ഇന്ത്യയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് കോടതി വിധി 

കാണ്ടമാനില്‍ നടന്ന ക്രിസ്തീയ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട പതിനാലു പേരുടെ ആശ്രിതര്‍ക്ക് അധിക ആനുകൂല്യം നല്‍കാന്‍ ഒഡീഷയിലെ ഹൈക്കോടതി ഉത്തരവിട്ടു. ദീര്‍ഘനാളായുള്ള ഇവരുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.

ഒപ്പം കലാപത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത 6000 ത്തോളം ആളുകള്‍ക്കായി 153 മില്യണ്‍ രൂപ നഷ്ടപരിഹാരമായി നല്‍കുവാനും കോടതി ഉത്തരവിട്ടു. ‘ഇന്ത്യയിലെ മതപരമായ പീഡനത്തിന് ഇരയായവര്‍ക്ക് ഇന്ന് നീതി ലഭ്യമായിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് നടന്ന കലാപത്തിലെ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കിക്കൊണ്ടുള്ള കോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള അലയന്‍സ് ഡിഫെന്‍ഡിങ് ഫ്രീഡം അഭിപ്രായപ്പെട്ടു.

കാണ്ടമാനില്‍ നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു വേണ്ടി കേസ് നല്‍കിയത് എ.ഡി.എഫ്. ഭാരവാഹിയുടെ അഭിഭാഷകനും ഡയറക്ടറുമായ തെമിന അറോറയാണ്. 2016 ല്‍ സുപ്രീം കോടതി ഉത്തരവിട്ട ‘മെച്ചപ്പെട്ട നഷ്ടപരിഹാരം’ കലാപത്തില്‍ കൊല്ലപ്പെട്ട 39 പേരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാണ്ടമാനിലെ ഹിന്ദു നേതാവായിരുന്ന ലക്ഷ്മണാനന്ത സ്വാമിയുടെ കൊലപാതകത്തോട് അനുബന്ധിച്ചാണ് ഹിന്തുത്വ വാദികള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കാണ്ടമാനിലെ പള്ളികള്‍ പുറത്തുവിടുന്ന രേഖയനുസരിച്ച് കലാപത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ അത് വെറും 39 പേര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സ്വാമിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ഹിന്തുത്വ വാദികള്‍ പ്രാദേശിക ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയും അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ക്രിസ്ത്യാനികളോട് മതം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആഴ്ചകള്‍ നീണ്ട കലാപത്തില്‍ 6000 ത്തോളം ക്രിസ്ത്യന്‍ ഭവനങ്ങളും 3000 ത്തോളം ക്രിസ്ത്യന്‍ ദൈവാലയങ്ങളും കലാപകാരികള്‍ തകര്‍ത്തു. പ്രാണഭയം മൂലം ഏകദേശം 56,000 ത്തോളം ക്രിസ്ത്യാനികള്‍ ദേശം വിട്ട് പോവുകയും ചെയ്തിരുന്നു.

Leave a Reply