ദൈവത്തിന് അല്‍ഷിമേഴ്‌സ്

”ഞാന്‍ നിന്നെ അറിയില്ല.”
”ഒന്നു ചോദിച്ചോട്ടെ, നീ എന്നാണ്
എന്നെ മറന്ന് തുടങ്ങിയത്?”

അവന്‍ ആകാംഷയോടെ കൂട്ടുകാരനോട് ചോദിച്ചു.
”എന്നെ മറന്നുപോയോ?”
ഒരു മറുപടിയും വന്നില്ല. അയാള്‍ പിന്നെയും ചോദിച്ചു.
”ഓര്‍ത്തുനോക്കിക്കേ”.
ഉത്തരമില്ല.
”നമ്മളൊന്നിച്ച് സ്‌കൂളില്‍ പഠിച്ചതാ”.
കൂട്ടുകാരന്‍ ചിരിച്ചു. അതുകണ്ടപ്പോള്‍ അയാള്‍ക്ക് ഉത്സാഹമായി. അടുത്ത ചോദ്യം എറിഞ്ഞു.
”നമ്മള്‍ ഒരു കുടക്കീഴിലായിരുന്നു നടന്നിരുന്നത്”.
കൂട്ടുകാരന്‍ പിന്നെയും ചിരിച്ചു. അതുകണ്ട് അയാള്‍ക്ക് ആവേശമായി. ചുറ്റും നിന്നിരുന്നവരോട് തെല്ലഹങ്കാരത്തോടെ പറഞ്ഞു.
”കണ്ടോ കണ്ടോ എന്നെ ഓര്‍ക്കുന്നുണ്ട്”. ആവേശത്താല്‍ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു.

”എന്റെ പേരൊന്നു പറഞ്ഞേ”.
കൂട്ടുകാരന്‍ വായ തുറന്നു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. അയാള്‍ പ്രോത്സാഹിപ്പിച്ചു.
”ആ, പറഞ്ഞോളൂ… പറഞ്ഞോളൂ”.
പെട്ടെന്ന് എല്ലാവരുടെയും ആകാംക്ഷയുടെ മൂടിമാറ്റികൊണ്ട് കൂട്ടുകാരന്‍ സംസാരിച്ചു.
”ഇന്ന് ഞായറാഴ്ചയാണല്ലേ”. കേട്ടവര്‍ വാപൊളിച്ചു പോയി. ചോദ്യം ചോദിച്ചയാള്‍ ഇളിഭ്യനായി. കേട്ടുനിന്നിരുന്നവരിലെ ഒരാള്‍ മാത്രം സ്വരം താഴ്ത്തി പറഞ്ഞു.
”അല്‍ഷിമേഴ്‌സ് ബാധിച്ചവരോട് എന്തിനാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്” എന്ന്.

ഒരു അല്‍ഷിമേഴ്‌സ് രോഗിയോട് സംസാരിച്ചാല്‍ ഇങ്ങനെ ഇരിക്കും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് ഒന്നും ഓര്‍മ്മയുണ്ടാവില്ല. സ്വന്തമോ ബന്ധമോ, ബന്ധുവോ ശത്രുവോ ഒന്നും ഓര്‍മ്മയിലേക്ക് കടന്നുവരികയില്ല.
മനുഷ്യന്റെ കാര്യം ഇങ്ങനെ. എങ്കില്‍ ദൈവത്തിന് അല്‍ഷിമേഴ്‌സ് ബാധിച്ചാലോ. അതുപോലുളള ഒരു സാധ്യതയെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. ”അപ്പോള്‍ അവന്‍ നിങ്ങളോട് പറയും: നിങ്ങള്‍ എവിടെ നിന്നാണെന്ന് ഞാന്‍ അറിയുന്നില്ല”. തന്റെ മുമ്പില്‍ നില്‍ക്കുന്നവരോട് ദൈവം പറയും; നിങ്ങള്‍ എവിടെനിന്നാണെന്ന് ഞാന്‍ അറിയുന്നില്ലെന്ന്. ദേ, ദൈവത്തിനും അല്‍ഷിമേഴ്‌സ്. ഇനി എന്തു ചെയ്യും?.
നമ്മള്‍, നമ്മളാരാണെന്ന് അവനെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കും.

”നിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിച്ചിട്ടുണ്ട്. നിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ പാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിച്ചിട്ടുണ്ട്”. അങ്ങനെ പലതും പറഞ്ഞും കരഞ്ഞും നമ്മള്‍ ശ്രമിക്കും. പിന്നെയും പറയും: ”നിന്റെ നാമത്തില്‍ ഞങ്ങള്‍ കുര്‍ബാനയില്‍ സംബന്ധിച്ചിട്ടുണ്ട്”.
”നിന്റെ പേരില്‍ ഞങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തിട്ടുണ്ട്”,
”നിന്നെ ഓര്‍ത്ത് ഞങ്ങള്‍ പിരിവ് കൊടുത്തിട്ടുണ്ട്”,
”നിന്റെ പേരില്‍ ഞങ്ങള്‍ പള്ളികള്‍ പണിതിട്ടുണ്ട്”. ”നിന്റെ പേരില്‍ ഞങ്ങള്‍ കുരിശുയുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്”.

അങ്ങനെ എന്തെല്ലാം പറഞ്ഞാലും എങ്ങനെയെല്ലാം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വമ്പിച്ച പരാജയത്തിലേ കലാശിക്കു. ദൈവം ഒന്നും ഓര്‍ക്കില്ല. അവന്‍ ഓര്‍ക്കാതിരിക്കാന്‍ കാരണം അവന്‍ പറഞ്ഞത് നമ്മള്‍ ചെയ്തിട്ടില്ല എന്നതാണ്. അവന്‍ പറഞ്ഞത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കാനാണ്.
വീതി കൂടിയതും വിശാലവുമായ വീഥികളിലൂടെ മാത്രം നടക്കാന്‍ ശ്രമിക്കുന്ന നമുക്ക് ക്രിസ്തുവിന്റെ വചനം യോജിച്ചതല്ല എന്നു തോന്നാം. എന്നല്ല തോന്നും. രക്ഷയിലേയ്ക്കുളള വഴി ഇടുങ്ങിയതാണെന്നും അതു കടക്കുന്നവര്‍ ചുരുക്കമാണെന്നും ക്രിസ്തു ഇതറിഞ്ഞുകൊണ്ടുതന്നെയാവണം പറഞ്ഞത്. എങ്കിലും അവന്‍ ആഗ്രഹിച്ചിരുന്നിരിക്കണം, എല്ലാവരും ഈ ഇടുങ്ങിയ വഴിയേ വന്നിരുന്നെങ്കില്‍ എന്ന്.

കലഹിക്കുന്ന ഭാര്യയുടെകൂടെ സംയമനത്തോടെ ജീവിക്കുന്ന ഭര്‍ത്താവും മദ്യപിക്കുന്ന ഭര്‍ത്താവിനുവേണ്ടി മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്ന ഭാര്യയും മാതാപിതാക്കളുടെ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ മാറ്റണേ ഈശോയെ എന്ന് പ്രാര്‍ത്ഥിക്കുന്ന മക്കളും വഴിതെറ്റിപ്പോകുന്ന മക്കളുടെ തിരിച്ചുവരവിനുവേണ്ടി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നമാതാപിതാക്കളും മനസ്സിലാക്കണം, തങ്ങള്‍ ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ ശ്രമിക്കുകയാണെന്ന്. മദ്യപിക്കുന്ന ഭര്‍ത്താവിനെ ശപിക്കുന്ന ഭാര്യയും, ഭാര്യയെ സഹിക്കാന്‍ കഴിയാത്ത ഭര്‍ത്താവും, ദരിദ്രനെ സഹായിക്കാത്ത സമ്പന്നനും, അയല്‍ക്കാരനെ സ്‌നേഹിക്കാത്തവനും, ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തവനും ഓര്‍ക്കുക തങ്ങള്‍ ഇടുങ്ങിയ വാതിലിലൂടെയല്ല, നാശത്തിലേയ്ക്കുളള വിശാലമായ വീഥിയിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന്.

അങ്ങനെ വരുമ്പോള്‍ ഒരു സത്യം നമുക്ക് മനസിലാകുന്നു. ഓരോരുത്തരുടെയും ഇടുങ്ങിയ വാതില്‍ ഓരോന്നാണെന്ന്. ഞാന്‍ കടക്കേണ്ട ഇടുങ്ങിയ വാതിലല്ല നീ കടക്കേണ്ടതെന്ന്. എനിക്കുവേണ്ടി ദൈവം സൃഷ്ടിച്ചിരിക്കുന്ന വാതില്‍ എന്നെ മാ ത്രം ഉദ്ദേശിച്ചിട്ടുളളതാണ്. നിനക്കുവേണ്ടി, നീ മാത്രം കടക്കേണ്ട വാതിലും അവിടുന്ന്പണിതിട്ടുണ്ട്.അത് കണ്ടെത്തുക. കടക്കാന്‍ പരിശ്രമിക്കുക. പരിശ്രമിക്കുകയെങ്കിലും ചെയ്യുക.

നമുക്കുവേണ്ടി ദൈവം സൃഷ്ടിച്ചിരിക്കുന്ന ഇടുങ്ങിയ വാതി ല്‍ കണ്ടെത്താതെയും, അതിലൂടെ കടക്കാന്‍ പരിശ്രമിക്കാതിരിക്കുകയും ചെയ്തിട്ട് ഒടുവില്‍ അവിടുത്തെ സന്നിധിയില്‍ ചെ ല്ലുമ്പോള്‍ അവന്‍ പറയും.
‘ഞാന്‍ നിങ്ങളെ അറിയില്ലന്ന്’!
അത് ദൈവത്തിന് അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടല്ല. ജീവിച്ചിരുന്നപ്പോള്‍ നമ്മള്‍ അല്‍ഷിമേഴ്‌സ് ബാധിച്ച ആളെപ്പോലെ പെ രുമാറിയിട്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here