉണ്ട്. സഹജന്‍ തെറ്റായ മാര്‍ഗങ്ങളിലേക്ക് കടന്നുപോകുമ്പോള്‍ ഇതാണ് നേരായ വഴി എന്നു കാട്ടാനുള്ള ഒരു ശേഷി നമുക്കും ഉണ്ടാവട്ടെ.

ഈശോ ജനിച്ചു ഇനി അവനെ ഒരു നോക്ക് കാണാന്‍ നമുക്കും യാത്രയാവാം. ജീവിതത്തില്‍ ഇടര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ ക്രിസ്തുവിലേക്ക് നമുക്ക് നോക്കാം. മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്നവരാകാം അങ്ങനെ ഒരു നവസുവിശേഷവത്ക്കരണം നമുക്കും ആരംഭിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ