ബിസിസി ദേശീയ ചെയര്‍മാന്‍ ബിഷപ് ഇഗ്നേഷ്യസ് മസ്‌ക്രിനാസ് മിഷന്‍ കോണ്‍ഗ്രസില്‍

മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ 2017-ന്റെ സമാപന ദിനമായ ഒക്‌ടോബര്‍ എട്ടിന് സ്‌മോള്‍ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റീസ് ഇന്‍ ഇന്ത്യ (എസ്‌സിസി) ദേശീയ ചെയര്‍മാന്‍ സിംലാ രൂപതാധ്യക്ഷന്‍ ഡോ. ഇഗ്നേഷ്യസ് ലൊയോള മസ്‌ക്രീനാസ് പങ്കെടുക്കുന്നു. കേരള ലത്തീന്‍ സഭയുടെ ദശവല്‍സര പദ്ധതി പ്രകാശനം ചെയ്യുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ അനുഗൃഹീത സാന്നിധ്യമായിരിക്കും ബിഷപ് മസ്‌ക്രീനാസ്. രാവിലെ ഒന്‍പതിന് കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് ത്രിദിന കണ്‍വന്‍ഷന്റെ സമാപനത്തിന് തുടക്കം കുറിക്കുന്നത്.

കേരളത്തിലെ ലത്തീന്‍ സഭയില്‍ അടുത്ത പത്തുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള ദശവത്സരപദ്ധതികളുടെ പ്രകാശനം 9.15-ന് സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വ്വഹിക്കും. കെആര്‍എല്‍സിബിസി ശുശ്രൂഷാ സമിതികളുടെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ ദശവത്സര പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കും. ബിസിസി കമ്മീഷന്‍ ദേശീയ ചെയര്‍മാന്‍ ബിഷപ് ഡോ. ഇഗ്നേഷ്യസ് ലൊയോള മസ്‌ക്രീനാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിബിസിഐ ബിസിസി കമ്മീഷന്‍ സെക്രട്ടറി ഫാ. വിജയ് തോമസ് ആശംസകളര്‍പ്പിക്കും.

തുടര്‍ന്ന് 10.10-ന് ആരംഭിക്കുന്ന പഠന ക്ലാസില്‍ ‘പ്രേഷിത പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം കെആര്‍എല്‍സിബിസി സെക്രട്ടറി ജനറലും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് നയിക്കും. ‘ജീവിതത്തില്‍ എങ്ങനെ ഒരു മിഷണറിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി 11.15-ന് ടോക്‌ഷോ നടക്കും. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ കൃതജ്ഞത പ്രകാശിപ്പിക്കും.

കേരളസഭയ്ക്കു വേണ്ടിയുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ രൂപരേഖ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി അവതരിപ്പിക്കും. തുടര്‍ന്ന് ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ധാരണാ പത്രത്തില്‍ മെത്രാന്മാര്‍ പരസ്പരം ഒപ്പുവയ്ക്കും.

കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് മിഷന്‍ ക്രോസ് കൈമാറ്റവും കണ്‍വന്‍ഷനില്‍ നടക്കും. ഉച്ചയ്ക്കുശേഷം 2.30-ന് അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയോടെ മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ – 2017-ന് തിരശ്ശീല വീഴും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നതോടെ ത്രിദിന കണ്‍വന്‍ഷന് പരിസമാപ്തിയാകും.

ലത്തീന്‍സഭയെ ഒരു ജനകീയ സഭയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളെയും സമന്വയിപ്പിച്ചുകൊണ്ട് മിഷന്‍ കോണ്‍ഗ്രസിന് വേദിയൊരുക്കിയിരിക്കുന്നതെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വ്യക്തമാക്കി. സഭയില്‍ അല്മായ പങ്കാളിത്തം വര്‍ധിപ്പിച്ച് സഭാ ജീവിതം ഒരു സ്‌നേഹക്കൂട്ടായ്മയായി പുനരാവിഷ്‌ക്കരിക്കാനുള്ള നയ സമീപന നടപടികളാണ് വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതനുസരിച്ച് സഭാസംവിധാനങ്ങളില്‍ പരിഷ്‌ക്കാരങ്ങളും പുനഃക്രമീകരണങ്ങളും വരുത്താനുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടാകും.

ജെസി ചാത്യാത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ