എന്തുകൊണ്ട് വി. കുര്‍ബാന നാവില്‍ നല്‍കണം – ഒരു വികാരിയച്ചന്റെ അനുഭവം

ഫാ. റോബിന്‍ പടിഞ്ഞാറെക്കുറ്റ്

ഫാ. റോബിന്‍ പടിഞ്ഞാറെക്കുറ്റ്

നാലു വർഷം മുമ്പാണ് ഇടുക്കി ജില്ലയിലെ ഒരു പട്ടണത്തിൽ അസിസ്റ്റൻറ് വികാരിയായിരുന്നു ഞാൻ. ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരൻ എന്നെ തേടി വന്നു. ബ്ലാക്ക് മാസ്സുമൊക്കെയായി വളരെ അടുത്ത ബന്ധമുള്ള ഒരാൾ ആത്മഹത്യാ മുനമ്പിൽ നിന്ന് രക്ഷപ്പെടുവാൻ ഒരു അഭയം ഒരുക്കി തരണം എന്ന ആവശ്യവുമായി ആണ് എന്റെ പക്കല്‍ എത്തിയത്. പിന്നെ അവൻ അവൻറെ കഥ പറഞ്ഞു.

ഒരു ഡാൻസ് ടീച്ചർ ആയി സ്കൂളുകളിൽ പ്രവർത്തിക്കുകയാണ് അവന്‍. ഇതിനിടയിൽ വീഴാൻ സാധ്യതയുള്ള പെൺകുട്ടികളെ സ്നേഹം നടിച്ച് ഇത്തരം ചില സങ്കേതങ്ങളിലേക്ക് എത്തിക്കുക, നല്ല സ്മാർട്ട് ബോയ്സിനെ കൊണ്ട് വിശുദ്ധ കുർബാന മോഷ്ടിച്ചു ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അവന്‍. ലക്ഷങ്ങൾ മറിയുന്ന ബിസിനസ് കഴിഞ്ഞപ്പോൾ മനസു മടുത്തു ആകെ തകർന്ന അവസ്ഥയിലായി ഒരു തിരിച്ചു നടത്തം ആഗ്രഹിച്ചു വന്നതാണ്. അന്നു മുതൽ ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാൻ അർപ്പിക്കുന്ന വിശുദ്ധ കുർബാന ഒരെണ്ണം പോലും നഷ്ടമാകാൻ, അതുവഴി ഈശോ അപമാനിക്കപ്പെടാൻ ഇട വരില്ല എന്ന്. അടുത്ത പള്ളിയിൽ സ്ഥലംമാറി ചെന്നപ്പോഴും വിശുദ്ധ കുർബാന നാവിലെ കൊടുക്കൂ എന്ന് വാശിപിടിച്ചു.

ഇടവകയിലെ പ്രമുഖരായ ചേട്ടന്മാർ അടുത്ത് പരാതിയുമായെത്തി. ‘വിശുദ്ധ കുർബാനയിലൂടെ രോഗാണുക്കൾ പകരും. അതുകൊണ്ട് കൈകളില്‍ തന്നെ വിശുദ്ധ കുർബാന കൊടുക്കണം.’ സൗഖ്യദായകനായ തമ്പുരാനെ സ്വീകരിക്കുന്നതുവഴി രോഗം പകരുമെങ്കിൽ നമ്മുടെയൊക്കെ വിശ്വാസം എവിടെ? സംശയം ഉള്ളിലൊതുക്കിയതേയുള്ളൂ.

ഈ നാളുകളിൽ കത്തോലിക്കാസഭയുടെ കൂദാശകൾ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. അതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് നിയമ പരിഷ്കരണ കമ്മീഷൻ നടത്തിയിരിക്കുന്ന ശുപാർശ. വിശുദ്ധ കുർബാനയുടെ മഹത്വം എന്താണെന്ന് തിരിച്ചറിയാതെ കേവലമായ ഒന്നായി അതിനെ ഒതുക്കാനുള്ള വളരെ ബോധപൂർവമായ ശ്രമമായി ഇതിനെ കാണണം. വിശ്വാസ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് ചാനൽ ജഡ്ജിമാരുടെ മുമ്പിലല്ല എന്നൊരു ബോധ്യം നമുക്കുണ്ടാകണം. ഈ വിഷയം ചാനൽചർച്ചയിൽ വന്നാലും എല്ലാവരും ചേർന്ന് വിധിയെഴുതും വിശുദ്ധകുർബാന നാവിൽ കൊടുക്കരുത്. സാധിക്കുമെങ്കിൽ ഗ്ലൌസ്സ് ഇട്ട കൈകൾ കൊണ്ട് മാത്രമേ കുർബാന കൊടുക്കാവൂ എന്ന് പറയും. തീർച്ചയായും കുറെ സഭാ വിരുദ്ധരും ഫ്രീമേസൺ ഗ്രൂപ്പുകാരും നിരീശ്വരവാദികളും വർഗീയവാദികളും അതിനെ പിന്തുണയ്ക്കാൻ ഉണ്ടാവും.

സത്യത്തെ ബഹളം കൊണ്ട് നേരിടാൻ പഠിച്ച ദുഷിച്ച മാധ്യമസംസ്കാരം ഉള്ള ഈ നാട്ടിൽ വിശുദ്ധ കുർബാന നാവിൽ തന്നെ സ്വീകരിക്കണം എന്ന് പറയുന്നവർ വിവരമില്ലാത്തവർ ആണെന്ന് മുദ്ര അടിക്കപ്പെടും. ഈ നാളുകളിൽ കത്തോലിക്കാസഭയെ തകർക്കാനുള്ള വളരെ ബോധപൂർവമായ ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ആശയപരമായും സാമൂഹികമായും അതിന് കഴിയില്ല എന്ന് തിരിച്ചറിയുന്നവർ പല കുത്സിത ശ്രമങ്ങളും ഇതിനായി നടത്തുന്നുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ഹർജി, വിശുദ്ധ കുർബാന നാവിൽ കൊടുക്കുന്നത് നിരോധിക്കണമെന്ന ശുപാർശ, സമർപ്പിത ഭവനങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട് എന്ന പ്രചാരണം, ക്രിസ്തുവിൻറെ പൗരോഹിത്യത്തെ സംബന്ധിച്ച വിവാദം, ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന പ്രചാരണം തുടങ്ങിയവ സഭയ്ക്ക് ഉള്ളിൽ നിന്നും പുറത്തു നിന്നും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ ഒക്കെ മധുരത്തിൽ പൊതിഞ്ഞ വിഷമാണ്. പുറമേ നോക്കുമ്പോൾ വളരെ അത്യാവശ്യവും അനിവാര്യവുമായ കാര്യം. പക്ഷേ ഉള്ളിനുള്ളിൽ രഹസ്യ അജണ്ടകൾ നടപ്പിലാക്കപ്പെടുന്നത് നമ്മൾ തിരിച്ചറിയണം. അതിന് വിശ്വാസികളെ ഒരുക്കുക, വിശ്വാസികൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് പരിഹാരമാർഗ്ഗം.

സഭയുടെ കൂദാശകളെ ആക്രമിക്കുന്നത് പൗരോഹിത്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ്. വിശുദ്ധ കുർബാന കേവലമായ ഒരു പ്രാർത്ഥനയോ വിശുദ്ധ കുർബാന സ്വീകരണം ഒരു പ്രസാദം സ്വീകരിക്കലോ അല്ല. ക്രൈസ്തവ ജീവിതത്തിൻറെ കേന്ദ്രവും ജീവനുമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ ഭക്തിയാണ് ക്രൈസ്തവ ജീവിതത്തെ ഏറ്റവും മനോഹരമാകുന്നത്. വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നു എന്നത് ഭക്തിയുടെ കുറവുണ്ടാകുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. ന്യായ വാദങ്ങൾ പലതും ഉന്നയിക്കാം എന്നാൽ യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ നിലനിൽക്കും. കത്തോലിക്കാ സഭയുടെ ഏറ്റവും മനോഹരമായ മഹത്വം വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാന അതിൻറെ പവിത്രതയിൽ സൂക്ഷിക്കാൻ കഴിയുന്നിടത്തോളം കാലം സഭയെ തകർക്കാൻ ആർക്കുമാവില്ല. ഇത്തരം നിയമങ്ങളും നിർബന്ധങ്ങളും വരുമ്പോൾ തീരുമാനമെടുക്കേണ്ടത് നമ്മുടെ വൈദികർ തന്നെയാണ്.

എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും വിശുദ്ധ കുർബാന നാവിൽ തന്നെ കൊടുക്കുകയുള്ളൂ എന്ന ശക്തമായ ഒരു തീരുമാനമെടുക്കാൻ നമ്മുടെ വൈദികർ തയ്യാറാകണം. അത്തരം തീരുമാനങ്ങളുടെ പേരിൽ അവഹേളനങ്ങളും വേദനകളും കുറെ അനുഭവിക്കേണ്ടിവരും. തീർച്ചയായും അതിനുള്ള വിളി കൂടിയാണ് പൗരോഹിത്യം. ഞാൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലെ ഒരു തിരുവോസ്തി പോലും അവഹേളിക്കപ്പെടാന്‍ അനുവദിക്കില്ല എന്ന് ഓരോ വൈദികനും തീരുമാനമെടുക്കുക. നിർബന്ധപൂർവം പറയുക വിശുദ്ധ കുർബാന നാവിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്ന്. വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന, സഭയെ സ്നേഹിക്കുന്ന വിശ്വാസികളുടെ വലിയ കൂട്ടം തീർച്ചയായും കൂടെയുണ്ടാവും. അതോടൊപ്പം തന്നെ ഇതിനെ വിമർശിക്കുന്ന തൽപരകക്ഷികൾ ഉണ്ടാവുകയും ചെയ്യും. അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ബലിപീഠവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് പരിഹാരം.

ക്രിസ്തുവിൻറെ മുന്തിരിത്തോപ്പിൽ വേല ചെയ്യുവാൻ ഇറങ്ങി തിരിച്ചവരാണ് വൈദികർ. ക്രിസ്തുവിന് വേണ്ടി അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാൽ അഭിമാനത്തോടെ അത് സ്വീകരിക്കാൻ നമുക്കാകണം. വിശുദ്ധ കുർബാന ഇന്ന് കൈയ്യിൽ മാത്രമേ കൊടുക്കാവൂ എന്ന് നിർദ്ദേശിക്കുന്നവർ നാളെ വിശുദ്ധ കുർബാന കയ്യിൽ സ്വീകരിച്ചിട്ട് സമയം പോലെ ഉൾക്കൊണ്ടാൽ മതി ഇന്ന് പറയില്ലെന്ന് ആരു കണ്ടു. ഇത്തരം സാഹചര്യങ്ങളെ കേവലം ഒരു നിയമമായി മാത്രം കാണാതെ ഇതിന് പിന്നിൽ നടക്കുന്ന വ്യക്തമായ അജണ്ടയെ തിരിച്ചറിയുക. വിശുദ്ധ കൂദാശകളുടെ മഹത്വം കുറച്ചുകാണിച്ച് പതുക്കെ പതുക്കെ സഭയുമായുള്ള ബന്ധത്തിൽ നിന്ന് ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് വിശ്വാസസമൂഹത്തെ അകറ്റുക എന്ന അജണ്ടയാണ് നടപ്പാക്കുക. ഏറ്റവും വലിയ ഔഷധമായ വിശുദ്ധ കുർബാന രോഗാണുക്കളെ വഹിക്കുന്നു എന്ന് ആക്കിത്തീർക്കുന്നത് വഴി വിശുദ്ധ കുർബാനയുടെ മൂല്യത്തെ തകർക്കുകയാണ് ചെയ്യുന്നത്.

ഒരു അനുഭവം കൂടി പറഞ്ഞു കുറിപ്പ് അവസാനിപ്പിക്കാം. എൻറെ ഇടവകയിൽ ഒരു ക്യാൻസർ രോഗി ഉണ്ടായിരുന്നു. മിക്കവാറും അടുപ്പിച്ചടുപ്പിച്ച് വിശുദ്ധകുർബാന സ്വീകരിക്കണമെന്ന് പറയുമായിരുന്നു. തിരക്കുകൾക്കിടയിൽ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും എന്നും വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വീട്ടിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് അവർ എന്നോട് പറഞ്ഞു. “ഞാൻ കഴിക്കുന്ന മരുന്നുകളേക്കാൾ എൻറെ വേദന ശമിപ്പിക്കുന്നത് പ്രതീക്ഷ പകരുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണം ആണ്. വിശുദ്ധ കുർബാനയേക്കാൾ വലിയ മരുന്നില്ലെന്നു ഞാൻ മനസ്സിലാക്കിയതു കൊണ്ടാണ് എല്ലാദിവസവും വിശുദ്ധ കുർബാന വേണമെന്ന് ഞാൻ ആഗ്രഹിച്ചത്.” അതുകൊണ്ട് വിശുദ്ധ കുർബാനയെ നമുക്ക് കൂടുതൽ സ്നേഹിക്കാം. വിശുദ്ധ കുർബാനയുടെ പവിത്രത നഷ്ടപ്പെടുന്ന ഒന്നിനോടും സഹകരിക്കില്ലെന്ന് തീരുമാനമെടുക്കാം. സഭയിലെ വൈദികർ വിശുദ്ധ കുർബാന പവിത്രതയോടെ സൂക്ഷിക്കുന്ന കാര്യത്തിൽ ജാഗ്രത കാണിക്കട്ടെ. അതിനായി സഹിക്കേണ്ടി വന്നാൽ അവയെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപയ്ക്കായി സർവ്വശക്തനോട് പ്രാർത്ഥിക്കാം.

ഫാ. റോബിന്‍ പടിഞ്ഞാറെക്കുറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ