പ്രണയകവാടത്തിന്റെ കാവൽക്കാര്‍

നോയല്‍ കല്ലറ

എന്താണ് പ്രണയം എന്നു ചോദിച്ചാൽ ഒന്നല്ല ഒരായിരം ഉത്തരങ്ങൾ നമുക്കു പറയാനുണ്ടാകും. ഒരു പക്ഷേ പ്രണയം നിസ്വാർത്ഥമായ സ്നേഹമാണ്. മറ്റൊരാൾക്കു വേണ്ടി സൃയം നഷ്ട്ടപ്പെടുത്തി എല്ലാം എല്ലാം ആകുന്ന അനുഭവം. വെയിലേറ്റു വാടിയ മുൾപടർപ്പിൽ തീജ്വലിപ്പിക്കാനുള്ള ശക്തി പ്രണയത്തിനുണ്ട്.ഏറ്റവും പരിശുദ്ധമായ വികാരമാണിത്. നിന്റെ ചെരുപ്പുകൾ ദൂരെ മാറ്റി വെച്ചിട്ടു വേണം അതിൽ പ്രവേശിക്കാൻ. പ്രണയമൊരിക്കലും നൈമിഷിക സുഖങ്ങൾക്കു വേണ്ടിയുള്ള താകരുത്. അതൊരിക്കലും പ്രണയമല്ല. പ്രണയം  സ്വാർത്ഥയില്ലാത്ത വികാരമാണ്.

പ്രണയം സ്വാർത്ഥതയല്ലാത്ത വികാരമാകുമ്പോൾ ആ സ്നേഹം രണ്ട് ഇണകൾക്ക് മാത്രം അവകാശപ്പെട്ടതാണോ? അസ്സീസിയിലെ ഫ്രാൻസിസിന്റെ പ്രണയം തികച്ചും വിത്യസ്തമായിരുന്നു. പ്രണയത്തിലായിരുന്നു ഫ്രാൻസീസും ക്ലാരയും. പൊടുന്നനെ ഒരു ദിനം ഫ്രാൻസീസ് ചുവടുമാറുന്നതായി ക്ലാരയ്ക്ക് ഒരു സംശയം. അവനിൽ ആദ്യം ഉണ്ടായിരുന്ന പ്രണയം നുരയുന്നില്ല, തന്നേക്കാളധികം മറ്റാരോടോ ഉള്ള അനുരാഗം അവനിൽ സ്ഫുരിക്കുന്നുണ്ട്, തുടങ്ങിയ ഒത്തിരി ആശങ്കകൾ. അനാവശ്യമായ തെറ്റിദ്ധാരണകൾക്കിടം നൽകാതെ ക്ലാര ചോദ്യം ഫ്രാൻസീസിനോട് തന്നെ ചോദിക്കുകയാണ്.

“എന്തുകൊണ്ടാണ് നിനക്ക് എന്നോട് ആദ്യം ഉണ്ടായിരുന്ന പ്രണയം ഇല്ലാത്തത്? അതോ, നിനക്ക് മറ്റാരോടെങ്കിലും പ്രണയം തേന്നുന്നുണ്ടോ” എന്നൊക്കെ?

ഫ്രാൻസീസിൽ നിന്ന് ക്ലാര പ്രതീക്ഷ ഉത്തരത്തെക്കാളുപരി, അവളുടെ സകല സ്വപ്നങ്ങളേയും തകർക്കുന്ന ഒരു ഉത്തരമാണ് ഫ്രാൻസീസിന്റെ നാവിൽ നിന്നും വീണത്.

അവന് പ്രണയം തോന്നിയിരിക്കുന്നു. ഇന്നലെ വരെ തന്റെ പ്രണയകവാടത്തിന്റെ കാവൽക്കാരനായിരുന്നവൻ ഇന്ന് മറ്റാരുമായോ അനുരാഗത്തിന്റെ കനവുകൾക്ക് നിറമേകുന്നതിൽ വ്യാപൃതനാണ്.

കൂടുതൽ വ്യക്തതയാഗ്രഹിച്ച ക്ലാരയോട് ഫ്രാൻസീസ് പറഞ്ഞു:

അതേ, ഞാൻ പ്രണയത്തിലാണ്,
തീവ്രാനുരാഗത്തിലാണ് –
എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന എന്റെ ദൈവത്തോട്
നിന്റെ പ്രണയം എന്റെ ഇരുൾ വീണ നടവഴികളിൽ
ഒരു മിന്നാമിനുങ്ങിന്റെ വെട്ടം തന്നിട്ടുണ്ട് എന്നത് സത്യമാണ്.

എന്നാൽ,
എന്റെ ദൈവം സൂര്യനെപ്പോലെ എന്റെ മുൻപിൽ ഉദിച്ചു നിൽക്കുമ്പോൾ
ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന് തീർത്തും പ്രസക്തിയില്ലാതായിപ്പോകുന്നു.

ദൈവത്തെ പ്രണയിക്കുന്നവന് മറ്റെല്ലാത്തിനോടും പ്രണയമാണ്. തന്റെ പിഞ്ചോമനയ്ക്ക് മുലപ്പാൽ നൽകി ആയുസൂട്ടുന്ന അമ്മയുടെ പ്രണയം. തള്ളക്കോഴി ചിറകു വിരിക്കും പോലെ സ്വന്തം കുടുംബത്തെ പൊതിയുന്ന അപ്പന്റെ പ്രണയം. മുത്തശ്ശി കഥകളുടെ തലോടലുകൾ തരുന്ന ചുക്കിച്ചുളിഞ്ഞ കൈകളുടെ പ്രണയം. ഗുരുനാഥൻ പകരുന്ന അറിവാകുന്ന പ്രണയം. നമ്മുടെ കൈകൾക്ക് വലം തോളു നൽകുന്ന സുഹൃത്തിന്റെ സൗഹൃദത്തിന്റെ പ്രണയം. നിനയ്ക്കാതെ പെയ്ത മഴയിൽ ഒരു കുടയുടെ കീഴിൽ നിന്ന് കൊണ്ട് ദൂരങ്ങൾ താണ്ടുന്ന കാമിനിമാരുടെ പ്രണയം. ഇങ്ങനെ എത്രയെത്ര പ്രണയങ്ങൾ. ജീവിതം പ്രണയിക്കുന്നവർക്കു വേണ്ടിയുള്ളതാണ്.

പ്രണയം നിലയ്ക്കുമ്പോൾ കാലം നിശ്ചലമാകുന്നു. പച്ച വെള്ളത്തെ വീഞ്ഞാക്കാനുള്ള ശക്തി അതിനുണ്ട്. അമ്മ മകനെയും മകൻ അമ്മയേയും വെട്ടിയരിഞ്ഞ് തീ കൊളുത്താൻ മടിയില്ലാത്ത കാലമാണിത്. ആയിരം മനുഷ്യൻ മരിച്ചാലും ഒരു പശുപോലും കൊല്ലപ്പെടരുത് എന്ന് പറയുന്ന കാലം. കഴിഞ്ഞ കുറേ വർഷങ്ങളിലായി ആധാർ കാർഡുമായി മറ്റു പല കാർഡുകളും ബദ്ധിപ്പിച്ചു. എന്നാൽ തകർന്നു പോയ പല ബന്ധങ്ങളും സ്നേഹത്തിന്റെ ചരടിൽ ബദ്ധിപ്പിക്കുവാൻ നമുക്കു സാധിച്ചോ? സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന മതങ്ങൾ തന്നെ വർഗ്ഗീയതയുടെ പേരു പറഞ്ഞ് മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലും വിഷം കുത്തിവെയ്ക്കുമ്പോൾ, ദൈവത്തെ ആരാധിക്കുന്നതിന്റെ പേരിൽ പോലും വിഭാഗീയതയും പോർവിളിയും ഉടലെടുക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ ഓർക്കുന്നില്ല ക്രിസ്തുവും, മുഹമ്മദും. കൃഷ്ണനും നമ്മെ പഠിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കുവാനാണന്ന്. മനുഷ്യരായ നാം പരസ്പരം സ്നേഹിക്കുന്നതിലും വലിയ ഒരു ആരാധന ദൈവത്തിന് നൽകുവാനുണ്ടോ?

എന്നിട്ടും എന്തിനാണ് ഈ വർഗ്ഗീയത? സംസ്ക്കാരവും, പാരമ്പര്യവും ആവശ്യമാണങ്കിലും ഒന്നും തന്നെ നമ്മെ അടിമപ്പെടുത്താതിരിക്കട്ടെ .കാരണം ദൈവം നമ്മുടെ സ്വാതന്ത്ര്യം നമ്മെ അറിയിച്ചിരിക്കുന്നു. ഒരു പുതിയ വെളിച്ചമായി നാം തെളിയട്ടെ. നമ്മുടെ ആ പഴയ പ്രണയകാലം നമുക്കു തിരിച്ചെടുക്കാം.’
ആത്മാർത്ഥമായ അൾത്താരയിൽ വിരിയുവാൻ പ്രണയമേ നീ ഒരുക്കമാണങ്കിൽ അലങ്കരിക്കുവാൻ തയ്യാറാകും ഏതു ലോകവും. മരണത്തോളം ശക്തമായ പ്രണയം നിങ്ങളുടെ ജീവിതത്തിലുണ്ടന്ന് നിങ്ങളുടെ ജീവിതം സാക്ഷ്യപ്പെടുത്തട്ടേ. അതിനായി രണ്ട് കാര്യങ്ങൾ  മുന്നോട്ടു വയ്ക്കുന്നു.

1. നല്ലത് തെരെഞ്ഞെടുക്കുക
2. ആത്മാർത്ഥമായിരിക്കുക

നെരൂദയുടെ “യുവർ ഫീറ്റ് ” എന്ന ഒരു കവിതയുണ്ട്
“നിന്റെ മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴെല്ലാം ഞാൻ നിന്റെ കാൽപാദങ്ങളെ ഉറ്റുനോക്കുന്നു
കാരണം, ആ കാലടികൾ ഭൂമിക്കു മീതെയും കാറ്റിനു മീതെയും
ജലത്തിനുമീതെയും സഞ്ചരിച്ച വയാണ്
ഒടുവിൽ എന്നെ കണ്ടെത്തുവോളം”

ഓരോ പ്രണയവും ഓരോ കണ്ടെത്തലുകളാണ്. അതൊരിക്കലും അവസാനിക്കുന്നില്ല. വിശപ്പു കെടുത്താന്‍ ഒരു പൊതിചോറ് മതിയാകും. എന്നാൽ പ്രണയത്തിന്റെ ആ ജ്വാലകളെ ശമിപ്പിക്കുവാൻ നമുക്ക് എന്തു നൽകാൻ കഴിയും. ആരും ഒറ്റക്കല്ല. പലരും നമ്മുടെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട്‌. നമ്മുടെ സൗഹൃദം കൊതിക്കുന്നുണ്ട്. പക്ഷേ നാം അത് അറിയുന്നില്ല എന്നതാണ് സത്യം. വിശക്കുന്നവന്റെ പാത്രത്തിലെ അന്നമായി, പീഡിതന് ആശ്വാസമായി, വിലപിക്കുന്നവന് സ്വാന്തനമായി, സന്തോഷിക്കുന്നവന് ആനന്ദമായ്, അപരിചിതന് പുഞ്ചിരിയായ്, മാതാപിതാക്കൾക്ക് ബഹുമാനമായി, അദ്ധ്യാപകർക്ക് അഭിമാനമായി, ആത്മമിത്രത്തിന് സൗഹൃദമായി, ജീവിത പങ്കാളിക്കു കൈതാങ്ങായി, നിങ്ങളുടെ ഓരോരുത്തരുടെയും പ്രണയം ഇതൾ വിരിയട്ടെ. അതിനായി വരൂ…

നമുക്ക് ആ പ്രണയത്തിന്റെ വയലിലേക്കു പോകാം
ഗ്രാമത്തിൽ ഉറങ്ങാം
രാവിലെ നമുക്ക്‌ മുന്തിരിത്തോട്ടത്തിലേക്ക് പോകാം.
മുന്തിരിപ്പൂക്കൾ വിടർന്നോ എന്നു നോക്കാം.
മാതള നാരകം പൂവി ട്ടോ എന്ന്  അന്യേക്ഷിക്കാം.
അവിടെ വെച്ച് എന്റെ ദൈവം എനിക്കു നൽകിയ പ്രണയം നിനക്കു ഞാൻ പകരാം.
Happy Valentine’s Day

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here