സഭാ തലവന്മാരെ ക്യാന്‍വാസില്‍ പകര്‍ത്തിയ കൊച്ചു കലാകാരി  

കത്തോലിക്കാ സഭയുടെ പ്രഥമ മാര്‍പാപ്പയായ പത്രോസിന്റെ മുതല്‍ ഫ്രാന്‍സിസ് പാപ്പാ വരെയുള്ള  266 പാപ്പാമാരുടെ ചിത്രങ്ങള്‍ ചായകൂട്ടുകളാല്‍ മെനെഞ്ഞെടുത്തിരിക്കുകയാണ് കോട്ടയം- ചെങ്ങളം, തടത്തില്‍, അനു അല്‍ഫോന്‍സ് ജേക്കബ് എന്ന പതിനേഴുകാരി. ചെങ്ങളം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്  അനു.

അനു അല്‍ഫോന്‍സ് ജേക്കബിന്റെ വിശേഷങ്ങള്‍ ലൈഫെഡേയോട് പങ്കുവയ്ക്കുകയാണ് ചെങ്ങളം പള്ളി വികാരി ഫാ. മാത്യു പുതുമന.

ക്യാന്‍വാസ് പോലെ പല വര്‍ണങ്ങള്‍ നിറഞ്ഞതായിരുന്നില്ല അനുവിന്റെ ജീവിതം. ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ ചിത്ര രചനകള്‍കൊണ്ട് ആശ്വാസം കണ്ടെത്തുകയാണ് ഈ കൊച്ചു മിടുക്കി. അനുവിന്റെ ചിത്ര രചനക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരുന്നതും നിറങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയതും അനുവിന്റെ പിതാവായിരുന്നു. മത്സരങ്ങള്‍ക്കെല്ലാം അനുവിനെ കൊണ്ടുപോയിരുന്നതും അദ്ദേഹം ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം ആ പതിനഞ്ചു വയസുകാരിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

തിടനാട് പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം രണ്ടു വര്‍ഷം മുമ്പാണ് അനുവിന്റെ പിതാവ് സാബു മരണമടഞ്ഞത്. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ ഒരു വലിയ ചിത്രകാരി ആക്കണമെന്നത്. പിതാവിന്റെ ആ ആഗ്രഹം ധ്യാന മന്ത്രം പോലെ മനസ്സില്‍ സൂക്ഷിച്ച്, പിതാവ് കൈയില്‍ വച്ചുതന്ന ബ്രഷുമായി ചിത്രം വരക്കുകയാണ് അനു. പിതാവ് സ്വര്‍ഗത്തില്‍ ഇരുന്ന് മകളെ  അനുഗഹിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് അനുവിന്റെ ജീവനുള്ള ചിത്രങ്ങള്‍.

ചെറുപ്പത്തില്‍ വീടിന്റെ ഭിത്തിയില്‍ വരയ്ക്കുമ്പോള്‍ അമ്മ പറയും; “മോളെ, ഭിത്തി മുഴുവന്‍ വൃത്തികേടാക്കി വരച്ചു വയ്ക്കല്ലെ.” അപ്പോള്‍ അപ്പുറത്തുനിന്ന് അനുവിന് പിന്തുണയുമായി പിതാവ് സാബു എത്തും; “അവളു വരച്ചു പഠിക്കട്ടെടി.” ആ പിന്തുണയാലാണ് അനു ചിത്ര രചന തുടങ്ങിയത്. അച്ഛന്‍ നല്‍കിയ പിന്തുണ ഇന്ന് അനുവിന്റെ മാതാവ് ജെന്‍സിയും ഇളയ സഹോദരന്‍ അമലും നല്‍കുന്നു. കുടുംബത്തില്‍ നിന്ന് മാത്രമല്ല, വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോമി കുമ്പുക്കാട്ട്, സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പൊരുന്നോലില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മിഷന്‍ലീഗ് ഭാരവാഹികള്‍, സുഹൃത്തുക്കള്‍ എന്നിവരുടെയും പിന്തുണ അനുവിന് ലഭിക്കുന്നുണ്ട്.

ചെങ്ങളം പള്ളി വികാരിയായ ഫാ. മാത്യു പുതുമനയുടെ പിന്തുണയില്‍ ആണ് പാപ്പാമാരുടെ ചിത്രം വരക്കുക എന്ന ആശയത്തിലേക്ക് അനു എത്തിയത്. ചിത്രരചന പഠിക്കാത്ത വ്യക്തിയാണ് അനു. ചിത്ര രചന പഠിക്കാതെ തന്നെ നിരവധി ചിത്രങ്ങളും 226  പാപ്പാമാരുടെ ചിത്രങ്ങളും വരച്ചു എന്നത് കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒന്നാണ്.

ചെങ്ങളം പള്ളിയിലെ നിത്യാരാധന ചാപ്പലിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് ഹാളില്‍ അനു വരച്ച ചിത്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്. വിശുദ്ധ പത്രോസ് മുതല്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് പാപ്പാ വരെയുള്ളവരുടെ ചിത്രങ്ങള്‍ ക്രമമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

വിദേശത്തു നിന്നും വരുത്തിയ പേപ്പറും കളറുമുപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. അഞ്ചരമാസക്കാലത്തെ കഠിന പ്രയത്നത്താലാണ് ഇത്രയും ചിത്രങ്ങള്‍ വരച്ചു തീര്‍ത്തത്. പഠനത്തിനിടയിലും അവധി ദിവസങ്ങളിലുമായാണ് ചിത്രങ്ങള്‍ വരച്ചത്. ചിത്ര രചന കൊണ്ട് അനുവിന്റെ പഠനത്തില്‍ ഒരു തടസവും നേരിട്ടിട്ടില്ല. പഠനത്തോടൊപ്പം ചിത്രരചനയും കൊണ്ടുപോകുകയാണ് ഈ കൊച്ചു മിടുക്കി.

ജൂലൈ മൂന്നിന് മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടന വേളയില്‍ സി.എം.എല്‍. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചക്കാട്ടിനു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വരച്ചു നല്‍കിയാണ്, അനു മാര്‍പ്പാപ്പമാരുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സപ്തതി വര്‍ഷത്തിന്റെ ഭാഗമായിട്ട് ചിത്ര പ്രദര്‍ശനം നടത്തുകയും ചെയ്തു. പാപ്പാമാരുടെ ചിത്രങ്ങള്‍ മറ്റു സ്ഥലങ്ങളിലും കൂടി പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അനു. ചിത്ര രചനയില്‍ മാത്രമല്ല മറ്റു മേഖലകളിലും കഴിവുകള്‍ തെളിയിച്ച മിടുക്കിയാണ് അനു.

അനുവിന്റെ ഓരോ ചിത്രവും ജീവനുള്ളവയാണ്. സ്വര്‍ഗത്തിലിരുന്ന് അനു ഉയരങ്ങള്‍ കീഴടക്കുന്നതു കണ്ട് അനുവിന്റെ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാവും. ഇനിയും വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ ഈ കലാകാരിയുടെ ക്യാന്‍വാസില്‍ വിടരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply