പനാമ യുവജനോത്സവത്തിനു മുന്നോടിയായി കുമ്പസാരക്കൂടൊരുക്കി തടവുകാര്‍

2019 ജനുവരിയില്‍ പനാമയില്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജനോത്സവത്തിനുള്ള കുമ്പസാരക്കൂടുകള്‍ പണിയാന്‍ പനാമയിലെ ജയില്‍പ്പുള്ളികള്‍. യുവജനോത്സവ വേദിയില്‍ യുവജനങ്ങള്‍ക്ക് സ്വസ്ഥമായി കുമ്പസാരിക്കാനുള്ള സൗകര്യം ഒരുക്കുന്നത് സ്ഥലത്തെ കേന്ദ്ര ജയിലിലെ മരപ്പണിക്കാരായ 35 തടവുകാരാണ്.

പനാമ നഗരത്തിലെ വിസ്തൃതവും മനോഹരവുമായ കാരുണ്യത്തിന്‍റെ പാര്‍ക്കില്‍ 250 കുമ്പസാരക്കൂടുകളാണ് അവര്‍ പണിതീര്‍ക്കുന്നത്. നവംബര്‍ 8-ന് ആരംഭിച്ച നിര്‍മ്മാണം 16-ന്  പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. കുമ്പസാരക്കൂടുകളുടെ നിര്‍മ്മാണംവഴി അവര്‍ക്ക് ജയിലില്‍ നിന്നുമുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം, നേരിട്ടല്ലെങ്കിലും ഇതുവഴി ലോക യുവജനോത്സവത്തിന്‍റെ ഭാഗമാകാനും സാധിച്ചതില്‍ തടവുകാര്‍ അതിയായ സന്തോഷത്തിലാണ്.

പനാമയിലെ ഇന്‍റീരിയര്‍ ഡിസൈനര്‍, ലിലിബെത് ബെന്നല്‍ രൂപകല്ന ചെയ്ത യുവജനങ്ങള്‍ക്കായുള്ള കുമ്പസാരക്കൂടുകള്‍ മേളയുടെ ഔദ്യോഗിക ചിഹ്നത്തിലെ വരയും വളവും നിറക്കൂട്ടും ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ അലങ്കരണമാണ്. യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കാനും അവര്‍ക്ക് ആത്മീയ ഉണര്‍വ്വുപകരാനും മറ്റു വൈദികര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസും കാരുണ്യോദ്യാനത്തില്‍ എത്തി അനുരഞ്ജനത്തിന്‍റെ കൂദാശ പരികര്‍മ്മം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന ലോക യുവജനോത്സവം തെക്കെ അമേരിക്കയിലെ പനാമ നഗരത്തില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് അരങ്ങേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ