സീറോ മലബാർ ഒക്ടോബർ 3 ലൂക്കാ 9: 1-6 ശ്രദ്ധ

“യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്.” ശിഷ്യർക്കുള്ള ഈശോയുടെ നിർദ്ദേശമാണ്. ഇത് ഈ ലോക ജീവിത യാത്ര തുടരുന്ന നമുക്കും ഉള്ള ആഹ്വാനമാണ്. ഈശോ അങ്ങനെയായിരുന്നു. ശിഷ്യരും അങ്ങനെതന്നെ ആയിരിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കാരണം, തന്റെ അതേ ദൗത്യംതന്നെയാണ് ഈശോ ശിഷ്യരെ ഏൽപ്പിക്കുന്നത്. യാത്രയ്ക്ക് ഒന്നും എടുക്കരുത് എന്ന് പറഞ്ഞാൽ അതിനർത്ഥം നമുക്ക് ആവശ്യമുള്ളതെല്ലാം അവിടുന്ന് ആവശ്യമായ സമയത്തു പ്രദാനം ചെയ്യും എന്നാണ്. നമ്മൾ ജീവിത യാത്ര ആരംഭിച്ചപ്പോൾ ‘വടിയോ, സഞ്ചിയോ, അപ്പമോ, പണമോ’ ഒന്നും കൈയിൽ ഇല്ലായിരുന്നു. പക്ഷേ ഇടയ്ക്ക് നമ്മൾ ഇതെല്ലാം സ്വന്തമാക്കുന്നു. ഒടുവിൽ എല്ലാം ഉപേക്ഷിച്ചു യാത്ര അവസാനിപ്പിക്കുന്നു. സ്വന്തമാക്കാനുള്ള പ്രവണത വന്നാൽ ആ സാധനങ്ങളിലായിരിക്കും പിന്നീട് നമ്മുടെ ശ്രദ്ധ. ദൈവരാജ്യവും സുവിശേഷം അറിയിക്കലും സ്നേഹത്താൽ പൂരിതമായ ശുശ്രുഷകളും എല്ലാം നമുക്ക് അന്യമാകും. അതുകൊണ്ടാകണം ഇത്തരമൊരു നിർദ്ദേശം ഈശോ എല്ലാക്കാലത്തും ഉള്ള ശിഷ്യർക്കായി നൽകുന്നത്. ഒരു ഓർമ്മപ്പെടുത്തൽ നല്ലതാണ് – ‘വടിയോ, സഞ്ചിയോ, അപ്പമോ, പണമോ’ ഇല്ലാതെ നമ്മൾ വന്നു, പിന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഒടുവിൽ ഒന്നും ഇല്ലാതെ യാത്രയാകുന്നു. ശ്രദ്ധ ജീവിതം കൊണ്ട് ചെയ്യാൻ പറ്റുന്ന നന്മകളിലാകട്ടെ. എവിടാണ് നമ്മുടെ ശ്രദ്ധ?

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

www.lifeday.in

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ