ചാവറ തിരുനാളിന്റെ പ്രധാന ആഘോഷങ്ങള്‍ ഇന്നും നാളെയും; ആയിരങ്ങളെത്തും

മാന്നാനം: ആശ്രമ ദേവാലയത്തിലേക്ക് ചാവറയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥനാ പുഷ്പങ്ങളര്‍പ്പിക്കാന്‍ ആയിരക്കണക്കിനു വിശ്വാസികളെത്തും. ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ദിനങ്ങളായ ഇന്നും നാളെയും ഭക്തി നിര്‍ഭരമായ പ്രദക്ഷിണങ്ങള്‍ നടക്കും.

വിശ്വാസികളെ വരവേല്‍ക്കാന്‍ ആശ്രമ ദേവാലയവും പരിസരവും ഒരുങ്ങി. ഇന്നു രാവിലെ 6.15ന് പ്രഭാതപ്രാര്‍ഥന, ഫാ.മാത്യു കരീത്തറ സിഎംഐയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. 11നു വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവയ്ക്ക്  ഫാ.സേവ്യര്‍ കുന്നുംപുറം എംസിബിഎസ് കാര്‍മികത്വം നല്‍കും.

വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.ആറിനു ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.

നാളെ പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 6.15ന് ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന. കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ നിന്നു രാവിലെ തുടങ്ങുന്ന തീര്‍ഥാടനം 10.30ന് ആശ്രമദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് സിഎംഐ സഭയിലെ നവവൈദികര്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന നേര്‍ച്ച ഭക്ഷണം(പിടിയരി ഊണ്) നല്‍കും.

വൈകുന്നേരം 4.30ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കല്‍. ആറിനു തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഫാത്തിമമാതാ കപ്പേളയില്‍ എത്തുന്‌പോള്‍ ഫാ.ഡേവിസ് ചിറമ്മല്‍ സന്ദേശം നല്‍കും. ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ, ഫാ. ലൂക്കാസ് ചാമക്കാല സിഎംഐ എന്നിവര്‍ പ്രദക്ഷിണത്തില്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം ദേവാലയത്തില്‍ തിരികെ പ്രവേശിക്കുമ്പാള്‍ ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ