നിസ്വാർത്ഥതയും അർപ്പണ മനോഭാവവും സാമൂഹ്യ ശുശ്രൂഷകരുടെ മുഖമുദ്ര: ജസ്റ്റീസ് എബ്രാഹം മാത്യു

കൊച്ചി: നിസ്വാർത്ഥതയും അർപ്പണ മനോഭാവവും സാമൂഹ്യ ശുശ്രൂഷകരുടെ മുഖമുദ്രയാകണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രാഹം മാത്യു. സീറോ മലബാർ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന മേഖലയിൽ കാലാകാലങ്ങളിൽ സീറോ മലബാർ സഭ നൽകിയ സംഭാവനകൾ മഹത്തരമാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ സാമൂഹ്യ പ്രവർത്തകർക്ക് കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിഫലം പ്രതീക്ഷിക്കാതെ ശുശ്രൂഷ ചെയ്യാനുള്ള മനോഭാവമാണ് സാമൂഹ്യ ശുശ്രൂഷകർക്ക് ഉണ്ടായിരിക്കേണ്ടതെന്നും പ്രവർത്തനങ്ങളിലെ സുതാര്യതയും എല്ലാവിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് പിന്നോക്കാവസ്ഥയിലുള്ളവരെ ഉൾക്കൊള്ളാനുള്ള മനോഭാവം കൂടുതലായി വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തി.  ഫാ. ആന്റണി കൊല്ലന്നൂർ, സിസ്റ്റർ ആലിസ് ലൂക്കോസ്, ഫാ. ജേക്കബ്ബ് മാവുങ്കൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

സീറോ മലബാർ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നൽകിയിരിക്കുന്ന സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ)ന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിച്ചത്.

സംഗമത്തോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിഷയാവതരണം നടത്തി. ഫാ. തോമസ് നടക്കാലൻ, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, സിസ്റ്റർ ജാസിന സി.എം.സി, സിജോ പൈനാടത്ത് എന്നിവർ പ്രതികരണങ്ങളും പ്രവർത്തനസാധ്യതകളുടെ അവതരണവും നടത്തി. ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട സ്പന്ദൻ വാർഷിക ജനറൽ ബോഡി യോഗം സ്പന്ദൻ സിനഡൽ കമ്മിറ്റി അംഗം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്  മോഡറേറ്റ് ചെയ്തു.

സീറോ മലബാർ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ നെറ്റ്‌വർക്കിംഗിനും ഏകോപനത്തിനും വിപുലീകരണത്തിനുമായി രൂപീകൃതമായിരിക്കുന്ന ‘സ്പന്ദൻ’ ന്റെ പ്രവർത്തനറിപ്പോർട്ട് ചീഫ് കോർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെട്ടു. വടക്കേ ഇൻഡ്യയിലെ മിഷനറി പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും പ്രവർത്തനാഭിമുഖ്യങ്ങൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്തു.

സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമാപന സന്ദേശം നൽകി. സ്പന്ദൻ സീറോ മലബാർ സിനഡൽ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സീറോ മലബാർ രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബഹു. വൈദികരും സീറോ മലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ