ഭാരതത്തിൽ സീറോ മലബാർ സഭയുടെ പ്രവർത്തന പരിധി: ചില പരിചിന്തനങ്ങൾ

ബിഷപ്പ് ജോസ് പൊരുന്നേടം

തെലുങ്കാനാ സംസ്ഥാനത്തെ ഷംസാബാദ് എന്ന കൊച്ചു പട്ടണം കേന്ദ്രമാക്കി ഒരു പുതിയ രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് പുതിയ രൂപത. കാരണം ഈ രൂപതയുടെ സ്ഥാപനത്തോടെ ഭാരതത്തിൽ എവിടെയും സീറോ മലബാർ അംഗങ്ങൾക്ക് സ്വന്തം സഭാധികാരികളുടെ അജപാലന പരിലാളനയിൽ ആയിരിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു.1599 ലെ ഉദയംപേരൂർ സുന്നഹദോസ് വരെ അങ്ങനെയായിരുന്നു ഇവിടെ കാര്യങ്ങൾ നടന്നിരുന്നത്‌. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ഭാരതത്തിൽ മേൽക്കോയ്മ സ്ഥാപിച്ചതോടെ അതില്ലാതായിരുന്നു. ഇവിടെയുള്ള എല്ലാ ക്രിസ്ത്യാനികളും പോർട്ടുഗീസ് രാജാവ് നാമനിർദ്ദേശം ചെയ്തു് മാർപ്പാപ്പയാൽ നിയമിതനായ ലത്തീൻ സഭയിൽ പെട്ട ഒരു മെത്രാന്റെ ഭരണത്തിൻ കീഴിൽ കഴിയണമായിരുന്നു. അതിന്റെ അടിസ്ഥാനം രാജാവും മാർപ്പാപ്പയും തമ്മിൽ ഉണ്ടാക്കിയ ഒരു ഉടമ്പടിയായിരുന്നു. അതനുസരിച്ച് റോമിന് കിഴക്കുള്ള ഇന്നത്തെ ഫിലിപ്പീൻസ് വരെയുള്ള രാജ്യങ്ങളിൽ സുവിശേഷ പ്രഘോഷണം നടത്തി അക്രൈസ്തവരെ ക്രിസ്ത്യാനികളാക്കിയാൽ രാജാവിന് അവരുടെ മേൽ എല്ലാ അധികാരവും കിട്ടുമായിരുന്നു. ആരാജ്യങ്ങളിൽ കച്ചവടം നടത്താനുള്ള കുത്തകാവകാശവും രാജാവിന് ലഭ്യമായിരുന്നു.

ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർത്ത പോർട്ടുഗീസുകാരനായ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് ദെ മെനേസിസിന്റെ ആശയത്തിൽ സൂനഹദോസിൽ വച്ചാണ് മാർത്തോമ്മ നസ്റാണികൾ കത്തോലിക്കരായി മാറിയത്. അതു വരെ അവർ നെസ്തോറിയൻ പാഷണ്ഡികളായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്നത്തെ പാശ്ചാത്യ കത്തോലിക്കാ ദൈവശാസ്ത്രമനുസരിച്ചു് പാഷണ്ഡികൾക്ക് ക്രൈസ്തവർക്കുള്ള അവകാശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പാഷണ്ഡത ആരോപിച്ച് മാർത്തോമ്മാ നസ്റാണികളുടെ അന്നത്തെ സഭാതലവനായിരുന്ന കൽദായ പാത്രിയാർക്കീസിനേയും അദ്ദേഹം ഭാരതത്തിലേക്കയച്ച മെത്രാന്മാരേയും സൂനഹദോസ് മുടക്കി.

ചുരുക്കത്തിൽ ഭാരതത്തിലും സുവിശേഷ പ്രഘോഷണം നടത്തി ഇവിടെ ക്രൈസ്തവ സമൂഹത്തെ സൃഷ്ടിച്ചു എന്ന അവകാശപ്പെടാനും അതുവഴി ഇവിടെ മേൽക്കോയ്മയും കച്ചവടത്തിന്റെ കുത്തകയും അവകാശപ്പെടാനും അവസരമുണ്ടായി. മാത്രമല്ല ഇവിടെ അദ്ദേഹത്തോട് കൂറു പുലർത്തുന്നവരും ലത്തീൻ സഭയിൽ പെട്ടവരുമായ മെത്രാന്മാരെ നാമനിർദ്ദേശം ചെയ്യാനും കഴിഞ്ഞു. പാശ്ചാത്യലോകത്ത് അന്ന് ഏറെ വിലമതിച്ചിരുന്ന കുരുമുളകിന്റെ കച്ചവടക്കാരായിരുന്ന നസ്റാണികളെ സ്വന്തം പ്രജകളായി അവര്‍ മാറ്റിയത് ഈ രീതിയിലായിരുന്നു. 1599 മുതൽ മാർത്തോമ്മാ നസ്റാണികൾ നടത്തിയ ഐതിഹാസിക ശ്രമങ്ങളുടെ അവസാനം 1887 ൽ ആ സ്ഥിതിക്ക് ചെറിയൊരു മാറ്റം വന്നെങ്കിലും ഒരിക്കലും ഭാരതത്തിലെവിടേയും തങ്ങളുടെ സഭാനേതൃത്വത്തിന്റെ ഇടയശുശ്രൂഷ സ്വതന്ത്രമായി ലഭിക്കാൻ അവര്‍ക്ക് ഇടവന്നിരുന്നില്ല.

വർഷങ്ങൾ കടന്നു പോയതോടെ ഭാരതത്തിൽ എല്ലായിടത്തും ലത്തീൻ സഭയുടെ രൂപതകൾ സ്ഥാപിതമായി. അതാത് സ്ഥലങ്ങളിലെ മാർത്തോമ്മാ നസ്റാണികളും അവരുടെ അജപാലന ശുശ്രൂഷ സ്വീകരിക്കാൻ നിർബന്ധിതരായി. ആയിരക്കണക്കിന് യുവതീയുവാക്കൾ ലത്തീൻ സഭയിൽ ചേർന്ന് വൈദികസന്യസ്ത ജീവിതം നയിക്കാനും തുടങ്ങി. സീറോ മലബാർ കുടിയേറ്റക്കാർക്കായി സ്ഥാപിതമായ തലശ്ശേരി രൂപത നിലവിൽ വന്നതോടെ സ്ഥിതി അല്പം മെച്ചപ്പെട്ടു. എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ യശ്ശ:ശരീരനായ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ നേതൃത്വത്തിൽ സീറോ മലബാർ പിതാക്കന്മാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് ആശയതലത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വന്നത്. കത്തോലിക്കാ സഭ എന്നത് വിവിധ റീത്തുകൾ പിൻചെല്ലുന്ന സ്വയാധികാര സഭകളുകൂട്ടായ്മയാണ് എന്ന പ്രബോധനമാണ് അത് സാധ്യമാക്കിയത്. എങ്കിലും ആ ആശയം ഭാരതത്തിൽ നടപ്പിൽ വന്നത് ബോംബെ ഭാഗത്തുള്ള സീറോ മലബാർ കത്തോലിക്കർക്കായി കല്യാൺ രൂപത സ്ഥാപിതമായതോടെയാണ്. പിന്നീട് ഫരീദാബാദ് രൂപത സ്ഥാപിതമായി. ഈയടുത്ത കാലത്ത് തമിഴ്നാട്ടിൽ ഹൊസൂർ രൂപതയും തെലുങ്കാനായിൽ ഷംസാബാദും സ്ഥാപിതമായി. സീറോ മലബാർ വിശ്വാസികൾ അവരുടെ സഭാനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. ഇനിയങ്ങോട്ടു നമ്മുടെ കടമയാണ് ഈ പ്രദേശങ്ങളിൽ തങ്ങളുടെ സ്വന്തം റീത്തിലും പാരമ്പര്യത്തിലും ആരാധന നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതും മക്കളെ ആ പാരമ്പര്യത്തിൽ വളർത്തുക എന്നതും.

കത്തോലിക്കാ സഭയിൽ എല്ലാ സ്വയാധികാര സഭകളിലും വിശ്വാസം ഒന്നല്ലേയെന്നും അങ്ങനെയെങ്കിൽ എന്തിനാണ് ഓരോ സഭയുടെയും രൂപതകളും പള്ളികളും എന്ന ചോദ്യം പലരും ചോദിക്കാറുണ്ടു്. മാത്രമല്ല ഇതെല്ലാം മെത്രാന്മാർക്കും വൈദികർക്കും അധികാരം സ്ഥാപിക്കാനുള്ള മാർഗ്ഗമാണ് എന്നും ആരോപിക്കപ്പെടാറുണ്ട്. അല്ല എന്നതാണ് ഉത്തരം. ഓരോ സഭയുടേയും പാരമ്പര്യവും ഈശോയുടെ രക്ഷാകര പദ്ധതിയുടെ പ്രകാശനമാണെന്നും അതുകൊണ്ട് അവ പിൻചെല്ലുന്ന സഭകളിലെ അംഗങ്ങൾ അവയിൽ അവഗാഹം നേടണമെന്നും അവയെ വിലമതിക്കുകയും കൂടുതൽ കൂടുതൽ സ്നേഹിക്കുകയും ചെയ്യണമെന്നും ഉള്ളത് കത്തോലിക്കാ സഭയുടെ പ്രബോധനമാണ്. പൗരസ്ത്യ സഭകളെപ്പറ്റിയും എക്യുമെനിസത്തെപ്പറ്റിയും രണ്ടാം വത്തിക്കാൻ സൂനഹദോസ് പുറപ്പെടുവിച്ച രേഖകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. കാനൻ നിയമം വഴി അത് ബന്ധപ്പെട്ടവരുടെ കടമയും ഉത്തരവാദിത്വവും ആക്കിയിരിക്കുന്നു.

ഷംസാബാദ് രൂപത സ്ഥാപിച്ചുകൊണ്ട് പരി. പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ പുറപ്പെടുവിച്ച രേഖയനുസരിച്ച് ഇപ്പോൾ സീറോ മലബാർ അധികാര പരിധിയിൽ പെടാത്ത ഭാരതത്തിലെ എല്ലാ പ്രദേശങ്ങളും ഈ രൂപതയുടെ കീഴിലായിരിക്കും. മാത്രമല്ല ഇപ്പോൾ സ്ഥാപിക്കപ്പെട്ടതുo നിലവിൽ ഉള്ളതുമായ എല്ലാ സീറോ മലബാർ രൂപതകളും മേജർ ആർച്ചുബിഷപ്പിന്റെ അജപാലനത്തിന് ഏല്പിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു. പുതിയ രൂപതയ്ക്കും അതിന്റെ ആദ്യ ഇടയനായ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിനും പ്രാർത്ഥനാ നിർഭരമായ അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ബിഷപ്പ് ജോസ് പൊരുന്നേടം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here