ഐഎസ് ഭീകരരുടെ തടവില്‍ നിന്ന് രക്ഷപെട്ട യസീദി യുവതിക്ക് മദര്‍തെരേസ പുരസ്‌കാരം

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ എവിടെയായിരുന്നു എന്ന് ഓര്‍ക്കുമ്പോഴൊക്കെ ഒരു ഭയമായിരുന്നു, ഇറാഖില്‍ നിന്നുള്ള ലൈല ടാലോ ഖുദ്ര്‍ അലാളിയ്ക്ക്. അന്ന് ഭീകരരില്‍ നിന്ന് നേരിട്ട ദുരവസ്ഥ ലോകത്തു മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് അവളെടുത്ത തീരുമാനമാണ്, അതിനായി നടത്തിയ പ്രവര്‍ത്തനമാണ് മുംബൈയിലെ മദര്‍ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി അവളെ അര്‍ഹയാക്കിയത്.

വടക്കന്‍ ഇറാഖില്‍ നിന്നുള്ള ലൈലയെ സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നതിനിടയിലാണ് ഐഎസ് ഇറാഖില്‍ വേരുറപ്പിക്കുന്നതും ആക്രമണങ്ങള്‍ ആരംഭിക്കുന്നതും. യസീദി വിഭാഗത്തില്‍ പെട്ട ആളുകളുടെ നേരെയും ആക്രമണം തുടങ്ങി. ലൈലയുടെ കുടുംബത്തിലെ എട്ടുപേര്‍ ഒഴികെ മറ്റെല്ലാവരെയും തീവ്രവാദികള്‍ കൊന്നൊടുക്കി. ലൈലയെ അടിമയാക്കി. ഭര്‍ത്താവിനെയും മക്കളെയും മറ്റെവിടേയ്‌ക്കോ കൊണ്ടു പോയി. തടവില്‍ അവള്‍ ലൈംഗിക അടിമയാക്കപ്പെട്ടു. എട്ടു പേര്‍ക്ക് അവള്‍ മാറി മാറി വില്‍ക്കപ്പെട്ടു. ആ സമയങ്ങളില്‍ എങ്ങനെയും രക്ഷപെട്ടാല്‍ മതി എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത.

ഒടുവില്‍ രക്ഷപെട്ടപ്പോള്‍ അവള്‍ ഒന്ന് തീരുമാനിച്ചു. മറ്റൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്. അതിനായി സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളുടെ പുനരുദ്ധാരണത്തിനായി അവള്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ മദര്‍ തെരേസ അവാര്‍ഡിന് അവളെ അര്‍ഹയാക്കിയത്. മതത്തിനും വിശ്വാസത്തിനും അതീതമായി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മദര്‍ തെരേസ പുരസ്‌കാരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ