മദർ തേരാസായ്ക്ക് ഈശോയുടെ ദർശനം ഉണ്ടായിട്ടുണ്ടോ?

മിഷിനറീസ് ഓഫ് ചാരിറ്റി (Missionaries of Charity)യുടെ രൂപീകരണത്തിന് മുമ്പ് മദർ തേരേസായ്ക്ക് യേശുവിവിന്റെ ദർശനങ്ങളും വെളിപാടുണ്ടായിരുന്നു. മദർ തേരാസാ മരിക്കുന്നതു വരെ മദറിന്റെ ഈ ആത്മീയ രഹസ്യം ഭൂരിഭാഗം ആളുകൾക്കും അജ്ഞാതമായിരുന്നു.

മുപ്പതു വർഷം മദർ തേരേസായുടെ സുഹൃത്തും ,1984 ൽ സ്ഥാപിതമായ Missionaries of Charity വൈദീകനും മിഷനറീസ് ഓഫ് ചാരിറ്റിയുടെ Contemplative ബ്രദേഴ്സ് branch ന്റെ സഹസ്ഥാപകനുമായ ഫാ:സെബാസ്റ്റ്യൻ വാഴക്കാല, കാത്തലിക് ന്യൂസ് എജൻസിയോട് (CNA) മനസ്സു തുറക്കുന്നു.

മദറിന്റെ മരണത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷം നാമകരണ നടപടികൾ ആരംഭിച്ചപ്പോൾ, ഈ രേഖകൾ കൽക്കത്തായിലുള്ള ഈശോ സഭാ ആർക്കീവിസിലും, കൽക്കത്താ ബിഷപ്പ് ഹൗസിലും, മദർ തേരേസായുമായി വളരെ അടുപ്പമുണ്ടായിരുന്ന വൈദീകരിൽ നിന്നും ലഭിക്കുകയുണ്ടായി.

1946 സെപ്റ്റംബർ 10 മുതൽ 1947 ഡിസംബർ 3 വരെയുള്ള കാലയളവിൽ മദർ തേരേസായ്ക്ക് ഈശോയുടെ ദർശനം നിരന്തരം ഉണ്ടായിരുന്നതായി ഫാ:സെബാസ്റ്റ്യൻ പറയുന്നു.

മദർ ലോറോറ്റോ സഭാംഗമായി കൽക്കത്തയിലെ സെന്റ് മേരീസ് സ്കൂളിൽ പഠിപ്പിക്കുമ്പോഴാണ് ഈ ദർശനങ്ങൾ ഉണ്ടായത്.

ഒരു ദിവസം വി.കുർബാന സ്വീകരണത്തിനു ശേഷം ഈശോ മദറിനോട് പറഞ്ഞു, ” എന്റെ സ്നേഹത്തിനു ബലിയാകുവാൻ എനിക്ക് ഭാരത സന്യാസിനിമാരെ വേണം, അവർ മറിയത്തെയും മർത്തയെപ്പോലെയും എന്നോടു ഐക്യപ്പെട്ടിരിക്കുകയും ആത്മാക്കളോടുള്ള സ്നേഹം പ്രസരിപ്പിക്കുകയും ചെയ്യണം”.

ദിവ്യകാരുണ്യ ഈശോയുടെ ഇത്തരം സ്നേഹ നിർബദ്ധങ്ങളാണ് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസഭയുടെ പിറവിക്ക് നിദാനം.

“യേശുവുമായി നല്ല ഐക്യത്തിലായിരുന്നു മദർ, അതിനാൽ മദറിന്റെ സ്നേഹമായിരുന്നില്ല, മറിച്ച് യേശുവിന്റെ സ്നേഹം, മനുഷ്യ ഭാവങ്ങളിൽ മദറിലൂടെ പ്രസരിക്കുകയായിരുന്നു ” ഫാ: സെബാസ്റ്റ്യൻ ഓർമ്മപ്പെടുത്തുന്നു.

“ തന്റെ സന്യാസസഭയിൽ ഏതു രീതിയിലുള്ള സന്യാസിനിമാരാണ് വരേണ്ടത് എന്ന് മദർ ചോദിച്ചപ്പോൾ യേശു കൊടുത്ത മറുപടി ഇപ്രകാരമാണ് ” കുരിശിലെ ദാരിദ്രത്താൽ മൂടപ്പെട്ട സ്വതന്ത്രരായ സന്യാസിനികളെ ,കുരിശിലെ അനുസരണത്താൽ ആവരണം ചെയ്ത അനുസരണയുള്ള കന്യകാസ്ത്രീകളെ, കുരിശിലെ സ്നേഹത്താൽ മുദ്രിതരായ സ്നേഹം നിറഞ്ഞ സന്യാസിനിമാരെ എനിക്കു വേണം”.

മറ്റൊരിക്കൽ ഈശോ പറഞ്ഞു ”
പാവപ്പെട്ടവരിലേക്ക് എനിക്ക് തന്നെ പോകാൻ കഴിയില്ല, നീ എന്നെ അവരുടെ അടുത്തേക്ക് കൊണ്ടു പോകണം”.

സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഈ കാലയളവുകൾക്ക് ശേഷം 1949 മുതൽ ആത്മീയ ജീവിതത്തിന്റെ ഇരുണ്ട രാത്രികളിലൂടെയാണ് കാരുണ്യത്തിന്റെ മാലാഖ കടന്നു പോയത്. ആരംഭദശയിൽ തന്റെ പാപത്തിന്റയും, യോഗ്യതയില്ലായ്മയുടെയും ബലഹീനതകളുടെയും ഫലമാണ് ഈ ആത്മീയ വിരക്തി എന്നാണ് മദർ മനസ്സിലാക്കിയത്. എന്നാൽ മദറിന്റെ അത്മീയ നിയന്താവ് ഇവയെ കൽക്കട്ടയിലെ പാവപ്പെട്ടവരുടെ ദാരിദ്രത്തിൽ യേശുവിനു പങ്കുചേരാനുള്ള മറ്റാരു മാർഗ്ഗമായി മനസ്സിലാക്കി കൊടുത്തു.

മദറിന്റെ മരണം വരെ അരനൂറ്റാണ്ടു നീണ്ടു നിന്ന ഈ ആത്മീയ സഹനം മദറിൽ വലിയ വേദന ഉളവാക്കിയിരുന്നു. ഒരിക്കൽ മദർ പറഞ്ഞു ” എന്റെ ഈ അന്ധകാരവും, വിരസതയും മറ്റ് ആത്മാക്കൾക്ക് വെളിച്ചം പകരുന്നെങ്കിൽ ഇതു തുടരാൻ ഞാൻ സന്നദ്ധമാണ്. എന്റെ ജീവിതവും സഹനങ്ങളും സഹിക്കുന്ന ആത്മാക്കൾക്ക് രക്ഷാകാരണമാകുന്നെങ്കിൽ ലോകാരംഭം മുതൽ അവസാനം വരെ സഹിക്കാനും മരിക്കാനും ഞാൻ തയ്യാറാണ്”

കൽക്കട്ടയിലെ തെരുവോരങ്ങളിൽ പാവപ്പെട്ടവർക്കും രോഗികൾക്കും സ്നേഹത്തിന്റെ മാടപ്രാവായ മദറിന്റെ ആത്മീയ യാത്രയിലെ സഹനങ്ങൾ അധികം പേർക്കും അറിയില്ലായിരുന്നു.

മദർ തേരേസായുടെയും MC സഭയുടെയും ആപ്തവാക്യം കുരിശിലെ ഈശോയുടെ “എനിക്ക് ദാഹിക്കുന്നു ” എന്ന ആത്മ രോദനമാണ് . ഉപവിയുടെ സഹോദരി സഹോദരന്മാർ ആത്മാക്കളെ യേശുവിനു വേണ്ടി നേടി ദാഹം ശമിപ്പിക്കാൻ പ്രത്യേകമായി വിളിക്കപ്പെട്ടവരാണ്.  ഓരോ ശ്വാസവും, ഓരോ നോട്ടവും, ഓരോ പ്രവൃത്തിയും ദൈവസ്നേഹത്തിന്റെ പ്രവൃത്തിയായിരിക്കണം അതായിരുന്നു മദറിന്റെ അനുദിനമുള്ള പ്രാർത്ഥന. അതായിരുന്നു 87വയസ്സിൽ മരിക്കുന്നതുവരെ വിശ്രമമില്ലാതെ ശുശ്രൂഷ ചെയ്യാൻ മദറിനെ പ്രചോദിപ്പിച്ചത് .

കാരുണ്യത്തിന്റെ മാലാഖയ്ക്ക് ഈ ഭൂമിയിൽ വിശ്രമില്ലായിരുന്നു, സ്വർഗ്ഗത്തിലും അതു തുടരാനാണ് മദറിന്റെ ആഗ്രഹം. മദറിന്റെ വാക്കുകളിൽ നിന്നു തന്നെ അത് വ്യക്തമാണ് ” ഞാൻ മരിച്ച് ദൈവത്തിന്റെ ഭവനത്തിൽ ചെല്ലുമ്പോൾ കൂടുതൽ ആത്മാക്കളെ ദൈവത്തിങ്കലേക്ക് കൊണ്ടുവരും. ഞാൻ ഉറങ്ങാൻ വേണ്ടിയല്ല സ്വർഗ്ഗത്തിൽ പോകുന്നത് മറ്റൊരു രീതിയിൽ കഠിനമായി അധ്വാനിക്കാനാണ് .”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ