മെലാനിക്കു പ്രതീക്ഷയുടെ ചിറകേകിയ റോമാ യാത്ര 

ആ യാത്ര അവള്‍ക്കു നല്‍കിയത് പ്രതീക്ഷയുടെ നുറുങ്ങു വെളിച്ചമായിരുന്നു. ജീവിതത്തില്‍ നല്ലത് സംഭവിക്കുമെന്ന് അവള്‍ക്കു തോന്നിത്തുടങ്ങിയത് ഒരു റോമന്‍ തീര്‍ഥാടനത്തിലൂടെയാണ്. ഇതു മെലാനി മദീന എന്ന യുവതിയുടെ ജീവിതം..  

38 കാരിയായ മെലാനി മദീനയുടെ ജീവിതം തെരുവോരങ്ങളിലാ യിരുന്നു. തെരുവിലെ ജീവിതം അവളെ കടുത്ത മദ്യപാനത്തിനടിമയാക്കിയിരുന്നു. മദ്യപാനം തകര്‍ത്ത് തുടങ്ങിയ കുടുംബത്തില്‍, തന്റെ മാതാപിതാക്കളെ രാപ്പകല്‍ ശുശ്രൂഷിക്കുന്നതിനുള്ള ചുമതല അവള്‍ ചെറുപ്രായത്തിലെ ഏറ്റെടുക്കേണ്ടി വന്നു.

15 വയസുള്ളപ്പോള്‍ മദ്യത്തിനടിമയായ സഹോദരിക്കൊപ്പം താമസമാക്കിയ അവള്‍ പിന്നീടു ചില സംഘങ്ങളോടൊപ്പം ചുറ്റി തിരിയാനും തെറ്റായ ബന്ധങ്ങളിലേക്കു വഴുതി വീഴാനും തുടങ്ങി. തന്റെ 19 മത്തെ വയസില്‍ രണ്ടു കുട്ടികളുള്ള ഒരാള്‍ക്കൊപ്പം അവള്‍ ജീവിച്ചു തുടങ്ങി. അതിനുശേഷം മറ്റൊരു ബന്ധത്തില്‍  നിന്ന്  തന്റെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയ അവള്‍ കടുത്ത മദ്യപാനത്തിന് അടിമയായി മാറുകയായിരുന്നു .

തുടര്‍ന്ന് ആ ബന്ധത്തില്‍ നിന്നും വിട്ടു, തന്റെ പഴയ കാമുകന്റെ അടുത്തെത്തിയെങ്കിലും അയാളും അവളെ കൈവിട്ടു. ഒടുവില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. തെരുവിലെ ജീവിതത്തില്‍ അവള്‍ പല പ്രാവശ്യം പീഡനത്തിനിരയായി. നിരവധി മര്‍ദനങ്ങള്‍ ഏല്ക്കേണ്ടി വന്നു. അവളുടെ കാലിനു  ഗുരുതരമായ രോഗം ബാധിക്കുകയും നടക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു .

അസുഖം ഭേദമായി തുടങ്ങിയപ്പോള്‍ അവളും സുഹൃത്തായ ക്രിസ്റ്റഫെറും തെരുവില്‍ നിന്നു മാറുവാനും പുതിയൊരു ജീവിതം ആരംഭിക്കുവാനും തീരുമാനിച്ചു. ആ സമയത്താണ്  ഡെൻവർ ഹോംലെസ് മിനിസ്ട്രി റോമിലേക്ക്  പോകാൻ തിരഞ്ഞെടുത്തവരില്‍  മെലാനി ഉള്‍പ്പെടുന്നത്  .

അമിത മദ്യപാനവും വീടില്ലാത്ത അവസ്ഥയും മൂലം ദുരിതമനുഭവിച്ച മെലാനി മദീനയുടെ ജീവിതത്തിലേക്ക് നല്ലതു സംഭവിക്കും എന്ന പ്രതീക്ഷ പകര്‍ന്നത് അവള്‍ നടത്തിയ ഈ റോമന്‍ യാത്രയാണ്. തന്റെ 38 മത്തെ ജന്മദിനത്തില്‍ പുതിയൊരു ലോകം അവള്‍ക്കു മുന്നില്‍ തുറന്നു. ഫ്രാന്‍സിസ് പാപ്പയുടെ പൊതു ദര്‍ശന ദിവസം അദ്ധേഹത്തെ മുന്‍പന്തിയിലിരുന്നു കേള്‍ക്കുന്നതിനുള്ള ഭാഗ്യം അവള്‍ക്കു ലഭിച്ചു. അത് അവളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചു.

“നല്ലതു സംഭവിക്കും എന്ന് പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു ഞാന്‍. എനിക്കറിയാത്ത ആളുകളുടെ കൂടെയുള്ള യാത്രയെ കുറിച്ച് ആകുലതയായിരുന്നു എനിക്ക്. എന്നാല്‍ ഇവിടെ ഒരുപാട് വ്യക്തികളെ ഞാന്‍ കണ്ടു . ചരിത്രം മനസിലാക്കാന്‍ സാധിച്ചു . മാര്‍പാപ്പയെ കാണാന്‍ സാധിച്ചു.” മെലാനി പറഞ്ഞു.

“എല്ലാം ഒരു അനുഗ്രഹമാണ്, എല്ലാം മുമ്പത്തെ അവസ്ഥയെക്കാൾ തികച്ചും വ്യത്യസ്തമാണ്. ഇന്ന് ഞാന്‍ ഒരു പുതിയ വ്യക്തിയായി മാറിയിരിക്കുന്നു.” തന്റെ റോമന്‍ യാത്രയുടെ അവസാനത്തെ ദിവസം അവള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ പ്രതീക്ഷയോടെ ജീവിക്കുവാനുള്ള  ആഗ്രഹം പ്രകടമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ