ദിവ്യകാരുണ്യ അഗ്നിയുടെ പ്രചാരകൻ- ഫാ. ജോസ് വടക്കേൽ 

ദിവ്യകാരുണ്യത്തിന്റെ ശക്തി എന്താണെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്നും മനസിലാക്കിയ വൈദികൻ. വിശുദ്ധ കുർബാനയിൽ ദൈവത്തിന്റെ സാന്നിധ്യത്തെ അനേകർക്ക്‌ പകർന്നു കൊടുക്കുവാനായി, ബോധ്യപ്പെടുത്തുവാനായി ഇറങ്ങി തിരിച്ച പുരോഹിതൻ. ആത്മീയതയിൽ തളർന്നു കൊണ്ടിരുന്ന യൂറോപ്യൻ ജനതയുടെ ഹൃദയങ്ങളെ ദിവ്യകാരുണ്യ അഗ്നിയാൽ ജ്വലിപ്പിച്ച ധ്യാനഗുരു. യൂക്കരിസ്റ്റിക് ഫ്ലെയിമിന്റെ സ്ഥാപകൻ- ഫാ. ജോസ് വടക്കേൽ. പരിശുദ്ധ കുർബാനയിലൂടെ വെളിപ്പെടുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയെ അനേകരുടെ ഹൃദയങ്ങളിലേക്ക് പകരുകയാണ് ഇന്ന് ഈ വൈദികൻ.

ദിവ്യകാരുണ്യ ഭക്തിയിലേയ്ക്ക് നയിച്ച ബാല്യകാലം 

വടക്കേൽ കുടുംബത്തിലെ പ്രാർത്ഥന നിറഞ്ഞ അന്തരീക്ഷം അച്ചനെ ദൈവവുമായി കൂടുതൽ അടുപ്പിക്കുന്നതിനു കാരണമായി. തന്റെ മൂന്നു മക്കളെയും കൂട്ടി ദിവസവും പള്ളിയിൽ പോകാറുണ്ടായിരുന്നു ആ മാതാപിതാക്കൾ. വിശുദ്ധ കുർബാനയെ ചൂണ്ടിക്കാട്ടി അതിൽ ഈശോയാണെന്നു അമ്മ പറഞ്ഞത് അച്ചനെ കൂടുതൽ സ്വാധീനിച്ചിരുന്നു. ഇതു ദിവ്യകാരുണ്യത്തോടുള്ള ഭക്തിയിൽ കൂടുതൽ ആഴപ്പെടുന്നതിനു ചെറുപ്പത്തിൽ തന്നെ സഹായിച്ചു. അച്ചൻ വളരുന്നതിനോടൊപ്പം തന്നെ ആ ദിവ്യകാരുണ്യ ഭക്തിയും വർധിച്ചു വന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അച്ചൻ എംസിബിഎസ് സന്യാസസഭ തിരഞ്ഞെടുത്തത്തിനു പിന്നിലെ കാരണവും ഈ ദിവ്യകാരുണ്യ ഭക്തിയായാണ്.

ദൈവീക പദ്ധതി വെളിപ്പെടുത്തിയ പൗരോഹിത്യം 

വൈദീക പരിശീലനം പൂർത്തിയാക്കി 1993 ൽ പൗരോഹിത്യം സ്വീകരിച്ച  വടക്കേൽ അച്ചനെ ആദ്യവർഷം തന്നെ ധ്യാന ടീമിലേയ്ക്ക് നിയമിച്ചു.  കാലടിയിലെ ധ്യാനകേന്ദത്തിൽ സേവനമനുഷ്ഠിച്ച അച്ചന് ഈ കാലയളവിൽ അനേകം പ്രശസ്തരായ ധ്യാനഗുരുക്കൻമാരോടൊപ്പം ആയിരിക്കുവാനും ശുശ്രൂഷ ചെയ്യുവാനും അവസരം ലഭിച്ചിരുന്നു. പനക്കലച്ചൻ, ഇടയാലച്ചൻ, കരിന്തോളിൽ അച്ചൻ തുടങ്ങി നിരവധി ധ്യാന ഗുരുക്കന്മാരോടൊപ്പം ആയിരുന്നു അച്ചൻ തന്റെ പൗരോഹിത്യത്തിന്റെ ആദ്യ വർഷങ്ങൾ ചിലവിട്ടത്. തുടർന്ന് കാലടി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി.

സഭയുടെ ശ്രുശ്രൂഷകൾ ആളുകളിൽ മാറ്റം വരുത്തുന്നു ഇന്ന് അച്ചനു  തോന്നിത്തുടങ്ങിയത് ഈ കാലയളവിലായിരുന്നു. ഒരിക്കൽ ഒരു മനുഷ്യൻ അടുത്തു വന്നു അദ്ദേഹത്തിൻറെ ഒരു അനുഭവം അച്ചനോട് പങ്കുവെച്ചു. കാലടിയിൽ ധ്യാനം നടന്നുകൊണ്ട് ഇരിക്കുന്ന സമയം. ഒരു വ്യക്തി ധ്യാനത്തിലായിരുന്ന തന്റെ അമ്മയെ വിളിക്കുന്നതിനായി ആണ് അവിടെ എത്തിയത്. ധ്യാനത്തിന്റെ സമാപന ശുശ്രൂഷകൾ കേട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന് ഈശോ തന്നെ വന്നു  കെട്ടിപ്പിടിക്കുന്നതായി അനുഭവിക്കാൻ കഴിഞ്ഞു. ഉടനെ തന്നെ  അയാളിൽ തന്റെ അയക്കാരനോട്  ഉണ്ടായിരുന്ന കടുത്ത പകയും അയാളെ കൊല്ലണം എന്ന ചിന്തയും മാറുകയും അയൽക്കാരനോട് ക്ഷമിക്കുവാൻ കഴിയുകയും ചെയ്തു. അയാളുടെ ഈ വാക്കുകൾ അച്ചനെ ഒരുപാട് ചിന്തിപ്പിച്ചു. ആളുകളുടെ ഉള്ളിൽപോലും മാറ്റം വരുത്തുന്നതിന് ശ്രുശ്രൂഷകൾക്കു കഴിയുന്നുണ്ടല്ലോ എന്ന ചിന്ത അച്ചനെ സന്തോഷിപ്പിച്ചു ഒപ്പം ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ ഈശോയെ മറ്റുളവരിലേയ്ക്ക്  പകർന്നു കൊടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചു തുടങ്ങി. കൂടാതെ ഈ സമയത്തു തന്നെയാണ് അച്ചനെ ദൈവം ലോകം മുഴുവനും വേണ്ടിയുള്ള സുവിശേഷവേലയ്ക്കായി ക്ഷണിക്കുന്നു ഇന്ന് ധ്യാന ഗുരുക്കന്മാരിലൂടെ ദൈവം വെളിപ്പെടുത്തൽ നൽകുന്നത്. ദൈവത്തിനായി കൂടുതൽ പ്രവർത്തിക്കുന്നതിനുള്ള ആഗ്രഹവും ഇ വെളിപ്പെടുത്തലും അദ്ദേഹത്തിന്റെ ഉള്ളിൽ ഇങ്ങനെ കിടന്നു.

സ്വപ്നങ്ങളിലൂടെ മാർഗ്ഗം തെളിച്ച ദൈവം 

ദിവ്യകാരുണ്യത്തിന്റെ അഗ്നിയാൽ ലോകത്തെ ജ്വലിപ്പിക്കുന്നതിനുള്ള ദൗത്യത്തിനായി ഇറങ്ങി തിരിക്കുന്നതിന് മുൻപ് ധാരാളം സംശയങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ ഇതുവരെയുള്ള പഠനങ്ങളും മറ്റുമാണ് വലുതെന്നു ചിന്തിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു അച്ചന്റെ ജീവിതത്തിൽ. എന്നാൽ ഇവയെ എല്ലാം മറികടക്കുവാനും ദൈവീക പദ്ധതിയിലേയ്ക്ക് അച്ചനെ നയിക്കുവാന് ദൈവം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പല സ്വപ്നങ്ങളിലൂടെ ദൈവം അച്ചനെ തന്റെ മാർഗ്ഗത്തിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു . ഒരിക്കൽ ഉറക്കത്തിൽ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് വലിയ തീ പുറപ്പെടുന്നതായി അദ്ദേഹത്തിന് ദർശനം ലഭിച്ചു തുടർന്ന് ഏശയ്യായുടെ പുസ്തകം 55 ആം അധ്യായം അദ്ദേഹത്തിന് നൽകപ്പെട്ടു. ” നിനക്കു അജ്ഞാതരായ ആളുകളെ നീ വിളിച്ചു കൂട്ടും” എന്ന വചനഭാഗം അദ്ദേഹത്തിന് നൽകപ്പെട്ടു .

മറ്റൊരു അവസരത്തിൽ ഒരു പ്രാവ് പറന്നു വരുന്നതായി അദ്ദേഹം സ്വപ്നത്തില്‍ കണ്ടു. ആ പ്രാവിന്റെ വായിൽ നിന്നും അനേകം ഓസ്തികൾ ലോകം മുഴുവനിലേയ്ക്കും വർഷിക്കുന്നു. അച്ചൻ അതിൽ ഒരു ഓസ്തി സ്വീകരിച്ചു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് രണ്ടു ചിറകുകൾ അദ്ദേഹത്തിന് ലഭിക്കുകയും അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുകയും ചെയ്യുന്നതായി അദ്ദേഹം കാണുകയുണ്ടായി. ഇതിലൂടെ ദൈവം വിശുദ്ധകുർബാനയുടെ ശക്തിയെ കുറിച്ച് ലോകത്തോട് സംസാരിക്കുവാൻ തന്നെ അയക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു.

മറ്റൊരവസരത്തിൽ വരണ്ടു കിടക്കുന്ന ഒരു നദിയിൽ ഇരുന്നു അദ്ദേഹം പരിശുദ്ധ കന്യാമറിയത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ഇരിക്കുന്നതായി സ്വപ്നം കണ്ടു. സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ വരണ്ടു കിടക്കുന്ന നദിയിൽ വെള്ളം വരുകയും ആളുകൾ സന്തോഷഭരിതരാവുകയും ചെയ്തു. ഈ സ്വപ്നത്തിലൂടെ മാതാവിന്റെ മാധ്യസ്ഥത്തിന്റെ ശക്തി വെളിപ്പെടുത്തുകയായിരുന്നു എന്ന് അച്ചൻ വിശ്വസിക്കുന്നു.

തന്റെ ജീവിതത്തിൽ നിർണ്ണായകമായ കാര്യങ്ങൾ ദൈവം തനിക്കു വെളിപ്പടുത്തിത്തരുകയും അവിടുത്തെ പദ്ധതിയിലേക്ക് തന്നെ കൈപിടിച്ചു നടത്തുകയുമായിരുന്നു എന്ന് വടക്കേലച്ചൻ സാക്ഷ്യപ്പെടുത്തുന്നു.

‘യൂക്കരിസ്റ്റിക്ക് ഫ്ലെയിം’ എന്ന ആശയത്തിലേയ്ക്ക് 

കാലടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് ഡോക്ടറേറ്റ് ചെയ്യുന്നതിനായി അച്ചനെ ഫിലിപ്പിയൻസിലേയ്ക്ക് അയയ്ക്കുന്നത്. അവിടെ എത്തിയ അച്ചൻ തന്റെ ക്ലാസിലേക്കുള്ള യാത്രയ്ക്ക് മുൻപായി ദേവാലയത്തിൽ ഒരു മണിക്കൂർ പ്രാർത്ഥനയിലായിരിക്കും. ഒരിക്കൽ അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനെ കണ്ടുമുട്ടി. അയാൾ അച്ചനോട് ടിവിയിൽ ഒരു മണിക്കൂർ ദൈവവചനം പങ്കുവയ്ക്കാമോ എന്ന് ചോദിച്ചു. അച്ചൻ സമ്മതിച്ചു. പ്രോഗ്രാം ടെലികാസ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഇനിയും ഇത്തരം പരിപാടികൾ ആവശ്യപ്പെട്ടുകൊണ്ട് ധാരാളം ആളുകൾ എത്തി. തുടർന്ന് വചന ശുശ്രൂഷ ഒരു പാരമ്പരയാക്കി മാറ്റിയാലോ എന്നു ചാനലുകാർ ചോദിച്ചു. ഇതേത്തുടർന്ന് അച്ചനും ചാനൽ പ്രവർത്തകരും ഇരുന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി ആണ്  ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിം’ എന്ന പേര് രൂപീകരിക്കുന്നതും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും.

‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ പ്രവർത്തനങ്ങൾ

യൂറോപ്പിനെ വചനത്തിന്റെ, വിശുദ്ധ കുർബാനയുടെ അഗ്നിയാൽ ജ്വലിപ്പിക്കുക എന്ന ലക്ഷ്യവുമായി ആണ്  ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ഇടവകകളിലൂടെ ദൈവവചനം പങ്കുവയ്ക്കുകയും ദിവ്യകാരുണ്യ അനുഭവത്തിലേക്ക് ജനങ്ങളെ നയിക്കുകയുമാണ് ചെയ്യുന്നത്. ഓരോ സ്ഥലങ്ങളിലും ധ്യാനങ്ങൾ സംഘടിപ്പിക്കുക, സെമിനാറുകൾ നടത്തുക, പ്രാർത്ഥനാ ഗ്രൂപ്പുകൾ സംഘടിപ്പിക്കുക തുടങ്ങി നിരവധി പരിപാടികൾ ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിലൂടെ നടക്കുന്നു. ഈ പരിപാടികളുടെ എല്ലാം വിഷയം ദിവ്യകാരുണ്യ ഈശോയുടെ സ്നേഹമാണ്. ആ സ്നേഹത്തിന്റെ അനുഭവത്തിലേക്ക് ഓരോ വ്യക്തിയും കടന്നു വന്നാൽ ലോകത്തെ ആത്മീയതയിൽ ജ്വലിപ്പിക്കുവാൻ അവനു കഴിയും എന്ന് അച്ചൻ പറയുന്നു.

ഓരോ രാജ്യങ്ങളിലും ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ കോർഡിനേറ്റർമാർ ഉണ്ട് അവർ ധ്യാനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുകയും അച്ചനെ അറിയിക്കുകയും ചെയ്യും. തുടർന്ന് രൂപതാധ്യക്ഷന്മാരുടെ അനുവാദം വാങ്ങുകയും ധ്യാനങ്ങൾ നടത്തുകയും ചെയ്യുന്നു. ധ്യാനങ്ങളുടെ അവസരങ്ങളിൽ ആളുകളുമായി നേരിട്ട് സംസാരിക്കുന്നതിനു അച്ചൻ ശ്രദ്ധിച്ചിരുന്നു. കോപിക്കുന്ന യേശുവിനെ കുറിച്ച് അദ്ദേഹം ഒരിക്കലും അവരോട് പറയാറില്ല. ക്ഷമിക്കുന്ന സ്നേഹത്തിനുടമയായ യേശുവിനെ കുറിച്ച് പറയുകയും അവരിലേക്ക്‌ പ്രത്യാശ നിറച്ചു പ്രശ്നങ്ങളിൽ നിന്ന് കൈപിടിച്ചുയർത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്. തങ്ങളുടെ പ്രശ്നങ്ങളിൽ അവർക്കു ആശ്രയമായി ദിവ്യകാരുണ്ണ്യ ഈശോയെ കാട്ടികൊടുക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

യൂക്കരിസ്റ്റിക്ക്  ഫ്ലെയിമിന്റെ ശുശ്രൂഷകൾക്കു ബനഡിക്റ്റ് പാപ്പായുടെയും ഫ്രാൻസിസ് പാപ്പായുടെയും ആശീർവാദം ലഭിച്ചിരുന്നു.കൂടാതെ യൂറോപ്പിലെ രൂപതാധ്യക്ഷൻമാരുടെയും വൈദികരുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സഭാധികാരികളുടെ അനുവാദവും ആശിര്‍വാദവും അച്ചന്റെ ശുശ്രുഷകള്‍ക്ക് പിന്‍ബലം നല്‍കുന്നു.

വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ വെച്ചുള്ള പ്രാർത്ഥനയിലൂടെ നിരവധി ആളുകൾക്ക് സൗഖ്യവും ലഭിക്കുന്നു. വി. ജോൺപോൾ രണ്ടാമൻ, വി. ഫൌസ്തീന, വി. മക്സിമില്ല്യന്‍   കോള്‍ബേ, വി. ഡോമിനിക്, വി. പൌലോസ് അപ്പോസ്തോലന്‍ എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകൾ (authentic relic) അച്ചന്റെ കൈ വശം ഉണ്ട്.

ശുശ്രൂഷാനുഭവങ്ങൾ 

ഫിലിപ്പിയൻസിൽ ആയിരുന്നപ്പോൾ അച്ചന്റെ താമസസ്ഥലത്തിന് അടുത്ത് ഒരു കുടുംബം ഉണ്ടായിരുന്നു. അവിടുത്തെ കുട്ടിയുടെ ബ്രയിൻറെ ഒരു ഭാഗം പ്രവർത്തിക്കാത്തതിനാൽ പഠനത്തിൽ പിന്നിലായി പോകുക പതിവായിരുന്നു. ആ കുട്ടി അച്ചന്റെടുത്ത് വന്നു സ്ഥിരമായി പ്രാർത്ഥിച്ചതിനു ഫലമായി തലച്ചോറിന്റെ പ്രവർത്തനം നേരെയാകുകയും ഒന്നാം റാങ്കോടെ പാസ്സാവുകയും ചെയ്തു. ഇന്ന് ആ കുട്ടി മെഡിസിന് പഠിക്കുകയാണ്. മറ്റൊരവസരത്തിൽ ജർമനിയിൽ ധ്യാനം കൂടിയതിനു ശേഷം കല്യാണം കഴിക്കാതെ ഒരുമിച്ചു താമസിച്ച യുവതിയും യുവാവും വിവാഹത്തിന്റെ പ്രധാന്യം മനസിലാക്കുകയും പള്ളിയിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തു.

‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ ശുശ്രൂഷകളിലൂടെ നിരവധി തകർന്ന കുടുംബങ്ങൾ ഒരുമിക്കുകയും പരസ്പരം ക്ഷമിച്ചുകൊണ്ട് പുതിയ ജീവിതത്തിലേയ്ക്ക് കടന്നു വരുകയും ചെയ്തു. ഒരിക്കൽ ഓസ്ട്രിയയിൽ ധ്യാനം നടന്നപ്പോൾ ഒരു പൈലറ്റ് ധ്യാനം കൂടുവാൻ വന്നു. അയാളുടെ ഒരു കാലിനു നീളം കുറവുണ്ടായിരുന്നു. അച്ചന്റെ പുസ്തകം വായിച്ചു കൊണ്ട് ഇരുന്നപ്പോൾ അയാളുടെ കാലിലേക്ക് അഗ്നി ഇറങ്ങുന്നത് പോലെ തോന്നുകയും ആ നീളക്കുറവ് ഇല്ലാതാവുകയും ചെയ്തു. അദ്ദേഹം പിന്നീട് വൈദികനാകുവാൻ തീരുമാനിച്ചു . അടുത്ത വർഷം അദ്ദേഹം പട്ടം സ്വീകരിക്കും.

ഓരോ രാജ്യങ്ങളിലേക്കും കുർബാനയുടെ അനുഭവുമായി കടന്നു ചെല്ലുമ്പോൾ നിരവധി തടസങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും അവിടുത്തെ ഭാഷ, കാലാവസ്ഥ. എന്നാൽ തനിക്കുമുന്നേ ദൈവം അവിടെ എത്തുകയും എല്ലാം അനുകൂലമാക്കുകയും ചെയ്യുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ തുടർ പദ്ധതികൾ 

യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ന് വിശ്വാസം കുറഞ്ഞു വരുകയാണ്. അവിടെ നിരവധി ആരാധനാലയങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ഈ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങളും ആശ്രമങ്ങളും തുറക്കുകയും അവിടെ ദിവ്യകാരുണ്യ ആരാധന ആരംഭിക്കുകയും വേണം. കഴിയുന്നത്ര ആളുകളിലേക്ക്‌ ദിവ്യകാരുണ്യത്തിന്റെ ശക്തി എത്തിക്കണം. ആ സ്നേഹാഗ്നിയാൽ ലോകത്തെ ജ്വലിപ്പിക്കണം ഇതാണ് ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ ഇനിയുള്ള ലക്ഷ്യങ്ങൾ.

തന്റെ വിളിക്കുള്ളിലെ മറ്റൊരു വിളിയായി ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ പ്രവർത്തനങ്ങളെ കാണാൻ ആഗ്രഹിക്കുന്ന അച്ചൻ താൻ അനുഭവിച്ച ദിവ്യകാരുണ്യത്തിന്റെ ശക്തി മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ട് അനേകരുടെ ഹൃദയത്തിലേക്ക് തീയിടുകയാണ്. ദിവ്യകാരുണ്യ മിഷനറി സഭയുടെ മറ്റൊരു പ്രേഷിത മുഖം.

ലോകത്തെ ഒറ്റയടിക്ക് മാറ്റിമറിക്കാനായില്ലെങ്കിലും തന്നെക്കൊണ്ട് ആകുന്ന വിധത്തിൽ ദൈവവചനത്തെ  മുളപ്പിച്ചു അനേകരിലേയ്ക്ക് പാകുവാനുള്ള ഫാ. ജോസ് വടക്കേലിന്റെ ദൗത്യത്തിൽ  ദൈവം അദ്ദേഹത്തിന് വഴികാട്ടിയാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here