ഞായര്‍ പ്രസംഗം വിശ്വസിക്കുന്നവനു ജീവനും രക്ഷയും

ഈശോയുടെ ജീവിതത്തിലെ സമാനസ്വഭാവമുള്ള സംഭവങ്ങള്‍ ഇടകലര്‍ത്തി അവതരിപ്പിക്കുന്നത് സുവിശേഷകന്മാരുടെ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള അവതരണശൈലി ഈ സംഭവങ്ങളുടെ വ്യാഖ്യാനത്തില്‍ ഒന്നു മറ്റൊന്നിനെ സഹായിക്കും. പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോഴാണ് അവയുടെ അര്‍ത്ഥം കൂടുതല്‍ വ്യക്തമാകുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഈ രീതിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടു സംഭവങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം (ലൂക്കാ 8,40-56).

സംഘപ്രമാണിയായ യൊവാറാശിന്റെ (ജായ്‌റോസിന്റെ) പന്ത്രണ്ടു വയസ്സുള്ള പുത്രിയ്ക്കു പുനര്‍ജീവനും, പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവത്താല്‍ ക്ലേശിച്ചിരുന്ന സ്ത്രീയ്ക്ക് രോഗസൗഖ്യവും. യൊവാറാശിന്റെ ഭവനത്തിലേക്കു പോകും വഴിയാണ് രക്തസ്രാവക്കാരിയെ ഈശോ സുഖപ്പെടുത്തുന്നത്. ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസമാണ് അത്ഭുതം പ്രവര്‍ത്തിക്കുന്ന രണ്ടു സന്ദര്‍ഭങ്ങളിലെയും പ്രമേയം.

ഗലീലിയായ്ക്ക് മറുകരയുള്ള ഗരസേനരുടെ നാട്ടിലെത്തി അവിടെയുണ്ടായിരുന്ന പിശാചുബാധിതനെ സുഖപ്പെടുത്തി തിരിച്ചെത്തുന്ന ഈശോയെ വലിയ സന്തോഷത്തോടെയാണ് ജനക്കൂട്ടം സ്വാഗതം ചെയ്തത്. അവരുടെയിടയില്‍ നിന്ന് ഒരു സിനഗോഗ് അധികാരി മുമ്പോട്ടുവന്ന് ഈശോയുടെ കാല്‍ക്കല്‍ വീണ് തന്റെ ഭ വനത്തിലേക്കു വരണമെന്ന് അപേക്ഷിച്ചു. കാരണം, അയാളുടെ പന്ത്രണ്ടു വയസ്സായ ഏകപുത്രി ആസന്നമരണയായി കിടക്കുകയായിരുന്നു. സാബത്തുദിവസങ്ങളില്‍ യഹൂദര്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചുകൂടിയിരുന്ന ആലയമാണ് സിനഗോഗ്. ഇത്തരത്തിലുള്ള ഒരു സംഘത്തിന്റെ അധികാരിയാണ് ഈശോയെ സമീപിക്കുന്നത്. അയാള്‍ ഈശോയുടെ കാല്‍ക്കല്‍ വീഴുന്നത് അയാള്‍ക്ക് ഈശോയിലുള്ള വിശ്വാസത്തിന്റെ പ്രകാശനമാണ്. ഈശോയില്‍ വിശ്വസിക്കുന്ന യഹൂദരുടെ പ്രതിനിധിയാണദ്ദേഹം. പ്രതീകാത്മകമായി യഹൂദ പ്രാര്‍ത്ഥനാലയമായ സിനഗോഗ്, യഥാര്‍ത്ഥ ദേവാലമായ ഈശോയുടെ മുമ്പില്‍ ആരാധനാഭാവത്തോടെ നില്‍ക്കുന്നു. അയാളുടെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കിയ ഈശോ അയാളുടെ ഭവനത്തിലേക്കു പോയി.

അവര്‍ പോകുംവഴി ഈശോയെ എതിരേറ്റ ജനക്കൂട്ടവും അവിടുത്തോടൊപ്പമുണ്ടായിരുന്നു. അപ്പോള്‍ പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം മൂലം വളരെയേറെ ക്ലേശിച്ചിരുന്ന ഒരു സ്ത്രീ ഈശോയെ സമീപിക്കുന്നു. ചികിത്സയ്ക്കായി തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ചിട്ടും വൈദ്യന്മാര്‍ക്കാര്‍ക്കും അവളെ സുഖപ്പെടുത്താനായില്ല. വൈദ്യന്മാര്‍ക്ക് സാധിക്കാത്തത് യഥാര്‍ത്ഥ വൈദ്യനായ മിശിഹായ്ക്ക് സാധിക്കും എന്ന വിശ്വാസത്തോടെയാണ് അവള്‍ ഈശോയെ സമീപിച്ചത്. പിന്നിലൂടെ ചെന്ന് ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിലാണ് അവള്‍ സ്പര്‍ശിച്ചത്. മോശയുടെ നിയമം രക്തസ്രാവക്കാരിയെ അശുദ്ധയായി പ്രഖ്യാപിച്ചിരുന്നതു കൊണ്ടും, അശുദ്ധമായവ വിശുദ്ധമായവയെ സ്പര്‍ശിക്കാന്‍ പാടില്ലാതിരുന്നതു കൊണ്ടുമാണ് അവള്‍ പിന്നിലൂടെ വന്ന് അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പില്‍ മാത്രം സ്പര്‍ശിക്കുന്നത് എന്ന് അലക്‌സാണ്ട്രിയായിലെ സിറിള്‍ അഭിപ്രായപ്പെടുന്നു. മോശയുടെ നിയമം പാലിക്കാനുള്ള ആഗ്രഹമായിരുന്നു അതിനവളെ പ്രേരിപ്പിച്ചത്. അവളുടെ വിശ്വാസം ഉടന്‍ ഫലമണിയുക തന്നെ ചെയ്തു. തല്‍ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. ജായ്‌റോസിന്റെ കാര്യത്തിലും എന്തു സംഭവിക്കും എന്നതിനൊരു സൂചന ഇവിടെയുണ്ട്. തന്നെ സ്പര്‍ശിച്ചത് ആരാണെന്ന് അറിയാതിരുന്നതു കൊണ്ടായിരുന്നില്ല, ‘ആരാണ് എന്നെ സ്പര്‍ശിച്ചത്’ എന്ന് ഈശോ ചോദിച്ചത്. തന്നില്‍ നിന്നു ശക്തി പുറപ്പെട്ടിരിക്കുന്നു എന്ന് അവിടുത്തേക്ക് മനസ്സിലായി. തന്നെ സ്പര്‍ശിച്ച വ്യക്തിയുടെ വിശ്വാസം മൂലമാണ് അതു സംഭവിച്ചത് എന്നും അവിടുത്തേക്കറിയാമായിരുന്നു. ഈ വിശ്വാസം തന്റെ ചുറ്റും കൂടിയിരു ന്നവര്‍ക്കു വ്യക്തമാക്കി കൊടുക്കുക എന്നതായിരുന്നു ചോദ്യത്തിന് പിന്നിലെ അവിടുത്തെ ഉദ്ദേശ്യം. അതുവഴി അവിടുത്തെ ദൈവത്വം പ്രഘോഷിക്കപ്പെടുകയും ചെയ്യും എന്ന് അവിടുത്തേക്കറിയാമായിരുന്നു.

തന്റെ രഹസ്യപ്രവൃത്തി ഈശോ തിരിച്ചറിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കിയ ആ സ്ത്രീ, അവിടുത്തെ മുമ്പിലെത്തി താണുവീണ്, താന്‍ എന്തിന് അവിടുത്തെ സ്പര്‍ശിച്ചെന്നും എപ്രകാരം സുഖം പ്രാപിച്ചെന്നും എല്ലാവരുടെയും മുമ്പാകെ ഏറ്റുപറഞ്ഞു. ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘എന്റെ മകളേ, ധൈര്യപ്പെടുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തില്‍ പോവുക.’ ഈ രംഗത്തിന് പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേം നല്കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ദുരിതപൂര്‍ണ്ണമായ അവളുടെ രഹസ്യരോഗം അവിടുത്തെ സൗഖ്യത്തെ പ്രഘോഷിച്ചു. ദൃശ്യയായ ഒരു സ്ത്രീ അദൃശ്യമായ അവിടുത്തെ ദൈവത്വം അവര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. പുത്രന്റെ ദൈവത്വം അവിടുന്നു നല്‍കിയ രോഗശാന്തി വഴി വെളിവാക്കപ്പെട്ടു. രോഗിണിയായ സ്ത്രീയുടെ വിശ്വാസം അവള്‍ക്കു നല്കപ്പെട്ട സൗഖ്യം വഴി വെളിവായി. അവിടുന്ന് പ്രഘോഷിക്കപ്പെടാന്‍ അവള്‍ കാരണമായി. അവളും അവിടുത്തോടൊപ്പം പ്രഘോഷിക്കപ്പെട്ടു. അവള്‍ അവിടുത്തെ ദൈവത്വത്തിനു സാക്ഷിയായതു പോലെ, അവിടുന്ന് അവളുടെ വിശ്വാസത്തിനു സാക്ഷ്യം നല്‍കി. ചികിത്സാവിധികളെക്കാള്‍ എത്രയോ ഉപരിയാണ് വിശ്വാസമെന്നു വ്യക്തമാവുകയും ചെയ്തു. മാര്‍ അപ്രേം തുടരുന്നു: വൈദ്യശാസ്ത്രം നിശബ്ദമാക്കപ്പെട്ടപ്പോള്‍, വസ്ത്രത്തില്‍ പൊതിഞ്ഞ ദൈവത്വം പ്രഖ്യാപിക്കപ്പെട്ടു. മനുഷ്യവര്‍ഗ്ഗം തന്നില്‍ നിന്നു ദാനങ്ങള്‍ സ്വീകരിക്കാനായി അവന്‍ ശരീരം ധരിച്ച് മനുഷ്യത്വത്തിലേക്ക് ഇറങ്ങിവന്നു. മനുഷ്യര്‍ക്ക് ദൈവത്വത്തെ സമീപിക്കുന്നതിനായി അവിടുന്നു മനുഷ്യശരീരമെടുത്തു.

ആ സ്ത്രീയെ ധൈര്യപ്പെടുത്തിക്കൊണ്ട് അവിടുന്ന് അവളെ ‘എന്റെ മകളേ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഈശോയിലുള്ള അവളുടെ വിശ്വാസത്തിന്റെ മാഹാത്മ്യവും ശക്തിയും അവിടുന്ന് എടുത്തുകാട്ടി. വിശ്വാസം വഴി അവള്‍ക്കു സൗഖ്യത്തേക്കാള്‍ ഉപരിയായ നേട്ടമുണ്ടായി. രഹസ്യമായ വേദനയില്‍ പ്രകാശിച്ചുകൊണ്ടിരുന്ന വിശ്വാസം, പരസ്യമായി കിരീടം ധരിപ്പിക്കപ്പെടുക ഉചിതമമെന്നാണ് അപ്രേം പിതാവ് പറയുന്നത്. അവിടുന്ന് അവള്‍ക്കു നല്‍കിയ സമാധാനമാണ് അവളുടെ വിജയകിരീടം. അവിടുന്ന് അവളോട് അരുളിച്ചെയ്തു: ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തില്‍ പോവുക’ ഈശോ പ്രവര്‍ത്തിച്ച അത്ഭുതങ്ങളോരോന്നും അവിടുന്ന് പ്രദാനം ചെയ്യുന്ന രക്ഷയുടെ അടയാളമായിരുന്നു. താല്‍ക്കാലികമായ-ഏതെങ്കിലും ശാരീരികമോ ഭൗതികമോ ആയ നേട്ടം നല്‍കാനായിരുന്നില്ല അവിടുന്ന് മനുഷ്യനായി അവതരിച്ചത്. അവിടുന്ന് രോഗങ്ങള്‍ സുഖപ്പെടുത്തിയതും പാപം മോചിച്ചതും മരിച്ചവരെ ഉയിര്‍പ്പിച്ചതുമെല്ലാം വരാനിരിക്കുന്ന ലോകം എപ്രകാരമായിരിക്കും എന്നു വ്യക്തമാക്കാനായിരുന്നു. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് മുന്‍കൂട്ടി ഒരു ഗ്രാഹ്യം നല്കുന്നതിന് വേണ്ടിയായിരുന്നു. സ്വര്‍ഗ്ഗത്തില്‍ കാര്യങ്ങള്‍ എപ്രകാരമായിരിക്കും എന്ന് പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ചുരുക്കത്തില്‍ സ്വര്‍ഗ്ഗത്തിന്റെ മുന്നാസ്വാദനം ഈ ഭൂമിയില്‍ നല്‍കാനായിരുന്നു. ഈ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നതാണല്ലോ രക്ഷ. ആ സ്ത്രീയുടെ വിശ്വാസം ഈ രക്ഷ അവള്‍ക്കു പ്രാപ്തമാക്കി എന്നാണവിടുന്ന് പ്രഖ്യാപിച്ചത്.
ഈശോ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സംഘപ്രമാണിയുടെ മകള്‍ മരിച്ചുപോയി എന്ന അറിയിപ്പുമായി ആളെത്തി. മുന്‍സംഭവത്തിലെ സ്ത്രീയോടു പറഞ്ഞതു തന്നെയാണ് ആ ബാലികയുടെ പിതാവിനോടും അവിടുത്തേക്ക് പറയുവാനുണ്ടായിരുന്നത്. ‘ഭയപ്പെടേണ്ട. വിശ്വസിച്ചാല്‍ മാത്രം മതി. അവള്‍ ജീവിക്കും.’ ഈ വചനം അയാളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റുന്നതിനും അചഞ്ചലമായ വിശ്വാസം അയാളില്‍ ഉളവാക്കുന്നതിനും പര്യാപ്തമായിരുന്നു എന്ന് വിശുദ്ധ അംബ്രോസ് വ്യാഖ്യാനിക്കുന്നു. സിനഗോഗ് അധികാരിയുടെ ഭവനത്തിലെത്തിയപ്പോള്‍ അവിടെ ബാലികയെയോര്‍ത്തു വിലപിച്ചിരുന്നവരോട് ഈശോ അരുള്‍ ചെയ്തു: നിങ്ങള്‍ കരയേണ്ട. അവള്‍ മരിച്ചിട്ടില്ല; ഉറങ്ങുകയാണ്. കുട്ടി മരിച്ചു കഴിഞ്ഞിരുന്നു എന്നു ചുറ്റും നിന്നിരുന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നതു കൊണ്ട് അവര്‍ അവിടുത്തെ പരിസഹിച്ചു. ബാലിക മരിച്ചിട്ടില്ലായിരുന്നുവെന്നും ഈശോ പ്രവര്‍ത്തിച്ചത് അത്ഭുമല്ലായിരുന്നുവെന്നും ആര്‍ക്കും ഇനി പറയാനാവില്ലല്ലോ. ഈ പരിഹാസകരെ തന്നെയും വിശ്വാസികളാക്കി മാറ്റുന്നതിനു വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞതെന്ന് അപ്രേം പിതാവ് സാക്ഷ്യപ്പെടുത്തുന്നു. മരിച്ചവരുടെ ഉയിര്‍പ്പില്‍ പ്രത്യാശയുള്ളതു കൊണ്ട് നമ്മളും മരിച്ചവരെ നിദ്രപ്രാപിച്ചവര്‍ എന്നു വിളിക്കുന്നുണ്ടല്ലോ.

ബാലികയുടെ കൈയ്ക്കു പിടിച്ചുകൊണ്ട് ഈശോ അരുള്‍ചെയ്തു: ‘ബാലികേ, എഴുന്നേല്ക്കുക’. ഉടനെ അവള്‍ക്കു ജീവന്‍ തിരികെ ലഭിക്കുകയും അവള്‍ എഴുന്നേല്ക്കുകയും ചെയ്തു. ആര്‍ക്കും എതിര്‍ക്കാനാവാത്ത ദൈവവചനത്തിന്റെ ശക്തി! മരണത്തെയും ജീര്‍ണ്ണതയെയും നിര്‍മ്മാര്‍ജനം ചെയ്യുന്ന ദൈവികകരത്തി ന്റെ ജീവദായകമായ സ്പര്‍ശം! ഇവ വിശ്വാസത്തിന്റെ ഫലങ്ങളാണ് (അലക്‌സാണ്ട്രിയായിലെ സിറിള്‍). സത്യമായും അവള്‍ ജീവിക്കുന്നു എന്നു കാണിക്കാനും അതുവഴി സത്യം വിശ്വസിക്കപ്പെടാനും വേണ്ടി അവള്‍ക്കു ഭക്ഷിക്കാന്‍ നല്കാന്‍ അവിടുന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഉത്ഥിതനായ മിശിഹാ നമ്മുടെ കരം പിടിക്കുകയും തന്റെ മണവറയിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്ന സംഭവങ്ങളാണല്ലോ ഏലിയാ-സ്ലീവാ-മൂശക്കാലത്ത് നമ്മള്‍ അനുസ്മരിക്കുന്നത്. രക്ഷപ്രാപിച്ച് അവിടുത്തോടൊപ്പം നിത്യം ജീവിക്കുന്നതിന്റെ അച്ചാരമായി അവിടുന്ന് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലും വിശുദ്ധ ബലിപീഠത്തില്‍നിന്ന് തിരുശരീര-രക്തങ്ങള്‍ നമുക്ക് നല്‍കുന്നു. അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിക്കാന്‍ മാത്രമല്ല അവിടുത്തെ പൂര്‍ണ്ണമായി സ്വീകരിക്കാനും നമുക്കു ഭാഗ്യം ലഭിക്കുന്നു. വിശ്വാസത്തോടെ ഈ ദിവ്യരഹസ്യങ്ങളെ സമീപിക്കുന്നതിനും സ്‌നേഹത്തോടെ അവിടുത്തെ സ്വീകരിക്കുന്നതിനും അതുവഴി സ്വര്‍ഗ്ഗത്തില്‍ ചേരുന്നതിനുള്ള പ്രത്യാശയോടെ ജീവിക്കുന്നതിനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ