ധീര വനിത

കരുത്തിന്റെ മറ്റൊരു പേരാണ് സിസ്റ്റര്‍ മരിയ

‘ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എന്നെ കൊന്നോളൂ, എനിക്ക് ഭയമില്ല,’ ഇങ്ങനെ പറയുമ്പോള്‍ സിസ്റ്റര്‍ മരിയയുടെ കാലുകളില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ അവരുടെ വാക്കുകളില്‍ അല്‍പ്പം പോലും വിറയല്‍  ഇല്ലായിരുന്നു. മുന്‍പില്‍ നില്‍ക്കുന്നവരെ പേടിയോ അവരോടു അമര്‍ഷമോ ഇല്ലായിരുന്നു. കാലില്‍ വെടിയേറ്റ മുറിവിന്റെ വേദന കടിച്ചമര്‍ത്തി അവര്‍ സൗമ്യമായി നിന്നു.

സിസ്റ്റര്‍ മരിയ എലേന ബെറിനി ഇന്ന് ലോകത്തെ ഏറ്റവും കരുത്തുള്ള സ്ത്രീകളില്‍ ഒരാളാണ്. 2018 ലെ ഇന്റ്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് അവാര്‍ഡ് എന്ന, സ്ത്രീകള്‍ക്കായുള്ള അന്താരാഷ്ട്ര ധീരതയ്ക്കുള്ള അവാര്‍ഡ് ജേതാക്കളില്‍ ഒരാളാണ് സിസ്റ്റര്‍ മരിയ ഇന്ന്. തന്റെ പ്രവര്‍ത്തന വഴിയിലെ മികവുറ്റ തീരുമാനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

സേവനത്തിനായി ആത്മീയത തേടി

1944 – ല്‍ ഇറ്റലിയിലെ സോണ്‍ട്രിയോയില്‍ ജനിച്ച മരിയ, 15 -ാം വയസില്‍ കുടുംബത്തെ സഹായിക്കാനായി പഠനം ഉപേക്ഷിച്ചു. ഒരു വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്ത അവര്‍ കുടുംബത്തിലെ ആറു പേരെയും സംരക്ഷിച്ചു. അവിടെ വച്ചാണ് അവര്‍ ആദ്യമായി സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ കാണാന്‍ തുടങ്ങിയത്. തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവരുടെ ഐക്യവും ഒക്കെയാണ് സേവന മനോഭാവം ഉടലെടുക്കാന്‍ ഉണ്ടായ കാരണം. അങ്ങനെ 19 -ാമത്തെ വയസില്‍ അവര്‍ സിസ്റ്റര്‍സ് ഓഫ് ചാരിറ്റി ഓഫ് സെയിന്റ് ജീന്‍ ആന്‍തൈഡ് തോറെറ്റ് എന്ന മഠത്തില്‍ ചേര്‍ന്നു. പിന്നെ അങ്ങോട്ട് സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ദിവസങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ 73 വയസ്സുള്ള സിസ്റ്റര്‍ മരിയ കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ജീവന്‍ പണയപ്പെടുത്തി ആഫ്രിക്കയിലെ യുദ്ധക്കെടുതിയില്‍ ജീവിതം ഹോമിച്ച കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു. കഴിഞ്ഞ 10 വര്‍ഷം സിസ്റ്റര്‍ മരിയ സെന്‍ട്രല്‍ ആഫ്രിക്കയിലെ ബോക്കാരംഗ പ്രദേശങ്ങളിലായിരുന്നു. അക്രമങ്ങള്‍ രൂക്ഷമായി തുടര്‍ന്നുകൊണ്ടിരുന്ന ആ നാളുകളില്‍ സഹായം നല്‍കി പോന്ന സംഘടനകളും, അവരുടെ പ്രവര്‍ത്തകരും, എംബസികളും എല്ലാം സ്ഥലം ഒഴിഞ്ഞു പോയപ്പോഴും സിസ്റ്റര്‍ മരിയ  അവിടെ തന്നെ തുടര്‍ന്നു.

തോല്‍പ്പിക്കാന്‍ കഴിയില്ല

2014  ല്‍, സിസ്റ്റര്‍ മരിയയുടെ സംരക്ഷണയിലുള്ള, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പ്രദേശത്ത് ആയുധധാരികളായ സൈനികര്‍ എത്തി. ഈ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോയാല്‍ വകവരുത്തിക്കളയും എന്ന് ഭീഷണി മുഴക്കി. ഭീഷണിയില്‍ ഭയക്കാത്ത അവരുടെ കാലിലേക്ക് സംഘത്തില്‍ ഒരാള്‍ വെടി ഉതിര്‍ത്തു. കാലുകളില്‍ നിന്ന് രക്തം വാര്‍ന്നിറങ്ങാന്‍ തുടങ്ങി. ഭയപ്പെടുത്തി ഓടിക്കാനായിരുന്നു അക്രമികളുടെ പദ്ധതി.

ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എന്നെ കൊന്നോളൂ, എനിക്ക് ഭയമില്ല,’ സിസ്റ്റര്‍ മരിയ ആത്മവിശ്വാസത്തോടെ പറഞ്ഞു. അക്രമങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനത്തിനു തടസം നേരിട്ടെങ്കിലും അവര്‍ തന്റെ വിലപ്പെട്ട സമയം പാഴാക്കിയില്ല. കൂടെയുള്ള ഒരു കന്യാസ്ത്രീയെയും  ഒരു സഹായിയെയും തിരികെ മല നിലകളിലേക്ക് അയച്ചു. അവര്‍ അവിടെ തന്നെ നിന്നു. ആ ഗ്രാമത്തിലെ ഒരു സ്ത്രീയുടെ പ്രസവ കര്‍മ്മങ്ങള്‍ക്കായി എത്തിയതാണ്. അത് ചെയ്യാതെ മടങ്ങുക അസാധ്യമാണ്. ഏറ്റെടുത്ത കാര്യങ്ങള്‍ ചെയ്യാതെ പിന്മാറിയിട്ടില്ലാത്ത സിസ്റ്റര്‍ മരിയ അക്രമങ്ങളെ വക വയ്ക്കാതെ അവരെ സഹായിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള സഹായം, കുട്ടികളുടെ സ്‌നേഹം, ആതുര-സേവനം, ഇതൊക്കെയാണ് തന്റെ ജീവിതത്തിന് അര്‍ഥം നല്‍കുന്നതെന്നും അവര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply