മനുഷ്യക്കടത്തിനെതിരെ ആഞ്ഞടിച്ച് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി

അധികാരികളുടെ അതീവ ജാഗ്രതയും ശരിയായ നീതിനിർവ്വഹണവും ഉണ്ടെങ്കിൽ മാത്രമേ സമൂഹത്തെ ഇപ്പോൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന മനുഷ്യക്കടത്ത് എന്ന തിന്മ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്ന് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി പോൾ റിച്ചാർഡ് ഗലാഗെർ.

നിർബന്ധിത സേവനം, ആധുനിക അടിമത്തം, മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ച് ചർച്ചചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ആർച്ച്ബിഷപ്പ് ഗലാഗെർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയാനും അതിന് ഇരയായിട്ടുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും തീക്ഷ്ണ പരിശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഓർമ്മിക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളായതിനാൽ അപരിചിതരുമായി പങ്കുവയ്ക്കാൻ മനുഷ്യക്കടത്തിന് ഇരയായവർ തയാറാകണമെന്നില്ല. മനുഷ്യക്കടത്തിന് ഇരയായിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാനും പുതിയ ജീവിതമാർഗമൊരുക്കാനും ആവശ്യമായ പലതും സഭയുടെ നേതൃത്വത്തിൽ ഒരുക്കി നൽകുന്നുണ്ട്.” ആർച്ച്ബിഷപ്പ് ഗലാഗെർ പറഞ്ഞു.

മനുഷ്യക്കടത്ത് എന്ന തിന്മയെ അത്യന്തം ഹീനമായാണ് ഫ്രാൻസിസ് മാർപ്പാപ്പ കാണുന്നതെന്നും വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതുപോലെ മനുഷ്യരെയും കച്ചവടവസ്തുവാക്കുന്നത് ഭയാനകമാണെന്ന് മാർപ്പാപ്പ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആർച്ച്ബിഷപ്പ് ഗലാഗെർ ഓർമ്മിച്ചു. സഭയും രാഷ്ട്രങ്ങളും മറ്റ് സംഘടനകളും ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഈ തിന്മ സമൂഹത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നും ആർച്ച്ബിഷപ്പ് ഗലാഗെർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ