മഞ്ഞകള്‍ക്ക് എന്ത് മാധ്യമധര്‍മ്മം?

“ഞങ്ങള്‍ നിങ്ങളെ ‘മഞ്ഞ’ എന്നു വിളിക്കുന്നതിന്റെ കാരണം നിങ്ങൾ മഞ്ഞ ആയതുകൊണ്ടാണ്.” – ന്യൂയോര്‍ക്ക് പ്രസ്സ്  

ജര്‍മ്മനിയിലുള്ള മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സബ് ജയിലില്‍ പോയി എന്ന സംഭവിക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാള വാര്‍ത്താചാനലുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള നിരവധി കുറിപ്പുകള്‍ കണ്ടു. സത്യത്തില്‍ ആ ചാനലുകളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്ന കാര്യം തുടരുന്നു എന്നുമാത്രം. അധര്‍മ്മത്തെ ധര്‍മ്മമെന്നും, അസത്യത്തെ സത്യമെന്നും വ്യാഖ്യാനിച്ച് വിജയിപ്പിക്കുന്ന അവരുടെ സ്ഥിരംശൈലി. അതുകൊണ്ട് തന്നെ കേരളത്തിലെ വാര്‍ത്താചാനലുകള്‍ തുടര്‍ന്നു പോരുന്ന മാധ്യമ ‘അ’ധാര്‍മ്മികശൈലിയെക്കുറിച്ച് എല്ലാവരും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ജേര്‍ണലിസത്തിന്റെ ചരിത്രത്തില്‍ ഇത്തരം ശൈലിയെ വിളിക്കുന്നത് ‘യെല്ലോ ജേര്‍ണലിസം’ എന്നാണ്.

മഞ്ഞപ്പത്രം (Yellow Journalism – യെല്ലോ ജേര്‍ണലിസം) എന്ന പദപ്രയോഗം തുടങ്ങുന്നത് 1890 -കളുടെ മദ്ധ്യത്തിലാണ്. ജോസഫ് പുലിസ്റ്ററിന്റെ ‘ന്യൂയോര്‍ക്ക് വേള്‍ഡും’ വില്യം റാന്‍ഡോള്‍ഫ് ഹീസ്റ്റിന്റെ ‘ന്യൂയോര്‍ക്ക് ജേര്‍ണലും’ തമ്മിലുള്ള മത്സരത്തിന്റെ ഭാഗവും ഫലവുമാണ് യെല്ലോ ജേര്‍ണലിസം. വായനക്കാരെ കൂട്ടുന്നതിന്റെ മാര്‍ഗ്ഗമായി സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന രീതിയാണിത്. ഒപ്പം ലാഭം ഉണ്ടാക്കാന്‍ എന്തു വാര്‍ത്തയും നല്‍കുന്ന ശൈലിയും.

‘യെല്ലോ കിഡ്’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തില്‍ നിന്നാണ് യെല്ലോ ജേര്‍ണലിസം എന്ന പദം ഉണ്ടാകുന്നത്. മേല്‍പ്പറഞ്ഞ രണ്ട് പത്രങ്ങളും ഒരേസമയം പ്രസിദ്ധീകരിച്ചിരുന്ന കാര്‍ട്ടൂണായിരുന്നു അത്. യെല്ലോ  കിഡിന്റെ ചരിത്രത്തെക്കുറിച്ച് എഴുതാന്‍ സ്ഥലമേറെ വേണ്ടതിനാല്‍ അതിനിവിടെ മുതിരുന്നില്ല.

പ്രസിദ്ധ അമേരിക്കന്‍ ചരിത്രകാരനും ജേര്‍ണലിസ്റ്റുമായ ഫ്രാങ്ക് ലൂഥര്‍ മോട്ട് (1886-1964) യെല്ലോ ജേര്‍ണലിസത്തിന്റെ പ്രത്യേകതയായി പറയുന്നത് 5 കാര്യങ്ങളാണ്.

1) ചെറിയ വാര്‍ത്തകളെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു.

2) ഫോട്ടോകള്‍ക്ക് നല്‍കുന്ന വലിയ പ്രാധാന്യം. ഭാവനാസമ്പന്നമായ ചിത്രങ്ങള്‍.

3) വ്യാജ ഇന്റര്‍വ്യൂകള്‍, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍, വ്യാജ വിദഗ്ദരെക്കൊണ്ട് സത്യസന്ധമെന്ന് തോന്നിപ്പിക്കുന്ന അഭിപ്രായം പറയിപ്പിക്കല്‍.

4) ഫുള്‍കളര്‍ ഞായറാഴ്ച്ച പതിപ്പുകള്‍, കാര്‍ട്ടൂണിന് പ്രാധാന്യം.

5) അംഗീകൃത സംവിധാനങ്ങള്‍ക്കെതിരെ പോരാടുന്നവരോടുള്ള (underdog) നാടകീയ സഹതാപം.

ഇതില്‍ നാലാമത്തെ കാര്യമൊഴിച്ച് ബാക്കിയെല്ലാം കേരളത്തിലെ മിക്ക വാര്‍ത്താചാനലുകളുടെ ഇപ്പോഴത്തെ നിലപാടുകളിലും നിലവാരത്തിലും സത്യമാണ്. ചില ഓണ്‍ലൈന്‍ പത്രങ്ങളെപ്പറ്റി പറയേണ്ട കാര്യമില്ല.

ജര്‍മ്മനിയില്‍ ആയിരിക്കുന്ന പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാലാ സബ്ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയെന്ന വ്യാജവാര്‍ത്ത ബ്രേക്കിംഗ് ന്യൂസായും, സ്‌ക്‌റോള്‍ ന്യൂസായും കാണിച്ചു. അതില്‍ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും എല്ലാം ഉള്‍പ്പെടും.  ഇവരുടെ മാധ്യമ ധാര്‍മ്മികത എന്താണ്? കുറേക്കാലമായി കേരളത്തിലെ മാധ്യമങ്ങളെല്ലാം ക്രിസ്ത്യൻ സഭകളെ ധാർമികത പഠിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.. ജയിലില്‍ കല്ലറങ്ങാട്ട് പിതാവ് പോയെന്ന് മാത്രമല്ല, ജയിലില്‍ വച്ച് അദ്ദേഹം സംസാരിച്ച കാര്യങ്ങള്‍ വരെ പുറത്തുവിട്ടു ഒരു ഓണ്‍ലൈന്‍ മാധ്യമം! നോക്കണേ, അസത്യത്തിന്റെ അങ്ങേയറ്റവും കടന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാധ്യമങ്ങള്‍ ഇന്നലെ എഴുതിക്കാണിച്ച കാര്യങ്ങള്‍ ശരിയാവാം! ചില വിശുദ്ധരുടെ ജീവിതത്തില്‍ ‘bi-location’ എന്നൊരു കാര്യം സംഭവിക്കുന്നുണ്ട്. എന്നുവച്ചാല്‍ ഒരേസമയം ഒരാള്‍ രണ്ട് സ്ഥലത്ത് കാണപ്പെടുന്ന പ്രതിഭാസം. സാധാരണ അത്തരം സംഭവങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് കത്തോലിക്കാ സഭയാണ്. സഭയുടെ പല തീരുമാനങ്ങളും നടപ്പിലാക്കേണ്ടത് തങ്ങളുടെ ഏറ്റവും പ്രധാന ദൗത്യമായി കരുതുന്ന കേരളത്തിലെ മാധ്യമങ്ങള്‍ അത് ചെയ്തു എന്ന് വിചാരിച്ചാല്‍ മതി. ‘മഞ്ഞകള്‍ക്ക് എന്ത് മാധ്യമധര്‍മ്മം’!

അവര്‍ സ്ഥിരം അനുവര്‍ത്തിക്കുന്ന ഒരു രീതി തുടരുക മാത്രമാണ് കല്ലറങ്ങാട്ട് പിതാവിനെ സബ് ജയിലില്‍ വച്ചു കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചത്. അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അതിലില്ല. ഒരു പുതിയ അജണ്ടയോ കല്ലറങ്ങാട്ട് പിതാവിനെ കുടുക്കാനുള്ള ശ്രമമോ ഒന്നും അതിലില്ല. സത്യമായിട്ടും അതിലില്ല!

ചരിത്രത്തില്‍ ‘യെല്ലോ ജേര്‍ണലിസ’ത്തിന്റെ കാലഘട്ടം എന്ന് പറയുന്നത് 1895 മുതല്‍ 1898 വരെയാണ്. കേരളത്തില്‍ അതിനെ അടയാളപ്പെടുത്താന്‍ അധികം ബുദ്ധിമുട്ടില്ല. എന്നാരംഭിച്ചു എന്നുമാത്രം അന്വേഷിച്ചാല്‍ മതി. ഇപ്പോഴും അത് തുടരുകയാണല്ലോ! കേരളത്തിലെ എല്ലാ വാര്‍ത്താചാനലുകളെയും ‘യെല്ലോ’ എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. പകരം ഒരു ഉദ്ധരണി ശ്രദ്ധയില്‍പ്പെടുത്താം. 1898 ല്‍ ഒരു ഇംഗ്ലീഷ് മാഗസിന്‍ എഴുതിയതാണ്. “ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന എല്ലാ മഞ്ഞ ജേര്‍ണലിസവും അമേരിക്കന്‍ ആണെങ്കിലും എല്ലാ അമേരിക്കന്‍ ജേര്‍ണലിസവും മഞ്ഞയല്ല” (All American journalism is not ‘yellow’, though all strictly ‘up-to-date’ yellow journalism is American). അതുതന്നെയാണ് മേല്‍പ്പറഞ്ഞതിന്റെ ഉത്തരവും.

‘മഞ്ഞപ്പത്രം,’ ‘മഞ്ഞജേര്‍ണലിസം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് എര്‍വിന്‍ വാര്‍ഡ്മാന്‍ എന്ന ന്യൂയോര്‍ക്ക് പ്രസ്സ്-ന്റെ എഡിറ്ററാണ്. അദ്ദേഹം ഈ പദം ഉപയോഗിക്കും മുമ്പേ ആ പദവും പ്രയോഗവും നിലനിന്നിരുന്നു എന്ന വാദവുമുണ്ട്. എന്തായാലും ‘ന്യൂയോര്‍ക്ക് വേള്‍ഡ്’നെയും ‘ന്യൂയോര്‍ക്ക് ജേര്‍ണല്‍’ നെയും മഞ്ഞ എന്ന് വിളിക്കാനുള്ള കാരണം ‘ന്യൂയോര്‍ക്ക് പ്രസ്സ്’ 1898 ല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ‘We called them Yellow because they are Yellow’ – ‘ഞങ്ങള്‍ അവരെ മഞ്ഞ എന്നു വിളിക്കുന്നതിന്റെ കാരണം അവര്‍ മഞ്ഞ ആയതുകൊണ്ടു തന്നെ’.

ഇവിടെയും അതു തന്നെയാണ് പറയാനുള്ളത് – “ഞങ്ങള്‍ നിങ്ങളെ മഞ്ഞ എന്നു വിളിക്കുന്നതിന്റെ കാരണം നിങ്ങൾ മഞ്ഞ ആയതുകൊണ്ടാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ