സെപ്റ്റംബര്‍ 1: 2 പത്രോ 2:4-10, മര്‍ക്കോ 8:11-21

2 പത്രോ 2:4-10 : ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്നും രക്ഷിക്കുന്നു

4 : പാപം ചെയ്ത ദൂതന്‍മാരെ ദൈവം വെ റുതേവിട്ടില്ല. വിധി ദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.  

5 : ദുഷ്ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടി അവിടുന്നു കാത്തുരക്ഷിച്ചു.  

6 : സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന് അവയിലെ ജനങ്ങളെ ശിക്ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്‍കി.  

7 : ദുഷ്ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്ഷിച്ചു. 

8 : അവരുടെ മധ്യേ ജീവിച്ച ആ നീതിമാന്‍ അവരുടെ ദുഷ്പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്തു. അത് അവന്റെ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.  

9 : ദൈവഭയമുള്ളവരെ പരീക്ഷകളില്‍നിന്ന് എങ്ങനെ രക്ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു-  

10 : പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.  

മര്‍ക്കോ 8:11-21 : ഫരിസേയരുടെ പുളിച്ച പുളിമാവിനെക്കുറിച്ചു ജാഗ്രത പുലർത്തുക

11 : ഫരിസേയര്‍ വന്ന് അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.  

12 : അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തല മുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല.  

13 : അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.  

14 : ശിഷ്യന്‍മാര്‍ അപ്പം എടുക്കാന്‍മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.  

15 : അവന്‍ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.  

16 : അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ് പരം പറഞ്ഞു.  

17 : ഇതു മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ?  

18 : കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?  

19 : അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു.  

20 : ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ്എന്ന് അവര്‍ മറുപടി പറഞ്ഞു.  

21 : അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ