‘പിയാത്ത’ നമുക്ക് എന്തായിരിക്കണം?

കുരിശിൽ നിന്നിറക്കിയ യേശുവിന്റെ മൃതശരീരത്തെ അമ്മ മാതാവ് മടിയിൽ കിടത്തിയിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന പിയാത്ത എന്ന ശില്പം മാനവ രാശിക്ക് ഒരു ശില്പിയുടെ വെറുമൊരു സൃഷ്ടി മാത്രമായിരുന്നില്ല. മറിച്ചു ആ സൃഷ്ടി നമ്മോടു പറഞ്ഞുതരുന്നത്, മാനവകുലത്തിന്റെ രക്ഷക്കായി മനുഷ്യപുത്രനായി ജന്മമെടുത്ത ദൈവകുമാരന്റെയും – ദൈവകുമാരന്  അമ്മയാവാൻ ഭാഗ്യം സൃഷ്ടിച്ച പരിശുദ്ധ കന്യകാ മാതാവിന്റെയും ത്യാഗത്തിന്റെ പൂർത്തീകരണത്തെക്കുറിച്ചു കൂടിയാണ്.

ആരായിരുന്നു പരിശുദ്ധ മറിയം;

സകല സൗഭാഗ്യങ്ങളും നിറഞ്ഞൊഴുകുന്ന തിരുസഭയുടെ എല്ലാ ധന്യതയും ചുറ്റിപറ്റികിടക്കുന്ന ദിവ്യരഹസ്യങ്ങളുടെ ഭണ്ഡാകാരമാണ് പരിശുദ്ധ അമ്മയുടെ വിമല ഹൃദയം. വചനം മാംസം ആകുന്നതിന് പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവിന് ജന്മം നൽകിയതോടെ അവൾ ദൈവമാതാവ് എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. മംഗളവാർത്തയിലൂടെ ‘ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’ (ലൂക്കാ 1 :38) എന്ന രക്തസാക്ഷിത്വത്തോളം എത്തുന്ന സമർപ്പണത്തിലൂടെ ദൈവഹിതത്തിന് തലകുനിച്ച് വരുംവരായ്കകൾ നോക്കാതെ തന്നെത്തന്നെ ദൈവിക ഇടപെടലിനായി സമർപ്പിച്ചവൾ. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ചു നിരന്തരം ധ്യാനിച്ചുകൊണ്ടിരുന്ന മറിയത്തിന് (ലൂക്കാ 2:19) വചനത്തിനു വേണ്ടി സഹനം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.

ഹൃദയത്തിലൂടെ കടക്കാനിരുന്ന വാൾ അവളെ നിരാശപ്പെടുത്തിയില്ല (ലൂക്കാ 2:25).  വചനത്തെ ഗർഭംധരിക്കുകയും മാംസമായ വചനത്തെ ലോകത്തിന് നൽകുകയും ചെയ്ത് മറിയം കരുണയുടെ അമ്മയായി മാറുന്ന അത്ഭുതമാണ് സുവിശേഷങ്ങളിൽ നാം കാണുന്നത്. മറിയം തിരുസഭയുടെയും മനുഷ്യ വംശത്തിന്റെയും മുഴുവൻ അമ്മയാണ്. മനുഷ്യകുലത്തിന്റെ സഹനത്തിൽ പങ്കുചേർന്നു കൊണ്ട് കുരിശിൻ ചുവട്ടിൽ നിൽക്കുന്ന വ്യാകുലാംബിക. തന്നെത്തന്നെ ദൈവിക ഇടപെടലിനായി പൂർണമായി സമർപ്പിച്ചവളാണ് മറിയം.

മാതാവിന്റെ മടിയിൽ കിടന്ന ചേതനയറ്റ ശരീരം

ജീർണതയുടെ സംസ്കാരം പിഴുതെറിഞ്ഞു, സ്നേഹത്തിന്റെ പ്രതിസംസ്കാരം രൂപപ്പെടുത്താൻ നമ്മെ ഉദ്ബോധിപ്പിക്കുന്ന അനശ്വര പ്രസംഗപീഠമാണ് കാൽവരിയിലെ കുരിശ്. ശത്രുക്കളെപ്പോലും ഉൾക്കൊള്ളുന്ന അതിരില്ലാത്ത സ്നേഹത്തോടെ മാനവ മോചനത്തിന്റെ നവ്യമായ ദർശനം പുലർത്തിയ – ചരിത്രത്തെ “AD” എന്നും “BC” എന്നും രണ്ടായി വിഭജിക്കാൻ പ്രേരണയായ ചരിത്ര പുരുഷൻ. യേശുക്രിസ്തുവിന്റെ ജീവിതവും പ്രബോധനങ്ങളുമാണ് അഹിംസ ദർശനം രൂപപ്പെടുത്താൻ തന്നെ ഏറെ സഹായിച്ചതെന്ന് ഗാന്ധിജി തുറന്നെഴുതിയിട്ടുണ്ട്. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഭീകരപ്രവർത്തനങ്ങളുടെയും ഘോര തമസ്സ് ചുറ്റുപാടും പടരുമ്പോൾ അക്രമരാഹിത്യത്തിന്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ കുരിശ് ഉയർന്നു നില്ക്കുകയാണ്.

മഹായുദ്ധങ്ങളൊക്കെ ഹൃദയത്തിലെ ശത്രുതയിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. പരസ്പരം ക്ഷമിച്ചു രമ്യതപ്പെടുമ്പോഴാണ് ഹിംസയുടെ സംസ്കാരത്തിന്റെ സ്ഥാനത്തു സ്നേഹത്തിന്റെ സംസ്കാരം പിറന്നു വീഴുന്നത്. കുരിശ് ചുമന്നു ഗാഗുൽത്താമലയിലേക്കു നടന്നു നീങ്ങുന്ന ഈശോ, മറ്റുള്ളവരെ ആശ്വസിപ്പിക്കാനാണ് ശ്രദ്ധിച്ചത്. തന്നെ പീഡിപ്പിച്ചവരോട് പരാതിയോ ദൂഷണമോ വെറുപ്പോ പരോക്ഷമായിപ്പോലും അവിടുന്നു പ്രകടിപ്പിക്കുന്നില്ല. മറിച്ചു ഈശോ പ്രാർഥിച്ചത് – പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ (ലൂക്കാ 23 :34) എന്നാണ്. എത്ര മഹനീയമായ പ്രവർത്തിയാണത്. ഈശോ പഠിപ്പിച്ച  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിലും  ഓരോ കാതോലിക്ക വിശ്വാസിയും ഏറ്റു പറയുന്നതും മറ്റൊന്നല്ലല്ലോ. “ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന്.

ഈ കരുണയുടെ ഹൃദയം ആ രക്ഷകനിൽ കണ്ടതുകൊണ്ടാണ് – “പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23 :46) എന്ന് പറഞ്ഞുകൊണ്ട് തന്റെ മരണനിദ്ര പുല്‍കിയപ്പോൾ അതിനു സാഷ്യം വഹിച്ച റോമൻ പട്ടാള മേധാവി “ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു” (ലൂക്കാ 23 :47) എന്നാണ് സാഷ്യപ്പെടുത്തിയത്.

ഈശോയുടെ മനുഷ്യരാശിയോടുള്ള ഭാവതീവ്രതയാർന്ന സ്നേഹമാണ് കുരിശിൽ പ്രാണ ത്യാഗം ചെയ്യാൻ പ്രചോദനമായത്. നമുക്കുവേണ്ടി സ്വയം ബലിയർപ്പിക്കപ്പെട്ട ആ ശരീരമാണ് പിയാത്തയിൽ ‘അമ്മ മാതാവിന്റെ മടിയിൽ കിടക്കുന്ന ആ ചേതനയറ്റ ശരീരം.

ഓരോന്നിനും അതാതിന്റെ പശ്ചാത്തലവും അര്‍ത്ഥവും ഉണ്ട്. അതിന്‍ നിന്ന് മാറ്റപ്പെടുമ്പോള്‍ ഇല്ലാതാക്കപെടുന്നത് അതിന്റെ നന്മയും വിശുദ്ധിയുമാണ്. “മുത്തുകള്‍ നിങ്ങള്‍ പന്നികള്‍ക്ക്‌ മുന്നില്‍ ഇട്ടുകൊടുത്തു” എന്ന് നമ്മളെപ്പറ്റി ഈശോ പറയാതിരിക്കട്ടെ.

ബിജു കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ