കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് അടിയന്തരാവശ്യമെന്ന് കെസിബിസി സര്‍ക്കുലര്‍

കൊച്ചി: കര്‍ഷകര്‍ സംഘടിച്ചു രാഷ്ട്രീയ നിലപാടുകളെടുത്ത് ഭരണത്തില്‍ പങ്കാളികളാകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേരള കത്തോലിക്കാ മെത്രാന്‍ സമിതി സര്‍ക്കുലര്‍. കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങളുന്നയിച്ചും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന പ്രഖ്യാപനം ഇന്ന് എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വായിക്കുകയോ, ഇതിലെ ആശയങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയോ ചെയ്യണമെന്നും ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം)എപ്പിസ്‌കോപ്പല്‍ അഡൈ്വസറും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ 15ന് കര്‍ഷകദിനമായി ആചരിക്കാനും കര്‍ഷകര്‍ സംഘടിച്ചു നീങ്ങേണ്ടത് അടിയന്തരാവശ്യമാണെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകദിനത്തില്‍ സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു കാര്‍ഷികപ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍പെടുത്താനും നിര്‍ദേശിക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വില തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ഉത്പാദനച്ചെലവ് വര്‍ധിക്കുന്നു. തൊഴിലാളിക്ഷാമം രൂക്ഷമാണ്. വന്യമൃഗശല്യം മൂലം വിള നശിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. കടബാധ്യത കര്‍ഷകന്റെ ഉറക്കംകെടുത്തുക മാത്രമല്ല ജീവനും തട്ടിയെടുക്കുന്നു എന്നിങ്ങനെയുള്ള കര്‍ഷക പ്രശ്‌നങ്ങള്‍ ബിഷപ്പ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിന് വേണ്ട നിര്‍ദ്ദേശങ്ങളും കെസിബിസി മുന്നോട്ട് വെക്കുന്നു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കണം. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം. കാര്‍ഷികമേഖലയോടൊപ്പം സഭാവിശ്വാസികള്‍ ഉപജീവനത്തിനായി ഏറെ ആശ്രയിക്കുന്ന മത്സ്യബന്ധനമേഖലയും നമ്മുടെ വിചിന്തനത്തിന് വിധേയമാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. തീരദേശജനതയുടെ പുനരുദ്ധാരണത്തിന് ഒറ്റക്കെട്ടായി കൈകോര്‍ക്കാനും സര്‍ക്കുലറില്‍ കെസിബിസി ആഹ്വാനം ചെയ്യുന്നു.

Leave a Reply