
മെക്സിക്കോയിലെ ചരിത്ര പ്രസിദ്ധമായ മാലാഖമാരുടെ രാജ്ഞിയുടെ പള്ളി നഗരത്തെ വിറപ്പിച്ച ഭൂചലനത്തിൽ തകർന്നു. ശക്തമായ നിരവധി ഭൂചലനങ്ങളെ അതിജീവിച്ച പള്ളിയ്ക്കു പക്ഷെ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
ഭൂകമ്പത്തെത്തുടർന്നുണ്ടായ അപകടകരമായ വിള്ളലുകൾ മൂലം പള്ളിയുടെ താഴികക്കുടം തകർന്നു വീണു. പള്ളിയുടെ മേൽക്കൂരയിൽ നിന്നും കല്ലുകൾ താഴേക്കു വീണു പള്ളിയുടെ ഉള്ളിൽ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്.
ഭൂചലനത്തിൽ കത്തോലിക്കാ സഭയുടെ 150 ൽ പരം കെട്ടിടങ്ങൾ തകർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ പ്യൂബ്ല സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റ്ലസയിലെ പള്ളിയിൽ മാമ്മോദീസാ മദ്ധ്യേ പള്ളിയുടെ മേൽക്കൂര തകർന്നുവീണു ഒരു കുടുംബത്തിലെ 11 പേർ മരണമടഞ്ഞിരുന്നു.