ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് അടുക്കുന്നു 

അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ വംശജനായ വൈദികന്‍ വിശുദ്ധ പദവിയോട് അടുക്കുന്നു. അഗസ്റ്റസ് ടോള്‍ട്ടന്‍ എന്ന വൈദികന്റെ ജീവിതം, സദ്ഗുണങ്ങള്‍, അദ്ദേഹത്തിന്റെ നാമത്തില്‍ നടന്ന അത്ഭുതങ്ങള്‍ എന്നിവ അടങ്ങിയ രേഖയ്ക്ക് ആറു പേര്‍ അടങ്ങുന്ന വത്തിക്കാന്‍ കമ്മിറ്റി ഈ ആഴ്ച അംഗീകാരം നല്‍കി.

ഈ അംഗീകാരം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള നല്ല സൂചനയാണ് എന്ന് വത്തിക്കാന്‍ നാമകരണ നടപടികള്‍ക്കായുള്ള രൂപതാ പോസ്റ്റുലേറ്റര്‍, ചിക്കാഗോയിലെ ബിഷപ്പ് ജോസഫ് എന്‍. പെറി അറിയിച്ചു. വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ നോക്കി ഭരിച്ചിരുന്ന കാലത്താണ് ഫാ. ടോള്‍ട്ടന്‍ ജീവിച്ചിരുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ ആളുകളെയും ദൈവാലയങ്ങളില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്കൊപ്പം അംഗീകരിക്കണം എന്ന ആശയം മുന്നോട്ടു വച്ചവരില്‍ ഒരാളായിരുന്നു ഫാ. ടോള്‍ട്ടന്‍. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ കത്തോലിക്കരുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായിരുന്നു ഫാ. ടോള്‍ട്ടന്‍.

1854 ഏപ്രില്‍ 1-ന് മിസോറാമില്‍ ജനിച്ച ജോണ്‍ അഗസ്റ്റീന്‍ ടോള്‍ട്ടണ്‍, അമ്മയോടും സഹോദരങ്ങളോടുമൊപ്പം 1862-ല്‍ അടിമത്തത്തില്‍ നിന്ന് രക്ഷപെട്ടു. അന്ന്, അമ്മ അദ്ദേഹത്തോട് പറഞ്ഞു’ മോനെ നമ്മള്‍ സ്വതന്ത്രരായിരിക്കുന്നു. ഒരിക്കലും ദൈവം നമുക്ക് ചെയ്ത നന്മകളെ മറക്കരുത്. ‘ തുടര്‍ന്ന് പഠനത്തില്‍ ഏര്‍പ്പെട്ട  ടോള്‍ട്ടന്‍  വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും അള്‍ത്താരബാലനായി സേവനം ചെയ്യുകയും ചെയ്തു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ടോള്‍ട്ടന്‍ റോമിലേക്ക് വൈദിക പഠനത്തിനായി പോയി. കാരണം, അദ്ദേഹത്തിന്റെ വംശം മൂലം അമേരിക്കന്‍ സെമിനാരിയില്‍ പഠിക്കുവാന്‍ അനുവാദം ലഭിച്ചിരുന്നില്ല.

വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം 1886 ല്‍ തിരിച്ചു നാട്ടിലെത്തി. അദ്ദേഹത്തെ കറുത്തവര്‍ഗ്ഗക്കാര്‍ രാജകീയമായ രീതിയില്‍ സ്വീകരിച്ചു. കറുത്തവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ടിച്ച അദ്ദേഹം അവര്‍ക്കായി ഒരു ഇടവക സ്ഥാപിച്ചു. 1897 ജൂലൈ ഒമ്പതിന് സൂര്യാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 43 വയസായിരുന്നു. 2011 ല്‍ അദ്ദേഹത്തെ ദൈവദാസനായി ഉയര്‍ത്തിയിരുന്നു. നാമകരണത്തിനുള്ള അടുത്ത ഘട്ടം 2019 ല്‍ ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

Leave a Reply