ജീവിതം എന്തൊരു സന്തോഷം

എല്ലാ ദുഃഖങ്ങളും സന്തോഷമായി
മാറുന്ന നല്ല നാളെ എന്നാണ്
എന്റെ മുമ്പില്‍ ഉദിക്കുക?

ഒരു വീട്. അവിടെ ഒരു കൊച്ചുകുട്ടിയുണ്ട്. അവനെ ഉറക്കിക്കിടത്തിയിട്ട് അമ്മ പള്ളിയില്‍പോയി. പോകും മുമ്പ് ഭര്‍ത്താവിനോടും മൂത്ത കുട്ടികളോടും പറഞ്ഞു:”മോന്‍ ഉണരുമ്പോള്‍ നോക്കിക്കോണേ…” എല്ലാവരും സമ്മതിച്ചു.
അമ്മ പള്ളിയില്‍നിന്ന് തിരിച്ചുവരും മുമ്പേ കൊച്ച് ഉണര്‍ന്ന് കരയാന്‍ തുടങ്ങി. അപ്പന്‍ കൊച്ചിനെ തൊട്ടിലില്‍നിന്ന് എടുത്തു. കൊച്ച് കരച്ചില്‍ നിര്‍ത്തിയില്ല. തനിക്കറിയാവുന്ന താരാട്ടു പാട്ടുകള്‍ ഒക്കെ പാടിനോക്കി.
മൂത്ത കുട്ടികള്‍ വന്ന് കളിപ്പാട്ടങ്ങള്‍ നല്‍കി. ഒരു രക്ഷയും ഇല്ല. അവന്‍ കരച്ചിലോട് കരച്ചില്‍. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അപ്പനും മക്കള്‍ക്കും ഇളയവന്റെ കരച്ചില്‍ നിര്‍ത്താനായില്ല.

ഒടുവില്‍ പള്ളിയില്‍നിന്ന് അമ്മയെത്തി. അമ്മയെ കൊച്ച് കണ്ടു. അവന്റെ കരച്ചിലിന്റെ വോള്യം കുറഞ്ഞു. പിന്നെ നിലച്ചു. അതൊരു ചിരിയായി മാറി. അമ്മയെ കണ്ടപ്പോള്‍ കുട്ടിയുടെ മുഖം സന്തോഷമായി മാറുന്നു.
ഇതുപോലെതന്നെയാണ് നമ്മള്‍ മനുഷ്യരുടെ ജീവിതങ്ങളും. പരിപൂര്‍ണ്ണമായ സന്തോഷം മനുഷ്യന് ഉണ്ടാകുന്നത് അവന്‍ ദൈവത്തെ കാണുമ്പോഴാണ്. ”നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ് ” എന്ന് പണ്ട് സെന്റ് അഗസ്റ്റിന്‍ പറഞ്ഞത് എത്രയോ ശരിയാണ്. നമ്മള്‍ ഭൂമിയില്‍ സന്തോഷം ലഭിക്കുന്നതിനുവേണ്ടി എന്തൊക്കെ ചെയ്തു കൂട്ടിയാലും ആന്തരികമായ സന്തോഷം ലഭിക്കുക ദൈവദര്‍ശനത്തിലൂടെ മാത്രമാണ്.

ക്രിസ്തുവിന്റെ ആസന്നമായ വേര്‍പാടാണല്ലോ ഇവിടെ പശ്ചാത്തലം. ശിഷ്യര്‍ ആകെ ദുഃഖത്തിലാണ്. പക്ഷേ ക്രിസ്തു പറയുന്നു.
”നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” അവിടുന്നു തുടരുന്നു
”നിങ്ങളെ ഞാന്‍ വീണ്ടും കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. ആ സന്തോഷം നിങ്ങളില്‍നിന്ന് ആ രും എടുത്തു കളയുകയില്ല.”
ക്രിസ്തു ഈ പറഞ്ഞത് അക്ഷരം പ്രതി ശരിയാവുന്നത് നമുക്ക് പിന്നീട് നോക്കുകയാണെങ്കില്‍ കാണാന്‍ സാധിക്കും.

ഉയിര്‍പ്പിനുശേഷം യേശു ശിഷ്യന്മാരെ കാണുന്നു. അപ്പോള്‍ സന്തോഷമാവുകയാണ് ശിഷ്യന്മാര്‍ക്ക്. ആ സന്തോഷവും ഉള്ളിലേന്തിയാണ് അവര്‍ അവന്റെ നാമം പ്രഘോഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ നാനാഭാഗത്തേയ്ക്ക് യാത്രയാവുക. പിന്നീട് പീഡനങ്ങളും കഷ്ടപ്പാടുകളും തടസ്സങ്ങളും ജീവിത ത്തില്‍ ഉണ്ടാകുമ്പോള്‍ ക്രിസ്തുവിലുള്ള സന്തോഷത്തിന് മാറ്റമില്ല. തിളച്ച എണ്ണയില്‍ എറിയപ്പെട്ടപ്പോഴും തലകീഴായി കുരിശ്ശില്‍ തറയ്ക്കപ്പെട്ടപ്പോഴും, കുന്തത്താല്‍ തുളയ്ക്കപ്പെട്ടപ്പോഴും അവന്‍ നല്കിയ സന്തോഷം അവരുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നു.

ക്രിസ്തു ദര്‍ശനത്തിലൂടെ ലഭിക്കുന്ന ഒരു സന്തോഷത്തിനു വേണ്ടിയാണ് നമ്മളും ലക്ഷ്യം വയ്‌ക്കേണ്ടത്. പണത്തിലൂടെയും, പാണ്ഡിത്യത്തിലൂടെയൂം, പ്രതാപത്തിലൂടെയും ലഭിക്കുന്ന സന്തോഷത്തിന് അതിരുകള്‍ ഉണ്ട്. അതിന് ഒരിക്കലും പൂര്‍ണ്ണതയുണ്ടാവുകയില്ല.

പണമുണ്ടാക്കാന്‍ ജീവിതകാലം മുഴുവന്‍ ഓടിനടന്ന് കഷ്ടപ്പെട്ടിട്ട് മനസമാധാനം നഷ്ടപ്പെട്ട് ഒടുവില്‍ ധ്യാനകേന്ദ്രങ്ങളില്‍ അഭയം തേടുന്ന ഒത്തിരിപ്പേരെ നമുക്കറിയാമല്ലോ. ധ്യാനത്തിന്റെ ചില പ്രത്യേക നിമിഷങ്ങളില്‍ അവര്‍ എങ്ങനെയൊക്കെയോ ദൈവത്തെ കാണുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളിലോ, ആരാധനാവേളയിലോ, ധ്യാനപ്രസംഗസമയത്തോ എപ്പോഴെങ്കിലും. അതോടെ അവര്‍ക്ക് സമാധാനമാവുകയാണ്, സന്തോഷമാവുകയാണ്.

ഇത്രയും നാള്‍ അലഞ്ഞതിലല്ല സന്തോഷം. ഉണ്ടാക്കിയ ബാങ്ക് ബാലന്‍സിലല്ല സന്തോഷം. കെട്ടിപ്പടുത്ത സൗധങ്ങളി ലല്ല സന്തോഷം, നേടിയെടുത്ത അറിവിലല്ല സന്തോഷം, ഇവിടെ ക്രിസ്തുവിനെ കണ്ടതിലാണ് സന്തോഷം എന്നവര്‍ ഏറ്റുപറയു ന്നു, അനുഭവിക്കുന്നു. സെന്റ് പോളും ദൈവദര്‍ശനത്തിലൂടെയാണ് പരിപൂര്‍ണ്ണ സന്തോഷത്തിലേക്ക് കടന്നുവന്നത് എന്ന് നാം ഓര്‍മ്മിക്കുന്നത് നന്ന്.
കല്‍ജോയുടെ ഒരു കഥ. ഒരു ഗുരുവിന് അനേകം ശിഷ്യന്മാരുണ്ടായിരുന്നു. അവരില്‍ ഒരുവന്‍ മാത്രം എപ്പോഴും അസ്വസ്ഥ നായിരുന്നു. അവന്റെ മുഖം എപ്പോഴും വാടിയിരുന്നു. ഇതുകണ്ട് മറ്റ് ശിഷ്യന്മാര്‍ ഗുരുവിനോടു പറഞ്ഞു
”ഗുരുവേ, ഇവനെന്താ ഇങ്ങനെ. എപ്പോഴും ദുഃഖം മാത്രം. അവന്റെ സാന്നിധ്യം മാത്രം മതി സമൂഹത്തെ ആകെ ശോകമയമാക്കാന്‍.

ഗുരു പറഞ്ഞു, ”കാത്തിരിക്കുക. ധ്യാനത്തിന്റെ പൂര്‍ണ്ണതയില്‍ അവന് ദൈവദര്‍ശനം കിട്ടിക്കഴിഞ്ഞാല്‍ അവനും സന്തോഷമായി മാറും.”
ശിഷ്യരത് വിശ്വസിച്ചില്ല, പക്ഷേ ഒരുനാള്‍ അത്ഭുതം സംഭ വിച്ചു. ദുഃഖിച്ചിരുന്നയാള്‍ ചിരിക്കാന്‍ തുടങ്ങി. എപ്പോഴും ചിരി തന്നെ.
കൂട്ടുകാര്‍ അവന് വട്ടാണെന്നു പറഞ്ഞു. പക്ഷേ ഗുരുമാത്രം വിശ്വസിച്ചു അവന് ദൈവദര്‍ശനം കിട്ടിയിരിക്കുന്നുവെന്ന്. അത് ശരിയായിരുന്നുതാനും. ഏതായാലും അതിനുശേഷം അവന്റെ സാന്നിധ്യം എവിടെയും സന്തോഷകരമായി മാറി.
ജീവിതത്തില്‍ സന്തോഷവാനായി / സന്തോഷവതിയായി രിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്രിസ്തുവിന്റെ സാന്നിധ്യം – ദര്‍ശനം ആണ് ഒരു വ്യക്തിയെ ആത്യന്തികമായ സന്തോഷത്തിന് ഉടമയാക്കുക. ക്രിസ്തു ദര്‍ശനത്തിന് ശ്രമിക്കുക എന്നതാണ് പരമ പ്രധാനം.

അതുപോലെ നമുക്ക് ചെയ്യാന്‍ പറ്റാവുന്ന പല കാര്യങ്ങളും ഉണ്ട്. അതിലൊന്ന് നമ്മള്‍ കടന്നുപോകുന്ന അനുഭവങ്ങളില്‍ ദൈവത്തിന്റെ ഇടപെടല്‍ കാണുക. അതുപോലെ, നമ്മുടെ കൂടെ ജീവിക്കുന്നവരിലും ദൈവത്തെ കാണുക. കൂടെ ജീവിക്കുന്ന ഭാര്യ, ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുക. അപ്പോള്‍ നമ്മുടെ ജീവിതം സന്തോഷമായി മാറും.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here