“അങ്ങയുടെ രാജ്യം വരണമേ”: പ്രാർത്ഥനയിൽ ഒന്നുചേർന്ന് ആഗോള സഭകൾ

ലോകം മുഴുവനുമുള്ള ക്രൈസ്തവരെ പ്രാർത്ഥിക്കുവാനായി വിളിക്കാനും തങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ശക്തി എത്രമാത്രമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിന് മറ്റുള്ളവരെക്കൂടി ക്ഷണിക്കാനുമായി രൂപം നൽകിയിരിക്കുന്ന ഒന്നാണ് ‘അങ്ങയുടെ രാജ്യം വരണമേ (Thy Kingdom Come)’ എന്ന പ്രാർത്ഥനാ യഞ്ജം.

കാന്റർബറി, യോർക്ക് ആഗ്ലിക്കൻ ആർച്ച്ബിഷപ്പുമാരുടെ താത്പര്യ പ്രകാരം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമായത്. ഉയിർപ്പ് ഞായർ മുതൽ പന്തക്കുസ്ത വരെയുള്ള കാലയളവിൽ (ഇത്തവണ മേയ് 10- 20) ലോകം മുഴുവനുമുള്ള ക്രൈസ്തവരെ പ്രാർത്ഥനയിൽ ഒരുമിച്ചുകൂട്ടുകയാണ് ഇതിൻപ്രകാരം ചെയ്യുന്നത്.

ശ്ലീഹന്മാരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്നതുപോലെ ചുറ്റുമുള്ളവരിലേക്ക് സുവിശേഷവും നമ്മുടെ വിശ്വാസവും പകരാനും ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് ഈ പ്രത്യേക ദൗത്യത്തിലൂടെ ആഹ്വാനം ചെയ്യപ്പെടുന്നത്.

പ്രത്യാശയുടെയും ദൈവത്തിന്റെ വാഗ്ദാനത്തിലുളള വിശ്വാസത്തിന്റെയും പ്രതീകമാണ്, അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാർത്ഥനാ യഞ്ജമെന്ന് ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് തലവനായ ആർച്ച്ബിഷപ്പ് വിൻസെന്റ് നിക്കോൾസ് പറഞ്ഞു.

പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നതിനും സാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രാർത്ഥനയിൽ ഒന്നുചേരുന്നതിനുമെല്ലാം ഉതകുന്ന ഓൺലൈൻ സൗകര്യങ്ങളും, വിവിധ ഭാഷകളിൽ, ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുണ്ട്. പ്രാർത്ഥനയുടെ ശക്തി എന്താണെന്ന് ഓരോരുത്തർക്കും മനസിലാക്കി കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യമെന്ന്, കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും കൂട്ടിച്ചേർക്കുന്നു.

Leave a Reply