ബ്രസീലിലെ പാദ്രേ പിയോ

ബ്രസീലിലെ പാദ്രേ പിയോ എന്നറിയപ്പെടുന്ന കപ്പൂച്ചിൻ വൈദീകൻ അൽബേർട്ടോ എൻറികോ ബറേറ്റാ വി. ജിയന്നാ ബറേറ്റാ മോളയുടെ സഹോദരനാണു എന്നു എത്ര പേർക്കറിയാം.

ഇറ്റലിയിൽ ജീവിച്ചിരുന്ന കപ്പൂച്ചിൻ വൈദികൻ വി. പാദ്രേ പിയോയുടെ കീർത്തി ഭുവന പ്രസിദ്ധമാണ്. പിയോയുടെ കാലഘട്ടത്തു തന്നെ ജീവിച്ചിരുന്ന മറ്റോരു വിശുദ്ധനായ ഇറ്റാലിയൻ കപ്പൂച്ചിൻ വൈദികനാണു ഫാ: അൽബർട്ടോ. വിശുദ്ധയിൽ വിരിയിച്ചെടുത്ത ജീവിതം വഴി അനേകർക്കു ശാരീരികവും മാനസികവുമായ സൗഖ്യം നൽകി ആ എളിയ സന്യാസ വൈദികൻ രണ്ടു ഭൂഖണ്ഡങ്ങളിലായി ജീവിച്ചു.

ദൈവസ്നേഹവും സഹജീവികളോടുള്ള അനുകമ്പയും വിളങ്ങി ശോഭിച്ചിരുന്ന മിലാനിെലെ വിശുദ്ധമായ ഒരു കത്തോലിക്കാ കുടുംബത്തിൽ 1916 ൽ അൽബർട്ടോ എൻറികോ ബറേറ്റോ ഭൂജാതാനായി. തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ജീവത്യാഗം ചെയ്ത ഡോക്ടറും അമ്മയുമായ വി. ജിയന്ന മോള അൽബർട്ടോയുടെ സഹോദരി ആണ്.  വളരെ ശാന്ത പ്രകൃതക്കാരനായിരുന്ന അൽബർട്ടോ പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ഒരു മെഡിക്കൽ ഡോക്ടറാകുന്നതിൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ആരോഗ്യമേഖല തന്റെ വഴിയല്ലന്നു തിരിച്ചറിഞ്ഞ അൽബർട്ടോ കപ്പൂച്ചിൻ സഭയിൽ ചേർന്നു. ദരിദ്രർക്കു വേണ്ടി ശുശ്രൂഷ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. ബ്രസീൽ മിഷനിലെ ദാരിദ്യം അവിടെ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാരിൽ നിന്നു തിരിച്ചറിഞ്ഞ അൽബർട്ടോയുടെ ഉള്ളിൽ ബ്രസീൽ ഒരു ജ്വാലയായി നിലനിന്നു. പിതാവിന്റെ മരണ ദിവസം സ്വന്തം സഹോദരനോടു അൽബർട്ടോ പറഞ്ഞു: ” ഞാൻ ബ്രസീലിൽ ഒരു കപ്പൂച്ചൻ മിഷനറിയായും ഡോക്ടറില്ലാത്ത ഗ്രജുവായിൽ ഒരു ഡോക്ടറായും പോകുന്നു”,

1948 മാർച്ചുമാസം 13-ാം തീയതി ബറേറ്റോ വൈദീകനായി അഭിഷിക്തനാവുകയും അതികം വൈകാതെ തന്നെ ബ്രസീലിൽ മിഷനറിയായി അയക്കപ്പെടുകയും ചെയ്തു. 1950 ഒരു ആശുപത്രി പണിയാൻ ആരംഭിച്ചു 1957 ൽ പൂർത്തിയായി. ആശുപത്രിയിലെത്തുന്ന രോഗികളെ പരിചരിക്കുന്നതിലും അവർക്കു ശരിയായ ചികത്സ ലഭ്യമാക്കുന്നതിലും അൽബർട്ടോ സവിശേഷ ശ്രദ്ധ പുലത്തിയിരുന്നു.
വിശ്രമമില്ലാതെ 33 വർഷം ബ്രസീലിലെ ദരിദ്രരിൽ ദരിദ്രരായവരെ സേവിച്ച അൽബർട്ടോ അച്ചനു പക്ഷാഘാതം സംഭവിച്ചതിനാൽ ഇറ്റലിയിലേക്കു തിരിച്ചു പോകാൻ നിർബദ്ധിതനായി. ജീവിതത്തിലെ പിന്നിടുള്ള 20 വർഷങ്ങൾ ജന്മദേശത്താണ് അദ്ദേഹം ചിലവഴിച്ചത്. അവിടെ സുവിശേഷത്തിന്റെ ഒരു നിശബ്ദ സാക്ഷിയായി , സഹനങ്ങൾ ലോകം മുഴുവനുമുള്ള പാവങ്ങൾക്കു വേണ്ടി സമർപ്പിച്ചു ജീവിച്ചു.

2001 നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട ഫാ: അൽബർട്ടോയുടെ നാമകരണ നടപടികൾ 2008 ൽ ആരംഭിച്ചു. കത്തോലിക്കാ സഭയിൽ “ദൈവദാസൻ ” പദവിയിലേക്കു ഉയർത്തപ്പെട്ട അൽബർട്ടോ അച്ചന്റെ വിശുദ്ധ പദവിക്കായി ഇറ്റലിയും ബ്രസീലും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ