സീറോ മലബാര്‍ അഗസ്റ് 12 ലൂക്കാ 17: 11-19

ലൂക്കാ സുവിശേഷകന്റെ അഭിപ്രായത്തില്‍ യേശുവിന്റെ ദൗത്യം പൂര്‍ത്തിയാക്കപ്പെടുന്നത് പ്രധാനമായും മൂന്ന് സ്ഥലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഗലീലി, സമരിയ, ജറുസലേം എന്നീ പ്രദേശങ്ങള്‍. യേശു ഗലീലിയില്‍നിന്ന് ജറുസലേമിലേക്കുള്ള യാത്രയിലാണ് 10 കുഷ്ഠ രോഗികളെ കണ്ട് മുട്ടുന്നത്. അവര്‍ക്ക് നഗരത്തിലും ഗ്രാമത്തിലും പ്രവേശനം നിഷേധിച്ചിരുന്നു. പൊതുജനം നടക്കുന്ന വഴിയിലൂടെ സഞ്ചരിക്കാനും അവര്‍ക്കനുവാദമുണ്ടായിരുന്നില്ല. അത് മാത്രവുമല്ല പഴയ നിയമത്തില്‍ കുഷ്ഠരോഗം ദൈവശാപത്തിന്റെ ദൃശ്യാടയാളമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അവരും ശപിക്കപ്പെട്ടവരായിത്തീരും.

കുഷ്ഠരോഗികള്‍ സ്വരമുയര്‍ത്തി യേശുവേ ഗൂരോ എന്നില്‍ കനിയണമേയെന്ന് ഉറക്കെ വിളിച്ചപേക്ഷിച്ചപ്പോള്‍, ഈശോ അവരെ സുഖപ്പെടുത്തുകയല്ല മറിച്ച് നിങ്ങളെത്തന്നെ പുരോഹിതര്‍ക്ക് കാണിച്ച് കൊടുക്കുക എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. കാരണം ഒരുവന്‍ സുഖം പ്രാപിച്ചവനെന്ന് അംഗീകരിക്കപ്പെടണമെങ്കില്‍ പുരോഹിതന്റെ സാക്ഷ്യപത്രം ആവശ്യമായിരുന്നു. വചനം പറയുന്നു പോകുന്ന വഴിക്ക് അവര്‍ സുഖം പ്രാപിച്ചുവെന്ന്. സുഖപ്പെട്ടവരില്‍ ഈശോയുടെ അടുക്കലേക്ക് തിരിച്ച് വന്നത് ഒരു വിജാതീയന്‍ മാത്രം.

ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് എല്ലാവരും സുഖം പ്രാപിച്ചു. എന്നാല്‍ ഒരുവന്‍ മാത്രം രക്ഷപ്രാപിച്ചുവെന്നാണ്. എല്ലാ അനുഗ്രഹങ്ങളും ദൈവത്തില്‍നിന്ന് വരുന്നുവെന്ന് വിശ്വസിക്കുകയും, അവ ഏറ്റു പറഞ്ഞ് അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നവരാണ് രക്ഷയിലേക്ക് കടന്ന് വരിക. അപ്പ. പ്രവര്‍ത്തനം 4:12-ല്‍ ഇപ്രകാരം നമ്മള്‍ വായിക്കുന്നുണ്ട്, ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷക്ക് വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. യേശുവെന്ന നാമമല്ലാതെ. ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് മനുഷ്യരക്ഷയ്ക്കായുള്ള ഏകനാമമാണ് യേശുവെന്ന നാമം.

ഇന്നത്തെ സുവിശേഷത്തില്‍ നാം ഈശോയെ കണ്ടെത്തുന്നത്, സമൂഹം മുഴുവന്‍ മാറ്റി നിറുത്തിയ, എല്ലാവരാലും വെറുക്കപ്പെട്ടവരുമായ കുഷ്ഠരോഗികളുടെ ജീവിതവഴിത്തിരിവില്‍ ആശ്വാസദായകനായിട്ടാണ്. ഇതുപോലെ നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ കടന്നു വരുന്നവനാണ് ഈശോ. അവിടുത്തോട് നന്ദിയുള്ളവരാകാന്‍ എത്രമാത്രം നാം പരിശ്രമിച്ചിട്ടുണ്ട്. പ്രിയമുള്ള സഹോദരങ്ങളെ കര്‍ത്താവിന്റെ മുമ്പില്‍ നന്ദിപ്രകാശിപ്പിക്കാന്‍ നമ്മുടേതായ മാനദണ്ഡങ്ങള്‍ തിരഞ്ഞ് പോകരുത്, അല്ലെങ്കില്‍ സുഖം പ്രാപിച്ചിട്ട് നന്ദി പറയാന്‍ മനസ്സ് കാണിക്കാത്ത കുഷ്ഠ രോഗികളെപ്പോലെ അനുഗ്രഹം ഞങ്ങളുടെ അവകാശമാണെന്ന് ചിന്തിച്ച് കര്‍ത്താവില്‍നിന്ന് പിന്തിരിഞ്ഞ് നടക്കരുത്. നന്ദി പറയുക എന്നത് ഒരു പതിവ് ശൈലിയായി നമ്മുടെ ജീവിതങ്ങളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നാണ്. നമ്മുടെ ജീവിതത്തില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇടങ്ങളുണ്ട്. അവിടെ കര്‍ത്താവാണ് ഇടപെടുന്നത്. അനുഗ്രഹങ്ങള്‍ ചിലപ്പോള്‍ പ്രകടമായ അടയാളങ്ങളിലൂടെ ആയിരിക്കില്ല നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഓരോ ദിവസവും, നേരം വെളുക്കുന്നു, രാത്രിയാകുന്നു. ഈ രാത്രിയും പകലുമായി എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ കര്‍ത്താവിന്റെ അനുഗ്രഹം നമ്മുടെ കൂടെയുള്ളതായ് അനുഭവിക്കാന്‍ കഴിയും.

രാവിലെ ഉണര്‍ന്നാല്‍ ആ ദിവസം മുഴുവന്‍ ജീവിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്. ജോലിക്ക് പോയാല്‍ തിരിച്ച് വരുമെന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്. സ്‌കൂളില്‍ പോയാല്‍ സുരക്ഷിതമായി അവിടെയെത്തുമെന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്.. ഇവിടെയെല്ലാം നമ്മുടെ ജീവിതം നന്നായി പോകുന്നുവെങ്കില്‍ കര്‍ത്താവിന്റെ അനുഗ്രഹം നമ്മെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കുക. ഇതിനേക്കുറിച്ചോര്‍ത്ത് ഹൃദയം തുറന്ന് ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ? റോമ-9:16-ല്‍ പറയുന്നു മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല കര്‍ത്താവിന്റെ ദയയാണ് എല്ലാറ്റിന്റേയും അടിസ്ഥാനം. അതുകൊണ്ട് കര്‍ത്താവിനോട് നന്ദിയുള്ളവരായിരിക്കുക. അത് ഒരു പതിവ് ശൈലിയാക്കി മാറ്റുക.

ദാനിയേല്‍ പ്രവാചകന്റെ പുസ്തകം 6-ാം അദ്ധ്യായം 10-ാം തിരുവചനം, തന്റെ വീടിന് മുകളിലത്തെ നിലയില്‍ ജറുസലേമിന് നേരെ തുറന്ന് കിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍ മുമ്പ് ചെയ്തിരുന്നതുപോലെ അവന്‍ അവിടെ ദിവസേന മൂന്ന് പ്രാവശ്യം മുട്ടിന്മേല്‍നിന്ന് തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും നന്ദിപറയുകയും ചെയ്തു. ഇതുപോലെ നന്ദിപറയാനുള്ള സമയമായി നമ്മുടെ കുടുംബപ്രാര്‍ത്ഥനകള്‍ മാറണം/നമ്മുടെ യാമപ്രാര്‍ത്ഥനകള്‍ മാറണം, നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ മാറണം, നമ്മുടെ അനുദിന വി.ബലിയര്‍പ്പണം മാറണം. ജീവിതത്തില്‍ അല്ലലും അലച്ചിലും ഇല്ലാതെ വരുമ്പോള്‍ നന്ദിപറയാന്‍ മറന്ന് പോകും. പക്ഷേ പരാതിക്ക് യാതൊരു മുടക്കവുമില്ല. ജീവിതത്തിലെ ഏത് സാഹചര്യത്തിലും നന്ദിപറയുമ്പോള്‍ ദൈവഹിതത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ നമുക്ക് സാധിക്കും.

പ്രിയമുള്ള സഹോദരങ്ങളെ അനുഗ്രഹങ്ങളെ നോക്കി, നന്ദിപറയുക ശ്രേഷ്ഠമായ കാര്യമാണ്. എന്നാല്‍ ജീവിതത്തിലെ വേദനകള്‍ക്കും, സഹനങ്ങള്‍ക്കും നടുവില്‍ നന്ദിപറയുക എന്നത് അതിശ്രേഷ്ഠമായ കാര്യമാണ്. ഈശോ നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. ഒരിക്കല്‍ വി. ഫൗസ്റ്റീന ഇപ്രകാരം പറഞ്ഞു. എന്റെ ജീവിതത്തില്‍ വരുന്ന സഹനങ്ങളും, വേദനകളും, ഈശോപോലും അറിയരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു.

ഞങ്ങളുടെ ഇടവകയിലെ തീക്ഷ്ണമതിയായ ഒരു ജീസസ് യൂത്ത് പ്രവര്‍ത്തകനാണ് ജിനോ. ജീവിതത്തിലെ ഏതവസ്ഥയിലും കര്‍ത്താവിന് നന്ദിപറയാന്‍ അവന്‍ വളരെ ഉത്സാഹിച്ചിരുന്നു. ഒരിക്കല്‍ ജീസസ് യൂത്തിന്റെ മീറ്റിംഗിനായ് പോകുമ്പോള്‍ അവന് വലിയൊരു അപകടം സംഭവിച്ചു. വളരെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവന് വേണ്ടി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ത്യാഗമെടുത്ത് പ്രാര്‍ത്ഥിച്ചു. ഇതിന്റെ ഫലമായി ജിനോയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും, അവന്റെ വലതുകൈകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാതെയായി. ഒപ്പം സംസാരശേഷിയും നഷ്ടപ്പെട്ടു. ഒരുദിവസം 2 കൂട്ടുകാരുടെ തോളില്‍ കൈയ്യിട്ട് ജിനോ ആശുപത്രി വരാന്തയിലൂടെ നടക്കുകയായിരുന്നു. അവര്‍ നടന്ന് ആരാധന നടക്കുന്ന ചാപ്പലിന്റെ മുമ്പിലെത്തി. അപ്പോള്‍ അവിടെ എത്രയും ദയയുള്ള മാതാവേ എന്ന പാട്ട് പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഈ രണ്ട് കൂട്ടുകാരും അവിടെനിന്ന് ഈ പാട്ട് പാടി ജിനോക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ ശ്രദ്ധിച്ചു, അവരോടൊപ്പം മറ്റൊരാള്‍കൂടി പാടുന്നു. അത് സംസാരശേഷി നഷ്ടപ്പെട്ട ജിനോയായിരുന്നു. ജിനോയ്ക്ക് ദൈവം സംസാരശേഷി തിരികെ കൊടുത്തു.

പക്ഷേ ദൈവം രണ്ട് അടയാളങ്ങള്‍ മാത്രം അവനില്‍ ബാക്കിവെച്ചു. ഒന്ന് അവന്റെ വലതുകൈ പൂര്‍ണ്ണമായും ബലംപ്രാപിച്ചില്ല. അതുപോലെ സംസാരിക്കുമ്പോള്‍ സ്ഫുടതയും നഷ്ടപ്പെട്ടു. എന്നാല്‍ പാട്ടുപാടാന്‍ ജിനോയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഇത്രയൊക്കെ കുറവുകള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടും ജിനോയിന്നും കര്‍ത്താവിന് ആത്മാര്‍ത്ഥമായി നന്ദിപറഞ്ഞുകൊണ്ടിരിക്കുകയാണ് ജീസസ് യൂത്തിന്റെ പ്രവര്‍ത്തനത്തിലൂടെ. ഈ വേദനയുടെ നടുവിലും അവന്‍ പരാതിപ്പെട്ടിട്ടില്ല, പിന്നെയോ 119-ാം സങ്കീ. 70-71 വാക്യങ്ങളില്‍ സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ അവനും പറയുന്നു ”ദുരിതങ്ങളെനിക്ക് ഉപകാരമായി തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.

ആയിരിക്കണക്കിന് പൊന്‍വെള്ളി നാണയങ്ങളേക്കാള്‍ അങ്ങയുടെ വദനത്തില്‍നിന്ന് പുറപ്പെടുന്ന നിയമമാണെനിക്കാഭികാമ്യം. പ്രിയമുള്ള സഹോദരങ്ങളെ ദൈവത്തിന് നന്ദിപറയുന്ന നമുക്ക് ആ പരിധി കല്‍പിക്കാതിക്കാം. അത് നമ്മുടെ ഒരു പതിവ് ശൈലിയായി മാറട്ടെ. എന്റെ ജീവിതത്തിലെ കഴിവും, സമ്പത്തും, സ്ഥാനമാനങ്ങളും എന്റെ മാത്രം പ്രയത്‌നത്തിന്റെ ഫലമാണെന്ന് പറയരുത്. കാരണം അദൃശ്യമായ കരണങ്ങളാല്‍ നമ്മെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ സമ്മാനങ്ങളണവ. ഓരോ വി. കുര്‍ബ്ബാനകളിലും നാം പങ്കുചേരുമ്പോള്‍ ഈ വലിയബോധ്യം നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം.. അപ്പോള്‍ ഓരോ വി.കുര്‍ബ്ബാനയും നമുക്ക് നന്ദിയുടെ പ്രകാശമായി മാറും, അങ്ങനെ അനുഗ്രഹത്തിന്റെ വേളയിലും ദുരിതങ്ങളിലുമെല്ലാം കര്‍ത്താവിന് നന്ദിപറയാന്‍ നമുക്ക് സാധിക്കും. ഇതിനായി സര്‍വ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേന്‍…

ബ്രദര്‍ ജോഷി കണ്ണംപുഴ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ