മതേതരസര്‍ക്കാര്‍ ഭരണത്തില്‍ വരാന്‍ പ്രാര്‍ത്ഥിക്കണം: ഡല്‍ഹി ആര്‍ച്ച്ബിഷപ്പിന്റെ ആഹ്വാനം

ഭാരതം ജനാധിപത്യരാഷ്ട്രമാണ്, മതേതര രാഷ്ട്രമാണ് പരമാധികാരമുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്. ഇന്ത്യന്‍ ഭരണഘടന ലോകത്തെ ഏറ്റവും മികച്ച ഭരണഘടനകളിലൊന്നാണ്. എല്ലാ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും നിലനില്പും ഉറപ്പക്കാന്‍ കഴിയും വിധം സംവിധാനം ചെയ്തിട്ടുള്ളതുമാണ്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ അഴിമതിമുക്തവും ഏറ്റവും ചെറിയവനുപോലും നീതി ഉറപ്പാക്കാന്‍ കെല്പുള്ളതുമാണ്. ഭാരതത്തെ സംബന്ധിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും നിലനിന്ന് കാണണമെന്ന് രാജ്യത്തെ സ്നേഹിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണിവ.

പല മതങ്ങളും സംസ്കാരങ്ങളും പാരന്പര്യങ്ങളും നെയ്തെടുക്കുന്ന ഭാരതത്തിന്‍റെ വര്‍ത്തമാനകാല അന്തരീക്ഷത്തെ രാഷ്ട്രീയമായി നിര്‍വ്വചിക്കുക എളുപ്പമല്ലെന്ന് തോന്നിപ്പിച്ച സന്ദിഗ്ദഘട്ടത്തിലാണ് ഇപ്പോള്‍ ഭാരതത്തിന്‍റെ സിംഹഭാഗവും ഭരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിയോടെ രംഗപ്രവേശം ചെയ്തത്. രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ രാഷ്ട്രീയപ്രസ്ഥാനമായ ബി.ജെ.പി. ദീര്‍ഘകാലം പരാജയം രുചിച്ച് കഴിഞ്ഞിരുന്നുവെങ്കിലും ശ്രീ നരേന്ദ്ര മോദിയുടെ വ്യക്തിപ്രാഭവത്തെയും ഗുജറാത്ത് മോഡല്‍ വികസനത്തെയും ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അങ്ങോളമിങ്ങോളം അധികാരം പിടിച്ചെടുക്കുന്ന മാജിക്കിന് ഭാരതം സാക്ഷിയായി.

ഭാരതത്തിന്‍റെ മണ്ണില്‍ ജനാധിപത്യത്തിന്‍റെ ബലഹീനതകളെ ചൂഷണം ചെയ്തും നവമാധ്യമങ്ങളെ ദുരുപയോഗിച്ചും അധികാരം സ്ഥാപിച്ചെടുത്ത മാജിക്കിന്‍റെ പിന്നിലെ തന്ത്രത്തെ ചിന്താശീലമുള്ളവര്‍ വര്‍ഗ്ഗീയത എന്ന് വിശേഷിപ്പിച്ചു. വര്‍ഗ്ഗീയത ഭാരതത്തിന്‍റെ മണ്ണില്‍ ജനത്തെ ഒരുമിപ്പിച്ച മന്ത്രമായിത്തീര്‍ന്നു. ഹിന്ദു എന്ന വികാരത്തിന് കീഴില്‍ ജാതി-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ ഭാരതജനത മോദിപ്രാഭവത്തിന്‍റെ മുന്നേറ്റത്തിന് വഴിയൊരുക്കി. അധികാരം സ്ഥാപിക്കാന്‍ മന്ത്രവും തന്ത്രവുമായി സ്വീകരിച്ച ഹൈന്ദവദേശീയതയെന്ന വര്‍ഗ്ഗീയവാദം വിട്ടൊഴിയാത്ത ബാധയായി രാജ്യമാസകലം പടര്‍ന്ന് കയറിയപ്പോള്‍ ഹൈന്ദവന്‍റേത് മാത്രമാണ് ഭാരതമെന്ന സങ്കുചിതചിന്തയിലേക്ക് ആര്‍ഷഭാരതസംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചാവകാശികള്‍ വീണുപോയി.

മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയോ അവരുടെ നിലനില്പ് ഭീഷണിയിലാവുകയോ ചെയ്യുന്നു എന്നതല്ല ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോയുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുടെ പിന്നിലെ ലക്ഷ്യം എന്ന് ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്ക് മനസ്സിലാകും. വര്‍ഗ്ഗീയത അരങ്ങുവാഴുന്ന ദേശത്ത് ജനാധിപത്യവും മതേതരത്വവും അപകടത്തിലാകുമെന്ന ചിന്തയില്‍ നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വ്യാകുലതയുടെ ബഹിര്‍സ്ഫുരണമാണിത്. ആര്‍ച്ചുബിഷപ്പ് അതിന് ആത്മീയമായ ഭാഷ്യം നല്കി. രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ആത്മീയനേതൃത്വം തീര്‍ച്ചയായും സ്വീകരിക്കേണ്ട പക്വമായ നിലപാട് മാത്രമാണിത്. ആരെയെങ്കിലും ഈ നിലപാടുകള്‍ ചൊടിപ്പിക്കുന്നുവെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ഒരു മതത്തിന്‍റെ മാത്രം ആധിപത്യവും ഭരണവും നടപ്പിലാകുന്ന ദേശത്ത് മതേതരത്വം പകല്‍ക്കിനാവാകുകയും ആ മതത്തിന്‍റെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഭരണത്തില്‍ ഇടപെടലുകള്‍ നടത്തുന്പോള്‍ ജനാധിപത്യം ദുര്‍ബലമാവുകയും ചെയ്യും. അധികാരം അത്തരം ഇടങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്പോള്‍ ഭരണഘടന പോലും അപ്രസക്തമാവുകയും നീതിന്യായവ്യവസ്ഥക്ക് ബലമില്ലാതാവുകയും ചെയ്യും.

ഫാഷിസമെന്ന് ചുരുക്കപ്പേരിട്ട് വിളിക്കാവുന്ന അവസ്ഥ ഭാരതത്തില്‍ സംജാതമായി എന്ന് വിലപിക്കുന്നവര്‍ ഏറി വരുന്ന ഇന്നത്തെ പരിതോവസ്ഥയില്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനക്ക് പ്രസക്തിയുണ്ട്. ആര്‍.എസ്.എസിന്‍റെ പ്രതിഷേധത്തില്‍ അണഞ്ഞുപോകേണ്ടതല്ല പ്രാര്‍ത്ഥനക്കായുള്ള ആര്‍ച്ചുബിഷപ്പിന്‍റെ ആഹ്വാനം എന്ന് നമുക്ക് മറക്കാതിരിക്കാം.

ഭാരതം എന്‍റെ രാജ്യമാണ്. . . ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു . . . അതിനാല്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ എന്‍റെ രാഷ്ട്രത്തെ തീറെഴുതിക്കൊടുക്കാന്‍ എന്‍റെ അന്തരംഗം വിസമ്മതിക്കുന്നു. . . വരൂ നമുക്ക് ഡല്‍ഹിയിലേക്ക് പോകാം. രാജ്ഘട്ടിലെ സമാധിയില്‍ നിന്ന് ആ മഹാത്മാവിനെ ഓര്‍ത്തുകൊണ്ട് വര്‍ഗ്ഗീയവരുദ്ധ-ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ഉറക്കെപ്പറയാം.

നോബിള്‍ തോമസ്‌ പാറയ്ക്കല്‍

Leave a Reply