സ്പര്‍ശനം

യേശു കൈനീട്ടി കുഷ്ഠരോഗിയെ സ്പര്‍ശിച്ചപ്പോള്‍ അവന് സൗഖ്യം ലഭിക്കുന്നു. സ്പര്‍ശനത്തിലൂടെ ലഭ്യമാകുന്ന സൗഖ്യപ്പെടല്‍. ഓരോ സ്പര്‍ശനവും സൗഖ്യദായകമാവണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു യേശുവിന്റെ സ്പര്‍ശനങ്ങള്‍.
യേശുവിന്റെ സ്പര്‍ശനങ്ങളൊക്കെ അത്ഭുതങ്ങളില്‍ എത്തി നില്‍ക്കുന്നു, അപരന്റെ നന്മയിലും വളര്‍ച്ചയിലും എത്തി നില്‍ക്കുന്നു; അവന്‍ സ്പര്‍ശിച്ചവര്‍ക്കൊക്കെ അനുഗ്രഹങ്ങള്‍ ലഭിച്ചു. കണ്ണില്‍ സ്പര്‍ശിച്ചവന് കാഴ്ച, ശരീരത്തില്‍ സ്പര്‍ശിച്ചവന് ആരോഗ്യം, കാതില്‍ സ്പര്‍ശിച്ചവന് കേള്‍വി, മുറിവില്‍ സ്പര്‍ശിച്ചവന് സൗഖ്യം. വെള്ളത്തില്‍ താണുകൊണ്ടിരുന്ന പത്രോസിനെ കരംപിടിച്ച് ഉയര്‍ത്തി. അന്ത്യഅത്താഴവേളയില്‍ തന്റെ കരങ്ങള്‍ കൊണ്ട് ശിഷ്യരുടെ പാദങ്ങള്‍ കഴുകി എളിമയുടെ പുതിയ സന്ദേശം പകര്‍ന്നു നല്‍കി. അവിടുത്തെ സ്പര്‍ശനങ്ങളൊക്കെ ഇത്തരത്തിലുള്ളവയായിരുന്നു.

കുഷ്ഠരോഗികളെ കാണുന്നതുതന്നെ സാമൂഹ്യതിന്മയായി കരുതിയിരുന്ന കാലത്താണ് യേശു അവരെ സ്പര്‍ശിക്കുന്നത്. ഒരു കാലത്ത് തീണ്ടലും തൊടീലും സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന ഒരു നാട്ടിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഇക്കാര്യം മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. ആവശ്യക്കാരന് സൗഖ്യത്തിന്റെ സ്പര്‍ശം നല്‍കാന്‍ ഏതു നാട്ടാചാരങ്ങളേയും തകിടം മറിക്കാന്‍ യേശുവിന് മടിയുണ്ടായിരുന്നില്ല.

നമ്മളും മറ്റുള്ളവരെ സ്പര്‍ശിക്കുന്നുണ്ട്, വിവിധ സമയങ്ങ ളില്‍, വ്യത്യസ്ഥ സാഹചര്യങ്ങളില്‍, നിരവധി കാരണങ്ങളാല്‍. നമ്മുടെ സ്പര്‍ശനങ്ങളൊക്കെ സൗഖ്യദായകങ്ങളാണോ, അതോ മറ്റുള്ളവര്‍ക്ക് മുറിവ് നല്‍കുന്നതാണോ? സാധാരണ സംഭവം, നമ്മുടെയൊക്കെ വീട്ടില്‍ സംഭവിക്കുന്നത്. തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞ് ഉണരുമ്പോള്‍ കരയുന്നു. അമ്മ ചെന്ന് എടുക്കുമ്പോള്‍, ആ സ്പര്‍ശനം അറിയുമ്പോള്‍ പലപ്പോഴും കുഞ്ഞ് കണ്ണ് തുറക്കുക പോലുമില്ല – കരച്ചില്‍ താനേ നിലയ്ക്കുന്നു. സ്പര്‍ശനത്തിന്റെ അപാരമായ കരുത്താണ് ഇത് വെളി വാക്കുന്നത്.

ഓരോ സ്പര്‍ശനവും തരുന്ന അസാമാന്യമായ കരുതലും ബലവും ഉണ്ട്. പ്രിയപ്പെട്ടവര്‍ മരിച്ച വേദനയുമായി വിതുമ്പി നില്‍ക്കുമ്പോള്‍ തോളത്തു സ്പര്‍ശിച്ചുകൊണ്ട് മൃദുസ്വരത്തില്‍ ‘ഞങ്ങളൊക്കെ കൂടെയില്ലേ’ എന്നു പറയുന്നതിലെ കരുതലും കാവലും എത്ര വലുതാണ്.

ഏതോ ചെറിയ തെറ്റ് ചെയ്തതിന്റെ പേരില്‍ അദ്ധ്യാപകന്‍ പരസ്യമായി ശിക്ഷിച്ച കുട്ടി. എല്ലാവരും മഹാഅപരാധിയെ പ്പോലെ അവനെ നോക്കുന്നു. ആ വേളയില്‍ ഒരുവന്‍ ചെന്ന് തോളത്ത് കയ്യിട്ടുകൊണ്ട് ”സാരമില്ലെടാ” എന്ന് പറയുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ശാന്തതയും ആശ്വാസവും എത്രയോ വലുതാണ്.
സ്പര്‍ശനങ്ങള്‍ തിന്മയുടെ വേദികളാവുന്ന വേളകളും ഉണ്ട്. അത്ഭുതത്തിനു പകരം സ്പര്‍ശനം അപകടം വരുത്താം. ഈയിടെ നടന്ന ഒരു സംഭവം. മകന് അപ്പനെ ഭയമാണ്. കാര ണം അപ്പന്‍ എന്നും മദ്യപിച്ചിട്ട് വീട്ടില്‍വന്ന് വഴക്കുണ്ടാക്കും. അതിനാല്‍ അപ്പന്‍ വരുന്നതിനുമുന്‍പേ അവന്‍ കിടന്നുറങ്ങും. ദിവസങ്ങള്‍ കഴിയുംതോറും അപ്പന്റെ സ്വരം കേള്‍ക്കുന്നതു തന്നെ ഇവന് പേടിയായി. ഒരിക്കലും അടുത്തുപോകാതെയും ആയി.

അങ്ങനെയിരിക്കെ ഒരുദിവസം മദ്യപിച്ചെത്തിയ അപ്പന് ഒരാഗ്രഹം മകനെ കാണണം, സ്‌നേഹിക്കണം. ഉറങ്ങിക്കിടന്നിരുന്ന അവനെ വിളിച്ചുണര്‍ത്തി. അവന്‍ പേടിച്ചുവിറച്ച് എഴുന്നേറ്റു. ”ഇങ്ങുവാടാ” കടുത്ത എന്നാല്‍ കുഴഞ്ഞ ആജ്ഞാസ്വരം അനു സരിച്ച് അപ്പന്റെ അടുത്തു ചെന്നു. മുട്ടുകള്‍ കൂട്ടി ഇടിക്കുന്നുണ്ട്.
”എന്റെ മകനേ, നിന്നെക്കണ്ടിട്ട് എത്രനാളായെടാ” എന്നു പറഞ്ഞ് മകന്റെ കയ്യില്‍ പിടിച്ചതും അവന്‍ പേടിച്ച് ബോധം പോയി നിലത്തുവീണതും ഒരുമിച്ചായിരുന്നു. ഇത് മറ്റൊരുതരം സ്പര്‍ശനമാണ്. നമ്മുടെ അമ്മപെങ്ങന്മാരെ സുരക്ഷിതരായി പൊതുവാഹനങ്ങളിലും നിരത്തുകളിലും തിരക്കേറിയ സ്ഥല ങ്ങളിലും യാത്രചെയ്യാന്‍ അനുവദിക്കാത്ത തരത്തിലുള്ള സ്പര്‍ശനങ്ങളും ഉണ്ട്. അത്തരം സ്പര്‍ശനങ്ങള്‍ നടത്തുന്ന കൈകള്‍ വെട്ടി എറിയുകയാണ് ചെയ്യേണ്ടത്.
ഭര്‍ത്താവിന്റെ കരം ഉയരേണ്ടത് ഭാര്യയുടെ കരണത്തടിക്കാനാവരുത്, സ്‌നേഹസ്പര്‍ശനം നല്‍കാനാവണം. ഭാര്യ, കൂര്‍ത്തമുനയുള്ള നോട്ടം കൊണ്ട് ഭര്‍ത്താവിനെ അകറ്റരുത്. മറിച്ച് മിഴികളിലെ സൗമ്യതകൊണ്ട് അവന്റെ ഹൃദയത്തെ സ്പര്‍ശിക്കണം. മാതാപിതാക്കളും മക്കളും തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും ഇതു പോലുള്ള സ്പര്‍ശനങ്ങളാണ് ആവശ്യം.

ചിലപ്പോഴൊക്കെ സ്പര്‍ശനങ്ങളെ ഭയപ്പെടുന്നവരാണ് നമ്മള്‍. അസുഖകരവും ഭയപ്പെടുത്തുന്നതുമായ സ്പര്‍ശന ങ്ങള്‍ നമ്മേത്തേടി വന്നേക്കാം. ‘Rule of Touch’ എന്നു വിളിക്കപ്പെടുന്ന ഒരു നിയമം സന്യാസഭവനങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും ഉണ്ട്. അപകടകരമാകാവുന്ന സ്പര്‍ശനങ്ങളെ തടയലാണ് ഇതിന്റെ ലക്ഷ്യം. വിനാശത്തിനു കാരണമാകുന്ന ഏതു സ്പര്‍ശനവും ഇല്ലാതാവേണ്ടതാണ്.
പക്ഷേ ഇത്തരം നിയമങ്ങള്‍ അതിന്റെ കാഠിന്യത്തില്‍ അനുസരിക്കുമ്പോള്‍, അനുസരിപ്പിക്കപ്പെടുമ്പോള്‍ ചില നന്മകള്‍ കൂടി ഇല്ലാതാവുന്നു എന്ന് ഓര്‍മ്മിക്കുന്നത് നന്നാണ്. ഒരിക്കലും സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, സാന്ത്വനത്തിന്റെ തലോടലുകള്‍ സ്വീകരിക്കുകയോ നല്‍കുകയോ ചെയ്യാതെ കേവലം യന്ത്രങ്ങളെപ്പോലെ ആയിത്തീരുന്നുണ്ട് പലരും. ശരീരം എന്നത് പാപത്തിന്റെ ഇരിപ്പിടമാണെന്ന് പറഞ്ഞ് പഠിപ്പിക്കപ്പെട്ടവരാണ് നമ്മളില്‍ പലരും. പുണ്യത്തിന്റെയും ഇരിപ്പിടം ശരീരം തന്നെയാണ്.

ഞാന്‍ നിന്നെ സ്പര്‍ശിക്കുമ്പോള്‍ എന്നിലെ നന്മ നിന്നിലേയ്ക്ക് ഒഴുകട്ടെ; നിന്നിലെ നന്മ എന്നിലേയ്ക്കും. യേശുവിനെപ്പോലെ നമ്മുടെ സ്പര്‍ശനങ്ങളും അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ, അപകടങ്ങള്‍ സൃഷ്ടിക്കാതിരിക്കട്ടെ.
ഈ നാട്ടില്‍ സാധാരണ നമുക്ക് ഉമ്മ കിട്ടുന്നത് ചെറുതായി രിക്കുമ്പോഴാണ്. പിന്നെ മരിച്ചു കഴിഞ്ഞും. എന്തുപകാരം. ഈയിടെ കുറെപ്പേരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു ”താങ്കള്‍ ഈ നാട്ടില്‍ പാശ്ചാത്യസംസ്‌ക്കാരം ഇറക്കു മതി ചെയ്യാനാണോ ശ്രമിക്കുന്നത്. ഇവിടുത്തെ ധാര്‍മ്മികത ത ന്നെപ്പോലുള്ളവര്‍ നശിപ്പിക്കും.” ”സൂക്ഷിച്ചോളൂ, നിങ്ങള്‍ ധാര്‍മ്മികത സൂക്ഷിച്ചോളൂ. പ ക്ഷേ അത് പകലും രാത്രിയിലും ഒരുപോലെ വേണമെന്ന് മാത്രം.”

ഇവിടെ ധാര്‍മ്മികതയുടെ കാവല്‍ഭടന്മാര്‍ എന്ന് അവകാശ പ്പെടുന്നവരെയാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്. ഔദ്യോഗിക സ്ഥാനത്തിരുന്ന് ഏതു കാര്യത്തിനും പ്രസ്താവന ഇറക്കുന്ന ഒരാളെ ഈയിടെ എറണാകുളത്തെ ഒരു ബാര്‍ ഹോട്ടലില്‍ വച്ച് കൈയില്‍ കുറെ മദ്യവുമായി കണ്ടെന്ന് കുറെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കള്‍ പറഞ്ഞു. തലേ ആഴ്ച അദ്ദേഹം മദ്യപാനത്തിന് എതിരെയും സംസാരിച്ചിരുന്നു. ഇവിടെ ചങ്ങലക്കാണ് ഭ്രാന്ത്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here