സിറിയയില്‍ പുരാതന ദൈവാലയം കണ്ടെത്തി 

ആദ്യ നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലെ മതപീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന രഹസ്യ ദൈവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. സിറിയയിലെ മാന്‍ബിജിയില്‍ നിന്നാണ് പുരാവസ്തുഗവേഷകര്‍  പുരാതന ദൈവാലയത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷത്തോളം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു ഈ സ്ഥലം.

ഐഎസ് തീവ്രവാദികളുടെ ശ്രദ്ധയില്‍ പെടാത്ത വിധത്തിലാണ് ദൈവാലയത്തിന്റെ കവാടം സ്ഥിതിചെയ്തിരുന്നത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ടണലില്‍, രക്ഷപെടുന്നതിനുള്ള രഹസ്യ മാര്‍ഗ്ഗങ്ങളും രഹസ്യ വാതിലുകളും ഗ്രീക്ക് ലിപികളും കുരിശടയാളത്താലും ക്രിസ്തീയ അടയാളങ്ങളാലും നിറഞ്ഞ അള്‍ത്താരയും ഗവേഷകര്‍ കണ്ടെത്തി. കൂടാതെ, പുരോഹിതര്‍ക്കുള്ള ശ്മശാനവും വലിയ പാറകള്‍ കൊണ്ടുള്ള ശവക്കല്ലറകളും ദൈവാലയത്തിനുള്ളില്‍ ഉണ്ടായിരുന്നു.

ഈ സ്ഥലം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഐഎസ് ഭീകരര്‍ കയ്യടക്കി വച്ചിരുന്നതിനാല്‍ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നില്ല. 2017 ല്‍ ഭീകരരെ തുരത്തിയോടിച്ചതിനു ശേഷമാണ് ദൈവാലയം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ക്രിസ്ത്യന്‍ അടയാളങ്ങളും, പ്രതീകങ്ങളും കോറിയിട്ടിരിക്കുന്ന മുറിയിലേക്ക് നയിക്കുന്ന, കല്‍പ്പടവുകളോട് കൂടിയ തുരങ്ക പാതയുടെ രണ്ടാം ഘട്ട ഖനനം പ്രദേശവാസികളുടെ സഹായത്തോടെയാണ് നടത്തിയത്.

Leave a Reply