ജപമാല പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചു വിശുദ്ധരുടെ വാക്കുകള്‍ 

ജപമാല, സഭയിലെ മിക്ക വിശുദ്ധരുടെയും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയായിരുന്നു. ആത്മീയ യുദ്ധത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കുള്ള ശക്തി തിരിച്ചറിഞ്ഞവരായിരുന്നു മിക്ക വിശുദ്ധരും. ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ച് ഏതാനും വിശുദ്ധരുടെ വാക്കുകളാണ് താഴെ ചേര്‍ക്കുന്നത്.

1. ഒമ്പതാം പീയൂസ് പാപ്പാ 

“പിശാചിനെതിരായി ഉള്ള യുദ്ധത്തിലും പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും സഹായിക്കുന്ന ആയുധമാണ് ജപമാല. മനസിലും കുടുംബത്തിലും രാജ്യത്തും സമാധാനം കൈവരിക്കണമെങ്കില്‍ എല്ലാദിവസവും വൈകുന്നേരം ഒരുമിച്ചുകൂടിയിരുന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ എത്ര ക്ഷീണിതരായാലും ഭാരംവഹിക്കുന്നവരായാലും ഒരു ദിവസം പോലും ജപമാല ചൊല്ലാതെ കടന്നുപോകരുത്.”

2. വി. പാദ്രേ പിയോ 

“മാതാവിന്റെ സഹായം കൂടാതെ കടന്നുപോകാന്‍ കഴിയും എന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്. മറിയത്തെ സ്‌നേഹിക്കുകയും ജപമാല പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇന്നത്തെ ലോകത്തിന്റെ തിന്മകള്‍ക്കെതിരായുള്ള ആയുധമാണ് ജപമാല. ദൈവത്തില്‍ നിന്നുള്ള എല്ലാ കൃപകളും മാതാവിലൂടെയാണ് കടന്നു വരുന്നത്.”

3. വി . ലൂയിസ് ദേ മോണ്ട്‌ഫോര്‍ട്ട്

“മരണം വരെ വിശ്വസ്തതയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്, അവരുടെ പാപങ്ങള്‍ എത്ര കഠിനമായാലും അന്ധകാരത്തിന്റെ കിരീടം ലഭിക്കുകയില്ല. ഇപ്പോള്‍ നിങ്ങള്‍ നരകത്തിന്റെ വക്കിലാണെങ്കിലും നിങ്ങളുടെ ഒരു കാല്‍ നരകത്തിലാണെങ്കിലും നിങ്ങളുടെ ആത്മാവിനെ നിങ്ങള്‍ പിശാചിന് വില്‍ക്കുകയാണെങ്കിലും ജപമാല എല്ലാ ദിവസവും ചൊല്ലിയാല്‍ നിങ്ങള്‍ അതില്‍ നിന്നും പിന്മാറുകയും നിങ്ങളുടെ ആത്മാവ് രക്ഷിക്കപ്പെടുകയും ചെയ്യും.”

4. ലെയോ പതിമൂന്നാമന്‍ പാപ്പാ 

“പ്രാര്‍ത്ഥനയുടെ ഏറ്റവും ശ്രേഷ്ടമായ രൂപമാണ് ജപമാല. നിത്യ ജീവന്‍ സ്വന്തമാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് അത്. നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരവും അനുഗ്രഹങ്ങളിലേക്കുള്ള വേരുകളുമാണ് ജപമാല പ്രാര്‍ത്ഥന. ഇതിലും ശ്രേഷ്ടമായ മറ്റൊരു പ്രാര്‍ത്ഥന ഇല്ല.”

5. പത്താം പീയൂസ് പാപ്പാ 

“എല്ലാ പ്രാര്‍ത്ഥനകളിലും വച്ച് ഏറ്റവും മനോഹരവും കൃപകളാല്‍ നിറഞ്ഞതുമായ പ്രാര്‍ത്ഥനയാണ് ജപമാല. ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന പ്രാര്‍ത്ഥനയാണിത്. കുടുംബത്തില്‍ സമാധാനം വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജപമാല പ്രാര്‍ത്ഥിക്കുക.”

6. വി. ലൂസിയ (ഫാത്തിമായിലെ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ ഒരാള്‍)

“ജപമാല എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമുള്ള ഒന്നാണ്. അത് ഫാത്തിമായിലെ മാതാവ് പറഞ്ഞതുകൊണ്ട് മാത്രമല്ല. ജപമാലയുടെ ശക്തിയും ഫലവും ചരിത്രത്തിലുടനീളം ദര്‍ശിക്കാന്‍ കഴിഞ്ഞതു കൊണ്ടു കൂടിയാണ്. എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് അറിയാത്ത സാധാരണക്കാരെ ഈശോയോടു ചേര്‍ത്തു നിര്‍ത്തുവാന്‍ മാതാവ് നല്‍കിയ ലളിതമായ പ്രാര്‍ത്ഥനയാണ് ജപമാല.”

7. പന്ത്രണ്ടാം പീയൂസ് പാപ്പാ 

“നമ്മുടെ കാലഘട്ടത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്ന തിന്മകള്‍ക്കെതിരെ ജപമാലയില്‍ ശരണം വയ്ക്കുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ