കുട്ടി കരയുകയാണ്

ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടേയും കാരണം
ശ്രീ ബുദ്ധന്‍

കുട്ടി കരയുകയായിരുന്നു. കരയരുതെന്ന് പലരും പറഞ്ഞിട്ടും കുട്ടി കേട്ടില്ല. എന്താണ് കാരണമെന്നും ആര്‍ക്കും മ നസ്സിലായില്ല.
ഒടുവില്‍ ഒരാള്‍ ഒരാപ്പിള്‍ കുട്ടിയുടെ കയ്യില്‍വച്ച് കൊടുത്തു. പെട്ടെന്ന് കുട്ടി കരച്ചില്‍ നിര്‍ത്തി. ആ മുഖം വിടര്‍ന്നു, സന്തോഷമായി, ചിരിക്കാന്‍ തുടങ്ങി. ആപ്പിള്‍ കൊടുത്തയാള്‍ ഒരെണ്ണം കൂടി കുട്ടിക്ക് കൊടുത്തു. അത് മറുകയ്യില്‍ പിടിച്ച് കുട്ടി പൂര്‍വ്വാധികം സന്തോഷവാനായി. വീണ്ടും ഒരെണ്ണം കൂടി കൊടുത്തു. കുട്ടി അതും കയ്യില്‍പിടിച്ചു. പിന്നെയും കൊടുത്തു ഒരാപ്പിള്‍ കൂടി. നാല് ആപ്പിളുകള്‍ രണ്ട് കയ്യിലും പിടിച്ച് കുട്ടി നില്‍പ്പാണ്.

ദേ കൊടുക്കുന്നു, ഒരാപ്പിള്‍കൂടി. കുട്ടി എല്ലാംകൂടി നെ ഞ്ചോട് ചേര്‍ത്ത് പിടിച്ച് നില്‍പ്പായി. പെട്ടെന്ന് ഒരെണ്ണം കൂടി അവന്റെ നേരെ നീട്ടി.
ആപ്പിളുകള്‍കൊണ്ട് കൈകള്‍ നിറഞ്ഞിരുന്നതിനാല്‍ കു ട്ടിക്ക് അത് വാങ്ങിക്കാനായില്ല. കുട്ടി വീണ്ടും കരച്ചില്‍ തുടങ്ങി.
ഈ കുട്ടിയുടെ വലിയ പ്രതിച്ഛായകളാണ് പലപ്പോഴും നമ്മുടേത്. എന്തൊക്കെ ആഗ്രഹങ്ങളാണ് നമുക്കൊക്കെ. ഒന്നു പൂര്‍ ത്തിയായിക്കഴിയുമ്പോള്‍ അടുത്തത്. അതു കഴിയുമ്പോള്‍ പുതിയത്. അങ്ങനെയങ്ങനെ തീരാത്ത ആഗ്രഹങ്ങളുമായി നമ്മള്‍ മനുഷ്യരങ്ങനെ – കുട്ടികളും മുതിര്‍ന്നവരും ജീവിക്കുകയാണ;് എന്നും അസ്വസ്ഥത നിറഞ്ഞ മനസ്സുമായിട്ട്.

ക്രിസ്തു അവതരിപ്പിക്കുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരും വ്യത്യസ്തരല്ല. ഒരു ദിവസം ഒരു ദനാറയ്ക്കാണ് അവ രെ വിളിക്കുന്നത്. ഒരു ദിവസം ഒരു ദനാറയ്ക്കാണ് അവര്‍ സമ്മതിക്കുന്നത്. എങ്കിലും ദിനത്തിനൊടുവില്‍ വൈകിവന്നവരേക്കാ ള്‍ കൂടുതല്‍ തങ്ങള്‍ക്കുവേണം എന്നാവശ്യപ്പെട്ട് യജമാനനോട് കലഹിക്കുകയാണവര്‍. കാരണമില്ലാത്ത കലഹിക്കലുകള്‍. ഇവിടെയും പ്രശ്‌നം ജോലിക്കാരുടെ ആഗ്രഹമാണ്. വെറും ആഗ്രഹമാണന്ന് പറഞ്ഞാല്‍ പോര, അത്യാഗ്രഹമാണെന്ന് വിശേഷിപ്പിച്ചാലേ മതിയാവുകയുളളു. കൂടുതല്‍ കിട്ടാനുളള ആഗ്രഹം.
എന്നും എവിടെയും പ്രശ്‌നങ്ങള്‍ക്ക് കാരണം ആഗ്രഹങ്ങളാണ്. അര്‍ഹിക്കാത്തത് ആഗ്രഹിക്കുന്ന മനുഷ്യസ്വഭാവത്തി ന് എന്നാണോ ഒരു മാറ്റമുണ്ടാവുക?
‘‘Desire is the cause of every suffering’. ആഗ്രഹമാണ് എല്ലാ സ ങ്കടങ്ങളുടെയും കാരണമെന്ന് ബുദ്ധന്‍ പറഞ്ഞിരിക്കുന്നത് എ ത്രയോ ശരിയാണ്.
കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെയാണ് മനുഷ്യന്റെ ആഗ്രഹങ്ങള്‍. കുതിച്ചുപായുകയാണവ. ആഗ്രഹങ്ങള്‍ സാധിക്കാന്‍വേണ്ടി ഏതറ്റംവരെ പോകാനും എത്ര ഹീനമായ കാര്യങ്ങള്‍വരെ ചെയ്യാനും ഇന്ന് മനുഷ്യര്‍ക്ക് മടിയില്ല. പക്ഷേ ആഗ്രഹങ്ങള്‍ മനുഷ്യനെ കൊണ്ട്‌ചെന്നെത്തിക്കുന്നത് എവിടെയാണ്?
നിരാശയിലും സങ്കടത്തിലുമാണ് ആവശ്യങ്ങള്‍ മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുക. ഒരു മുടന്തന്‍ പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് അവന്റെ മുടന്ത് മാറി. നന്നായി നടന്നുതുടങ്ങി. അപ്പോള്‍ അവന് സൈക്കിളില്‍ യാത്രചെയ്യാന്‍ ആഗ്രഹമായി.

പിന്നീട് ബൈക്കില്‍, ജീപ്പില്‍, ഒടുവില്‍ അവനൊരു പുതുപുത്തന്‍ കാറുവാങ്ങി. ഒരു കാര്‍ ആക്‌സിഡന്റില്‍ അവന് ഒരു കാല്‍ നഷ്ടപ്പെടുകയും ചെയ്തു. ആഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും നാമെപ്പോഴും ബോധവാന്മാരായിരിക്കണം.
പണ്ടൊരാള്‍ക്ക് തൊടുന്നതൊക്കെ സ്വര്‍ണ്ണമാക്കാനുളള വരം കിട്ടിയെന്നും സന്തോഷാധിക്യത്താല്‍ സ്വയം മതിമറന്ന് ആയാളാദ്യം തന്റെതന്നെ തലയില്‍ കൈവച്ചെന്നും, അയാളൊരു സ്വര്‍ണ്ണക്കട്ടിയായി മാറിയെന്നുമുളള ആ പഴയ കഥ ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുന്നത് നല്ലതാണ്.
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും കൂടുതല്‍ ആഗ്രഹിച്ചപ്പോള്‍ അസ്വസ്ഥരാവുകയാണ്, അവരുടെ സമാധാനം നഷ്ടപ്പെടുകയാണ് (മത്താ. 20:11). ആഗ്രഹങ്ങള്‍ കൂടിയപ്പോള്‍ അവര്‍ക്കുളളതും കൂടി നഷ്ടപ്പെടുകയാണ് എന്നത് വ്യക്തം.

നമ്മളും നമ്മുടെ ജീവിതങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും പഠിക്കേണ്ടിയിരിക്കുന്നു. തുടര്‍ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായിട്ടാണോ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നത് എന്നത് ധ്യാനിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പൂര്‍ത്തീകരിക്കാത്ത അത്യാഗ്രഹങ്ങള്‍ നമുക്കുമില്ലേ? അയല്‍ക്കാരന്റെ പോലത്തെ വലിയ വീട്, ഏറ്റവും ഉയര്‍ന്ന ശമ്പളം, സമ്പത്ത്. അതൊക്കെ ഏതെങ്കിലും വിധത്തില്‍ പൂര്‍ത്തിയായാലും പിന്നെയും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ടാകും, നമുക്ക് നിത്യദുഃഖം സമ്മാനിച്ചുകൊണ്ട്.

കിട്ടുന്നതുകൊണ്ട് സംതൃപ്തിയടയാനും ഉളളതുകൊണ്ട് ഓണം പോലെ എന്നുപറയാനും നാമേറെ ദിനങ്ങള്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരിക്കുന്നു. തീരാത്ത ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ തൃപ്തിയില്ലാതെ നിന്ന് നിലവിളിക്കുകയാണ് നമ്മള്‍. അതേ, നമ്മളാദ്യം കണ്ട കഥയിലെ ആ കുട്ടി എന്റെ മനസിലിരുന്നു കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരിക്കലും നിറുത്താത്ത കരച്ചില്‍.
എല്ലാ ആഗ്രഹങ്ങളും തീര്‍ത്തതിനുശേഷം എല്ലാം ഉപേക്ഷിച്ച ബുദ്ധന് എന്തും പറയാം. പക്ഷേ, ആഗ്രഹങ്ങളെ അന്നന്ന ത്തെ അപ്പമായി കരുതുന്നവനോട് ‘ആഗ്രഹമാണ് എല്ലാ ദു:ഖങ്ങ ളുടെയും കാരണം’ എന്നു മാത്രം പറയരുത് എന്നു യാചിക്കുന്ന വരുടെ മുമ്പില്‍ നമ്മള്‍ നിശബ്ദരാകുന്നു.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here